കൊവിഡ് 19: യുഎഇയിൽ ഒരു മലയാളി കൂടി മരിച്ചു; യുഎസിൽ മരിച്ചത് വൈദികനും 8 വയസ്സുകാരനും ഉൾപ്പെടെ 3 മലയാളികൾ

കൊവിഡ് 19 വൈറസ് ബാധിച്ച് യുഎഇയിൽ ഒരു മലയാളി കൂടി മരിച്ചു. തൃശൂർ ചാവക്കാട് എടക്കഴിയൂര്‍ നാലാംകല്ല് കറുപ്പംവീട്ടില്‍ പള്ളത്ത് വീട്ടില്‍ മുഹമ്മദ് ഹനീഫ (63)യാണ് മരിച്ചത്. റാസല്‍ഖൈമയില്‍ വെച്ചായിരുന്നു മരണം. റാസല്‍ഖൈമയില്‍ കൊവിഡ് ബാധിച്ച് മരിക്കുന്ന രണ്ടാമത്തെ മലയാളിയാണ് ഇദ്ദേഹം.
റാസല്‍ഖൈമ അറേബ്യന്‍ ഇന്റര്‍നാഷനല്‍ കമ്പനിയില്‍ (എആര്‍സി) 22 വര്‍ഷമായി സൂപ്പര്‍വൈസർ ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം. വൈറസ് തുടര്‍ന്ന് റാസല്‍ഖൈമ സഖര്‍ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ വെള്ളിയാഴ്ച രാത്രിയായിരുന്നു മരണം. രണ്ട് മക്കളുണ്ട്. കുടുംബത്തോടൊപ്പം റാസല്‍ഖൈമയിലായിരുന്നു താമസം.
അതേ സമയം, യുഎസിൽ കൊവിഡ് ബാധിച്ച് മൂന്ന് മലയാളികൾ മരിച്ചു. എട്ടുവയസ്സുകാരനും വൈദികനും ഉൾപ്പെടെയുള്ളവരാണ് മരിച്ചത്. കുണ്ടറ സ്വദേശി ഗീവർഗീസ് എം. പണിക്കർ ഫാ. എം ജോൺ, പാല സ്വദേശി സുനീഷിന്റെ മകൻ അദ്വൈത് എന്നിവരാണ് മരണപ്പെട്ടത്. ഗീവർഗീസും ഫാദർ എം ജോണും ഫിലാഡല്‍ഫിയയിലും അദ്വൈത് ന്യൂയോർക്കിലും വെച്ചാണ് മരിച്ചത്. കൊട്ടാരക്കര സ്വദേശിയായ ഫാദർ ജോൺ മാർത്തോമ സഭാ വൈദികനാണ്.
നേരത്തെ കുവൈത്തിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന മലയാളി മരണപ്പെട്ടിരുന്നു. കോഴിക്കോട് മാങ്കാവ് സ്വദേശി മഹറൂഫ് മാളിയേക്കൽ ആണ് മരിച്ചത്. നാൽപത്തിനാല് വയസായിരുന്നു. കൊവിഡ് ബാധയെ തുടർന്ന് ജാബിർ ആശുപത്രിയിലെ തീവ്ര പരിചരണവിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഏപ്രിൽ 20നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സ്വന്തമായി കമ്പനി നടത്തിവരികയായിരുന്നു. ഭാര്യയും രണ്ടും മക്കളും അടങ്ങുന്ന കുടുംബം കുവൈത്തിലുണ്ട്.
Story Highlights: covid 4 malayalis died
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here