കൊവിഡ് ബാധിച്ച് മരിച്ച പൊലീസ് ഉദ്യോ​ഗസ്ഥന്റെ മൂന്ന് വയസുകാരൻ മകനെ ഏറ്റെടുത്ത് ​ഗൗതം ​ഗാംഭീർ

കൊവിഡ് ബാധിച്ച് മരിച്ച ഡൽഹി പൊലീസിലെ കോൺസ്റ്റബിൾ അമിത് കുമാറിന്റെ മകനെ ഏറ്റെടുത്ത് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ലോക്സഭാ എംപിയുമായ ഗൗതം ഗംഭീർ. അമിത് കുമാറിന്റെ മൂന്നു വയസുകാരൻ മകന്റെ വിദ്യാഭ്യാസം ഉൾപ്പെടെയുള്ളവയുടെ ഉത്തരവാദിത്തം ഗൗതം ഗംഭീർ ഫൗണ്ടേഷൻ ഏറ്റെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

അമിതിന്റെ മരണത്തിൽ ഡൽഹിയിലെ ഭരണ സംവിധാനത്തിന് വീഴ്ചയുണ്ടായെന്നും ​ഗൗതം ആരോപിച്ചു. ഡൽഹിയാണ് അമിതിനെ തോൽപ്പിച്ചതെന്നും അദ്ദേഹത്തെ ജീവനോടെ തിരിച്ചെത്തിക്കാൻ നമുക്കിനി കഴിയില്ലെന്നും ​ഗൗതം ട്വീറ്റ് ചെയ്തു. എങ്കിലും അദ്ദേഹത്തിന്റെ മകനെ തന്റെ മകനേപ്പോലെ വളർത്തുമെന്ന് ഉറപ്പു നൽകുന്നുവെന്നും ഗംഭീർ വ്യക്തമാക്കി.

ഡൽഹിയിലെ രണ്ട് സർക്കാർ ആശുപത്രികളിൽ ചികിത്സ നിഷേധിക്കപ്പെട്ട അമിത് കുമാർ ചൊവ്വാഴ്ചയാണ് മരണത്തിനു കീഴടങ്ങിയത്. കൊറോണ വൈറസിന്റെ ലക്ഷണങ്ങൾ പ്രകടമാക്കി 24 മണിക്കൂറിനുള്ളിലായിരുന്നു മരണം. തിങ്കളാഴ്ച ജോലി കഴിഞ്ഞു മടങ്ങുമ്പോഴാണ് അമിത് കുമാർ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചത്. പിറ്റേന്നു രാവിലെ പനി മൂർച്ഛിച്ചു. ശ്വാസതടസമുണ്ടായതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ചികിത്സ ലഭിച്ചില്ലെന്നാണ് ആരോപണം. ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ടതോടെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

story highlights- corona virus, gautham gambhir

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top