വിശാഖപട്ടണത്ത് ചോർന്ന വിഷവാതകം എന്ത് ? എത്രമാത്രം അപകടകരം ? [24 Explainer]

Styrene harmful effects 

വലിയൊരു ദുരന്തത്തിലേക്കാണ് ആന്ധപ്രദേശിലെ വിശാഖപട്ടണം നിവാസികൾ ഞെട്ടിയുണർന്നത്. കണ്ണിനും, തൊണ്ടയ്ക്കും അസ്വസ്ഥതകളും, ശ്വാസ തടസവും അനുഭവപ്പെട്ട്, സംഭവിക്കുന്നത് എന്തെന്ന് പോലും മനസിലായിരുന്നില്ല അവർക്ക്. പലരും രക്ഷപ്പെടാനുള്ള ഓട്ടത്തിനിടെ റോഡിൽ കുഴഞ്ഞു വീണു. പിന്നീടാണ് എൽജി ഗ്യാസ് പ്ലാന്റിൽ നിന്ന് സ്റ്റൈറിൻ എന്ന വാതകം ചോർന്നുവെന്ന വാർത്ത പുറത്തുവരുന്നത്. എട്ട് മരണമാണ് പ്രദേശത്ത് നിന്ന് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആയിരക്കണക്കിന് പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.

എന്താണ് സ്റ്റൈറിൻ എന്നും ഈ വിഷവാതകം നമ്മെ എങ്ങനെ ബാധിക്കുമെന്നും twentyfournews.com നോട് വിശദീകരിക്കുകയാണ് കുസാറ്റ് ഫയർ ആന്റ് സേഫ്റ്റി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ.വിആർ രഞ്ജിത്ത്.

എന്താണ് സ്റ്റൈറിൻ ?

Styrene harmful effects 

സ്‌റ്റൈറിൻ എന്നാൽ നിറമില്ലാത്ത (നിറം ചിലപ്പോൾ ഇളം മഞ്ഞ നിറത്തിലേക്കും മാറാം) വാതകമാണ്. പോളിസ്റ്റിറിൻ പ്ലാസ്റ്റിക്, പോളിസ്റ്റർ, പ്രൊട്ടക്ടീവ് കോട്ടിംഗ്, റെസിൻ, സിന്തറ്റിക്ക് റബർ എന്നിവ നിർമിക്കാൻ ഉപയോഗിക്കുന്ന രാസപദാർത്ഥമാണ് ഇത്.

എത്രമാത്രം അപകടകരം ?

വിഷവാതകമായ സ്റ്റൈറിൻ ശ്വസനത്തിലൂടെയോ, അന്നനാളത്തിലൂടെയോ ശരീരത്തിനകത്ത് പ്രവേശിച്ചാൽ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളാകും ഉണ്ടാവുക. എത്ര അളവ് സ്റ്റൈറിനാണ് ശരീരത്തിൽ പ്രവേശിച്ചത്, എത്ര നേരം സ്റ്റൈറിനുമായി സമ്പർക്കമുണ്ടായ തുടങ്ങിയ ഘടകങ്ങൾ വിലയിരുത്തിയാൽ മാത്രമേ നിലവിൽ വിശാഖപട്ടണത്തുണ്ടായ അപകടം എത്രമാത്രം ഗുരുതരമാണെന്ന് പറയാൻ സാധിക്കുവെന്ന് ഡോ. രഞ്ജിത്ത് twentyfournews.com നോട് പറഞ്ഞു.

Read Also : ആന്ധ്ര വിഷവാതക ദുരന്തം; മരണസംഖ്യ ഉയരുന്നു; ഗ്രാമവാസികൾ പുറത്തിറങ്ങരുതെന്ന് നിർദേശം

ആരോഗ്യത്തെ ബാധിക്കുന്നതെങ്ങനെ ?

സ്റ്റൈറിൻ ശ്വസിക്കുന്നതിന് പിന്നാലെ കണ്ണ്, മൂക്ക്, എന്നീ ഭാഗങ്ങളിൽ അസ്വസ്ഥതകൾ അനുഭവപ്പെടും. നെഞ്ച് വേദന, ചുമ, ശ്വാസ തടസം, മുഖവും ചുണ്ടും നീല നിറമാവുക, ഛർദി തുടങ്ങിയ ശാരീരികാസ്വാസ്ഥ്യങ്ങളും അനുഭവപ്പെടും. ശ്വാസകോശത്തിൽ ഫഌയിഡ് നിറയുന്ന അവസ്ഥയിലേക്കും ഇത് വഴിവയ്ക്കാം. സ്‌റ്റൈറിൻ സെൻട്രൽ നർവസ് സിസ്റ്റത്തെ ബാധിക്കുന്നതോടെ ബോധക്ഷയം സംഭവിക്കും. കരൾ, വൃക്ക എന്നീ അവയവങ്ങളെയും സ്റ്റൈറിൻ ബാധിക്കും.

ചർമവുമായി സ്റ്റൈറിന് സമ്പർക്കം വന്നാൽ ചൊറിച്ചിൽ, പൊള്ളൽ എന്നിവ അനുഭവപ്പെടും.

സ്‌റ്റൈറിൻ ക്യാൻസറിന് കാരണമോ ?

മൃഗങ്ങളിൽ നടത്തിയ പരീക്ഷണത്തിൽ സ്റ്റൈറിൻ ക്യാൻസറിന് കാരണമാകുമെന്നാണ് കണ്ടെത്തൽ. എന്നാൽ മനുഷ്യനിൽ സ്റ്റൈറിൻ ക്യാൻസറിന് കാരണമാകുമോ എന്നതിന് സ്ഥിരീകരണമില്ല. ഇത് സംബന്ധിച്ച പഠനങ്ങൾ നടക്കുന്നതേയുള്ളു.

പരിസ്ഥിതിയെ എങ്ങനെ ബാധിക്കും ?

സ്റ്റൈറിൻ പക്ഷി-മൃഗാദികൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നതിന് കാരണമാകും. സ്‌റ്റൈറിനുമായി സമ്പർക്കമുണ്ടായി രണ്ട് മുതൽ നാല് ദിവസത്തിനുള്ളിലാണ് ഇത് സംഭവിക്കുക. ചെടികളിലെ വളർച്ച കുറയ്ക്കുന്നതിനും സ്റ്റൈറിൻ കാരണമാകും.

Story Highlights- Styrene harmful effects

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top