രാജ്യത്ത് റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകളിൽ പകുതിയിലേറെയും പ്രധാന നഗരങ്ങളിൽ

ഇന്ത്യയിൽ ഇതുവരെ റിപ്പോർട്ട് ചെയ്ത കൊവിഡ് 19 കേസുകളിൽ പകുതിയിലേറെയും രാജ്യത്തെ പ്രധാന നഗരങ്ങളിൽ. മുംബൈ, ഡൽഹി, അഹമ്മദാബാദ്, പൂനെ, ചെന്നെ, ഇൻഡോർ, താനെ, ജയ്പൂർ എന്നീ നഗരങ്ങളിലാണ് 56 ശതമാനം കേസുകളും റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

52,952 പേർക്കാണ് ഇന്ത്യയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതിൽ മുംബൈയിൽ മാത്രം റിപ്പോർട്ട് ചെയ്തത് 10,714 കേസുകളാണ്. മൊത്തം കേസുകളിൽ 20 ശതമാനമാണിത്. രാജ്യത്ത് കൊവിഡ് ഏറ്റവുമധികം പടർന്നു പിടിച്ചതും മുംബൈയിലാണ്. 412 പേരാണ് മുബൈയിൽ മാത്രം മരിച്ചത്. മഹാരാഷ്ട്രയിലാകെ റിപ്പോർട്ട് ചെയ്ത കേസുകൾ 16,578 ആണ്. സംസ്ഥാനത്തെയാകെ മരണസംഖ്യ 651 ആണ്.

കൊവിഡ് കേസുകളിൽ രണ്ടാം സ്ഥാനത്തുള്ള ഡൽഹിയിൽ 5,532 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 65 പേരാണ് രാജ്യതലസ്ഥാനത്ത് മരിച്ചത്. 11 ശതമാനം കേസുകളുള്ള ഡൽഹി കഴിഞ്ഞാൽ ഒമ്പത് ശതമാനം കേസുകൾ റിപ്പോർട്ട് ചെയ്ത അഹമ്മദാബാദാണ് മൂന്നാം സ്ഥാനത്ത്. ഗുജറാത്തിലാകെ 6,652 പേർക്ക് രോഗം പിടിപെട്ടപ്പോൾ അഹമ്മദാബാദിൽ മാത്രം 4,716 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 298 പേരാണ് ഇവിടെ മരിച്ചത്.

കൊവിഡ് കേസുകളുടെ എണ്ണത്തിൽ നാലാം സ്ഥാനം മഹാരാഷ്ട്രയിലെ പൂനെയാണ്. ആകെയുള്ള രോഗികളിൽ നാല് ശതമാനം ഇവിടെയാണ് 2,087 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 122 പേർ മരിക്കുകയും ചെയ്തു. ചെന്നൈയാണ് അഞ്ചാം സ്ഥാനത്ത്. രാജ്യത്താകെയുള്ള കേസുകളുടെ നാല് ശതമാനം രോഗികളാണ് ചെന്നൈയിൽ. തമിഴ്നാട്ടിൽ മൊത്തം റിപ്പോർട്ട് ചെയ്ത 4,829 രോഗികളിൽ 2,331 പേരും ചെന്നൈയിലാണ്. 22 പേരാണ് ഇവിടെ മരിച്ചത്.

മധ്യപ്രദേശിലെ ഇൻഡോറിലും മഹാരാഷ്ട്രയിലെ താനെയിലും രാജ്യത്തെ മൊത്തം രോഗികളിൽ മൂന്നു ശതമാനം വീതമുണ്ട്. ഇൻഡോറിൽ 1,681 പേരും താനെയിൽ 1,616 പേരുമാണ് കൊവിഡ് ബാധിതരായത് രാജസ്ഥാനിലെ ജയ്പൂരിൽ 1,099 ആണ് പോസിറ്റീവ് കേസുകളുടെ എണ്ണം. രാജ്യത്തെ മൊത്തം കേസുകളിൽ 2.5 ശതമാനം രോഗികൾ ജയ്പൂരിലാണ്.

Story highlight: In major cities, more than half of the reported covid cases are in the country

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top