ഡൽഹി കലാപം; ആദ്യ കുറ്റപത്രം ഷാരുഖ് പഠാനെതിരെ

വടക്കു കിഴക്കൻ ഡൽഹിയിൽ നടന്ന കലാപവുമായി ബന്ധപ്പെട്ട് ആദ്യ കുറ്റപത്രം സമർപ്പിച്ചു. ജാഫറാബാദിൽ പൊലീസിനും ജനക്കൂട്ടത്തിനും നേരെ വെടിവയ്പ്പ് നടത്തിയെന്ന കുറ്റത്തിന് അറസ്റ്റ് ചെയ്ത ഷാരുഖ് പഠാനെതിരെയാണ് ഡൽഹി പൊലീസ് കർകർദൂമ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
350 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചിരിക്കുന്നത്. വധശ്രമം, കലാപമുണ്ടാക്കൽ, സർക്കാർ ഉദ്യോഗസ്ഥനെ ആക്രമിക്കൽ, സർക്കാർ ഉദ്യോസ്ഥന്റെ ജോലി തടസപ്പെടുത്തൽ എന്നീ കുറ്റങ്ങളാണ് ഷാരുഖിനെതിരേ ചുമത്തിയിരിക്കുന്നത്. കുറ്റക്കാരനെന്നു കോടതി കണ്ടെത്തിയാൽ ഷാരുഖ് പഠാന് പത്തുവർഷം വരെ തടവ് ശിക്ഷ ലഭിക്കും. ഇന്ത്യൻ ശിക്ഷ നിയമത്തിലെ വിവിധ വകുപ്പുകളും ആയുധ നിയമത്തിലെ വകുപ്പുകളും ഇയാൾക്കെതിരേ ചുമത്തിയിട്ടുണ്ട്.
കലാപവുമായി ബന്ധപ്പെട്ട് പൊലീസ് ആദ്യം അറസ്റ്റ് ചെയ്യുന്നത് ഷാരുഖ് പഠാനെയാണ്. ഉത്തർപ്രദേശിലെ ഷാംലി ജില്ലയിൽ നിന്നും മാർച്ച് മൂന്നിനായിരുന്നു ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഡൽഹി പൊലീസ് കോൺസ്റ്റബിൾ ദീപക് ദഹിയയ്ക്കെതിരേ ഷാരുഖ് തോക്ക് ചൂണ്ടി നിൽക്കുന്നതിന്റെ ചിത്രം വാർത്താ മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ചിരുന്നു.
ഷാരുഖിനെ അറസ്റ്റ് ചെയ്യുമ്പോൾ ഇയാളുടെ പക്കൽ നിന്നും 7.65 എംഎം പിസ്റ്റളും രണ്ട് വെടിയുണ്ടകളും പൊലീസ് കണ്ടെത്തിയിരുന്നു. ഷാരുഖ് പഠാന് ഒളിവിൽ പാർക്കാൻ സൗകര്യം ചെയ്തുകൊടുത്തെന്ന കുറ്റത്തിന് കരിം അഹമ്മദ്, ഇഷ്തിയാക് എന്നിവർക്കെതിരേയും പൊലീസ് കേസ് എടുത്തിട്ടുണ്ട്.
Story highlight: Delhi violence, First charge sheet against Shah Rukh Pathan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here