നാല് പേർ കൂടി രോഗമുക്തരായി; കണ്ണൂരിൽ ആശങ്ക അകലുന്നു

കണ്ണൂരിൽ ആശങ്ക അകലുന്നു. കൊവിഡ് ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന നാല് പേർ കൂടി രോഗമുക്തരായി. നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം നൂറിൽ താഴെയായി. ജില്ലയിലെ ഹോട്ട് സ്പോട്ടുകളുടെ എണ്ണവും കുറഞ്ഞു.
അഞ്ചരക്കണ്ടി കൊവിഡ് ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന നാല് പേരാണ് വ്യാഴാഴ്ച ആശുപത്രി വിട്ടത്. കുന്നോത്തുപറമ്പ്, മൊകേരി, ചിറ്റാരിപ്പറമ്പ്, ചെറുവാഞ്ചേരി സ്വദേശികളാണിവർ. ഇതോടെ കണ്ണൂർ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച 118 പേരില്‍ 103 പേരുടെ രോഗം ഭേദമായി. 15 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.
Read Also: ആശ്വാസദിനം: സംസ്ഥാനത്ത് ഇന്ന് പുതിയ കൊവിഡ് കേസുകളില്ല; അഞ്ചുപേര്‍ രോഗമുക്തരായി
ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണവും ഗണ്യമായി കുറഞ്ഞു. 96 പേരാണ് നിലവിൽ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 53 പേർ ആശുപത്രികളിലും 43 പേർ വീടുകളിലുമാണുള്ളത്. 120 സാംപിളുകളുടെ ഫലം കൂടി ലഭിക്കാനുണ്ട്.
കണ്ണൂർ ജില്ലയിലെ ഹോട്ട് സ്പോട്ടുകളുടെ എണ്ണവും കുറഞ്ഞു. പതിമൂന്ന് തദ്ദേശ സ്ഥാപനങ്ങളെ ഹോട്ട് സ്പോട്ട് പട്ടികയിൽ നിന്ന് ഒഴിവാക്കി. നിലവിൽ ജില്ലയിൽ പത്ത് ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്. കുത്തുപറമ്പ് , പാനൂർ മുനിസിപ്പാലിറ്റികളും കതിരൂർ, കോട്ടയം മലബാർ, പാട്യം, മൊകേരി, കുന്നോത്ത്പറമ്പ്, പെരളശ്ശേരി, ഏഴോം, പാപ്പിനിശ്ശേരി പഞ്ചായത്തുകളുമാണ് നിലവിൽ ഹോട്ട് സ്പോട്ടുകൾ. എന്നാൽ കണ്ണൂർ ജില്ല ഇപ്പാഴും റെഡ് സോണിലായതിനാൽ കടുത്ത നിയന്ത്രണങ്ങൾ തുടരും.
Read Also: സംസ്ഥാനത്ത് ഹോട്ട്‌സ്‌പോട്ട് പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്ന പ്രദേശങ്ങള്‍
കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി സംസ്ഥാനത്ത് കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. 474 പേരാണ് ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടിയത്. 25 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.
Story Highlights: kannur coronavirus concerns fade away