സാധാരണ വില്പന 90 കോടിയുടെ മദ്യം; ഇന്നലെ മാത്രം വിറ്റത് 197 കോടിയുടെ മദ്യം: കർണാടകയിൽ സർവകാല റെക്കോർഡ്

liqour

ലോക്ക് ഡൗണിനു ശേഷം മദ്യ വില്പന പുനരാരംഭിച്ച കർണാടകയിൽ റെക്കോർഡ് വില്പന. 197 കോടി രൂപയുടെ മദ്യമാണ് മദ്യ ഷോപ്പുകൾ തുറന്നതിൻ്റെ പിറ്റേ ദിവസമായ ചൊവ്വാഴ്ച കർണാടകയിൽ വിറ്റഴിച്ചത്. സാധാരണ രീതിയിൽ 90 കോടി രൂപയുടെ മദ്യമാണ് ദിവസേന കർണാടകയിൽ വിൽക്കാറുള്ളത്. ഇതിൻ്റെ ഇരട്ടിയോളമാണ് ചൊവ്വാഴ്ചത്തെ കണക്ക്.

ഇതിനു മുൻപ് സംസ്ഥാനത്തെ ഒരു ദിവസത്തെ റെക്കോർഡ് മദ്യവില്പന 170 കോടിയായിരുന്നു. 2019 ഡിസംബർ 28ന് സ്ഥാപിക്കപ്പെട്ട ഈ റെക്കോർഡാണ് ഇന്നലെ തകർക്കപ്പെട്ടത്. മദ്യ ഷോപ്പുകൾ തുറന്നതിൻ്റെ ആദ്യ ദിനമായ തിങ്കളാഴ്ച 45 കോടി രൂപയുടെ മദ്യ വില്പന മാത്രമാണ് രേഖപ്പെടുത്തിയത്.

ചില ഷോപ്പുകളിൽ വൈകുന്നേരം ആയപ്പോഴേക്കും സ്റ്റോക്ക് തീർന്നു. വാനില സ്പിരിറ്റ് സോൺ എന്ന ഷോപ്പിൽ നിന്ന് ഒരാൾ 52841 രൂപയുടെ മദ്യം വാങ്ങിയ ബില്ല് നേരത്തെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു.

read also:ഛത്തീസ്​ഗഡിൽ ഓണ്‍ലൈന്‍ വഴി മദ്യവിൽപനയ്ക്കൊരുങ്ങി സർക്കാർ; വെബ് പോർട്ടൽ ആരംഭിച്ചു

ഡൽഹി, ആന്ധ്ര പ്രദേശ്, പശ്ചിമ ബംഗാൾ, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങൾ മദ്യത്തിൻ്റെ എക്സൈസ് തീരുവ വർധിപ്പിച്ചിരുന്നു. ഡൽഹി 70 ശതമാനവും ആന്ധ്ര പ്രദേശ് 75 ശതമാനവും പശ്ചിമ ബംഗാൾ 30 ശതമാനവും രാജസ്ഥാൻ 10 ശതമാനവുമാണ് തീരുവ വർധിപ്പിച്ചത്. ഛത്തീസ്ഗഡിൽ മദ്യം ഹോം ഡെലിവറി ചെയ്യാനായി പുതിയ ഒരു കമ്പനിക്ക് തന്നെ സർക്കാർ രൂപം നൽകി. പശ്ചിമ ബംഗാളും മദ്യം ഹോം ഡെലിവറി സംവിധാനം ആരംഭിച്ചു. പഞ്ചാബിലും ഇതേ സംവിധാനം ആരംഭിക്കാനുള്ള ചർച്ചകൾ നടക്കുകയാണ്.

Story highlights-liquor, record sale karnataka

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top