സിദാനെ പ്രകോപിപ്പിച്ചത് എങ്ങനെ; വർഷങ്ങൾക്കു ശേഷം തുറന്നു പറഞ്ഞ് മറ്റരാസി

2006 ലോകകപ്പിലെ ഏറ്റവും വേദനാജനകമായ ചിത്രമായിരുന്നു ഫ്രഞ്ച് സൂപ്പർ താരം സിനദിൻ സിദാൻ്റെ റെഡ് കാർഡ്. ഇറ്റാലിയൻ താരം മാർക്കോ മറ്റരാസിയെ തലകൊണ്ട് ഇടിച്ചുവീഴ്ത്തി കാർഡ് ലഭിച്ച സിദാൻ ലോകകപ്പിന് അരികിലൂടെ തലതാഴ്ത്തി ഗ്രൗണ്ടിൽ നിന്ന് മടങ്ങുന്ന സിദാൻ്റെ ചിത്രം ഇനിയും ഫുട്ബോൾ ആരാധകരുടെ മനസ്സിൽ വേദനയായി നിൽക്കുകയാണ്. 14 വർഷങ്ങൾക്കു ശേഷം മറ്റരാസി തന്നെ അന്ന് സിദാനെ താൻ പ്രകോപിപ്പിച്ചത് എങ്ങനെയെന്ന് വിവരിക്കുകയാണ്.

Read Also: സിനദിൻ സിദാൻ വീണ്ടും റയൽ മാഡ്രിഡ് പരിശീലകൻ

“ഫ്രാൻസിനു വേണ്ടി സിദാൻ ആദ്യ ഗോൾ നേടിയതോടെ അദ്ദേഹത്തെ മാർക്ക് ചെയ്യേണ്ട ചുമതല എനിക്കായി. സഹതാരം ഗട്ടൂസോ എന്നെ നിരന്തരം ചീത്ത വിളിക്കുകയായിരുന്നു. മത്സരം പുരോഗമിക്കും തോറും സിദാനെ മാർക്ക് ചെയ്യാൻ ഞാൻ ബുദ്ധിമുട്ടി. ഞാൻ ക്ഷീണിതനായിരുന്നു. കിരീട പോരാട്ടത്തിൽ വിട്ടുകൊടുക്കാതിരിക്കാൻ ഞാൻ ശ്രമിച്ചു എങ്കിലും എനിക്ക് അദ്ദേഹത്തെ പിടിച്ചു കെട്ടാൻ കഴിഞ്ഞില്ല. ഒടുവിൽ 110 ആം മിനിട്ടിൽ ഞാൻ സിദാന്റെ ജേഴ്‌സിയിൽ കേറി പിടിച്ചു. അപ്പോൾ മത്സരം കഴിഞ്ഞാൽ ഊരിത്തരാം എന്ന് സിദാൻ പറഞ്ഞു. എനിക്ക് വേണ്ടത് നിന്റെ സഹോദരിയെയാണെന്ന് ഞാന്‍ തിരിച്ചടിച്ചു. അത് സിദാനെ പ്രകോപിതനാക്കി. എൻ്റെ പിന്നിൽ നിന്ന് രണ്ടടി അടിച്ച അദ്ദേഹം മുന്നിൽ വന്ന് തലകൊണ്ട് ഇടിച്ചുവീഴ്ത്തുകയായിരുന്നു. അതിനു ശേഷം എനിക്കെതിരെ സ്വന്തം ആരാധകർ പോലും രംഗത്തെത്തി. സിദാന് പിന്തുണയും ലഭിച്ചു. അന്ന് അദ്ദേഹം മുഴുവൻ സമയവും കളിച്ചിരുന്നെങ്കിൽ ഒരുപക്ഷേ, ഫ്രാൻസ് ഞങ്ങളെ തോല്പിച്ചേനെ. എനിക്ക് അന്നങ്ങനെ പറയാൻ തോന്നിയിരുന്നില്ലെങ്കിൽ ഒരു പക്ഷെ ഞങ്ങളുടെ ജേഴ്‌സിയിൽ മൂന്നുനക്ഷത്രങ്ങളെ ഉണ്ടാകുമായിരുന്നുള്ളൂ.”-ഇറ്റാലിയൻ മാധ്യമമായ പാഷനെ ഇന്ററിന് നൽകിയ അഭിമുഖത്തിൽ മറ്റരാസി പറയുന്നു.

Read Also: ബെയിലിനെ അപമാനിച്ചിട്ടില്ലെൻ സിദാൻ; ബയേണിനെതിരെ കളിക്കാതിരുന്നത് സ്വന്തം ഇഷ്ടപ്രകാരം

ഫ്രാൻസിനു വേണ്ടി അവസാനം കളിച്ച മത്സരത്തിലെ തൻ്റെ പെരുമാറ്റത്തിൻ്റെ പേരിൽ സിദാൻ ഖേദം പ്രകടിപ്പിച്ചിരുന്നു.

ലോകം കണ്ട ഏറ്റവും മികച്ച ഫുട്ബോളർമാരിൽ ഒരാളായ സിദാൻ യുവൻ്റസ്, റയൽ മാഡ്രിഡ് തുടങ്ങിയ ക്ലബുകളിൽ കളിച്ച താരമാണ്. ഫ്രാൻസിനു വേണ്ടി 108 മത്സരങ്ങൾ കളിച്ച സിദാൻ ഇപ്പോൾ റയൽ മാഡ്രിഡ് പരിശീലകനാണ്. ഇന്ത്യൻ സൂപ്പർ ലീഗിൽ ചെന്നൈയിൻ എഫ്സിയുടെ പരിശീലകനും കളിക്കാാരവുമായിരുന്ന മറ്റരാസി ഇറ്റലിക്ക് വേണ്ടി 41 മത്സരങ്ങളിൽ ജേഴ്സി അണിഞ്ഞിട്ടുണ്ട്. എവർട്ടൺ, ഇൻ്റർമിലാൻ തുടങ്ങി മികച്ച യൂറോപ്യൻ ക്ലബുകളിലും അദ്ദേഹം കളിച്ചിട്ടുണ്ട്.

Story Highlights: marco materazzi zinedine zidane

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top