ലോക്ക് ഡൗണിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥികളെ നാട്ടിലെത്തിക്കൽ; പ്രത്യേക ട്രെയിനിന് റെയിൽവേ മന്ത്രാലയത്തിന്റെ അനുമതി

ലോക്ക് ഡൗണിൽ മറ്റു സംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാൻ പ്രത്യേക ട്രെയിൻ. റെയിൽവേ മന്ത്രാലയമാണ് പ്രത്യേക ട്രെയിൻ സർവീസിന് അനുമതി നൽകിയത്. ആദ്യ ട്രെയിൻ സർവീസ് രാജ്യ തലസ്ഥാനമായ ഡൽഹിയിൽ നിന്നായിരിക്കും. ആഭ്യന്തര മന്ത്രാലയമാണ് ഇനി അപേക്ഷ പരിഗണിക്കേണ്ടത്. മന്ത്രാലയത്തിന്റെ അനുമതി കൂടി ആയാൽ ട്രെയിൻ സർവീസ് ആരംഭിക്കുന്നതാണ്. വിദ്യാർത്ഥികൾക്ക് മാത്രം വേണ്ടിയായിരിക്കും ഈ സർവീസ് എന്നും റെയിൽവേ മന്ത്രാലയം അറിയിച്ചു.
ലോക്ക്ഡൗണിൽ കുടുങ്ങിക്കിടക്കുന്ന മലയാളി വിദ്യാർത്ഥികളെ നാട്ടിൽ എത്തിക്കാൻ ഊർജിത ശ്രമം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നാല് സംസ്ഥാനങ്ങളായി 1200ഓളം മലയാളി വിദ്യാർത്ഥികൾ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവരെ കേരളത്തിലേക്കെത്തിക്കാൻ പ്രത്യേക ട്രെയിൻ സർവീസിന് റെയിൽവേയെ സമീപിക്കാൻ ഡൽഹി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടുവെന്നും മുഖ്യമന്ത്രി.
read also:ലോക്ക് ഡൗൺ ലംഘിച്ച് തമിഴ്നാട്ടിൽ മുസ്ലിങ്ങൾ കൂട്ടപ്രാർത്ഥന നടത്തിയോ?; വാർത്ത വ്യാജം
അഞ്ച് സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളെയാണ് മുഖ്യമായി നാട്ടിലെത്തിക്കാൻ ഉദ്ദേശിക്കുന്നത്. പഞ്ചാബ്, ജമ്മുകശ്മീർ, ചണ്ഡീഗഢ്, ഡൽഹി, രാജസ്ഥാൻ എന്നിവിടങ്ങളിലുള്ളവരെ ആദ്യമെത്തിക്കും. ഈ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളെ റോഡ് മാർഗം ഡൽഹിയിലെത്തിച്ച് അവിടെ നിന്ന് ട്രെയിനിൽ അയക്കും. 723 വിദ്യാർത്ഥികളാണ് ലോക്ക് ഡൗണിനെ തുടർന്ന് ഡൽഹിയിൽ കുടുങ്ങിക്കിടക്കുന്നത്. ഏറ്റവും കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നത് അവിടെയാണ്. പഞ്ചാബ്- 348, ഹരിയാന- 89, ഹിമാചൽ- 17 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കണക്കുകൾ. ഇവരെ ഡൽഹിയിലെത്തിക്കാൻ വാഹന സൗകര്യം ആവശ്യപ്പെട്ട് അവിടത്തെ മുഖ്യമന്ത്രിമാർ കത്തയച്ചതായും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ഡൽഹിയിൽ നിന്ന് ഇവരെ റെയിൽ മാർഗം നാട്ടിലെത്തിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇത് സംബന്ധിച്ച് കേന്ദ്ര സർക്കാരുമായി ആശയവിനിമയം നടത്തും.
Story highlights-malayali students, special train service, other states, railway ministry
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here