പാചകവാതക വില 160 രൂപ കുറഞ്ഞു

പാചകവാതക വിലയിൽ വൻകുറവ്. മൂന്നാമത്തെ പ്രാവശ്യമാണ് ഇത്തരത്തിൽ പാചകവാതക വിലയിൽ കുറവ് വരുന്നത്. 162.50 രൂപയാണ് രാജ്യതലസ്ഥാനമായ ഡൽഹിയിൽ സിലിണ്ടറിന്റെ വിലയിൽ വ്യത്യാസം വരുത്തിയിരിക്കുന്നത്. കുത്തനെ കൂടിയിരുന്ന പാചകവാതക വിലയിൽ വലിയ രീതിയിൽ താഴ്ച വന്നിരിക്കുന്നത് ഈ രണ്ട് മാസത്തിന് ഇടയിലാണ്. ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില ഇടിഞ്ഞതാണ് കാരണം.
14.2 കിലോ ഭാരമുള്ള സബ്സിഡിയില്ലാത്ത സിലിണ്ടർ വില ഡൽഹിയിൽ 744 രൂപയിൽ നിന്ന് 581.50 രൂപയായി കുറയും. ഡൽഹിയിലെ വിലയ്ക്ക് അനുസൃതമായി മറ്റ് സംസ്ഥാനങ്ങളിലും വിലക്കുറവ് വരും. രാജ്യത്തെ മറ്റ് പ്രമുഖ നഗരങ്ങളിലെ പുതുക്കിയ വില ഇങ്ങനെ, മുംബൈയിൽ 579 രൂപ, കൊൽക്കത്തയിൽ 584.50 രൂപ, ചെന്നൈയിൽ 569.50 രൂപ. കേരളത്തിലും ഇതിന് ആനുപാതികമായി വിലയിൽ മാറ്റം വരുന്നതാണ്. എല്ലാ മാസവും ആദ്യ ദിവസമാണ് പാചകവാതക വില പുതുക്കി നിശ്ചയിക്കുന്നത്. ഓയിൽ കമ്പനികൾക്കാണ് വില നിശ്ചയിക്കാനുള്ള അനുവാദം. കൊവിഡ് കാലത്തെ ലോക്ക് ഡൗണിൽ പൊതുജനത്തിന് ആശ്വാസമായാണ് പാചകവാതക വിലയിൽ കുറവ് വന്നിരിക്കുന്നത്.
Story highlights-gas cylinder price dropped 160 rupees
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here