മദ്യപിച്ചു ലക്കുകെട്ട് പാമ്പിനെ കടിച്ചു കൊന്ന യുവാവ് അറസ്റ്റിൽ

കർണാടകയിൽ മദ്യപിച്ച് ലക്കുകെട്ട് പാമ്പിനെ കടിച്ചു കൊന്ന യുവാവ് അറസ്റ്റിൽ. കോളാറിലെ മുൽഗാബഗൽ സ്വദേശിയായ കുമാറി (38) നെയാണ് വനം വകുപ്പ് അറസ്റ്റ് ചെയ്തത്. പാമ്പിനെ കടിച്ചു കൊല്ലുന്ന യുവാവിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണ് വനം വകുപ്പ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഇന്നലെ കർണാടകയിലെ കോളാറിലായിരുന്നു സംഭവം. മദ്യം വാങ്ങി അത് മുഴുവൻ കുടിച്ച് പൂസായി തിരികെ വന്ന യുവാവ് വഴിയിൽ കിടന്ന പാമ്പിനു മുകളിലൂടെ തൻ്റെ ടൂ വീലർ കയറ്റി ഇറക്കി. വേദന കൊണ്ടു പുളഞ്ഞ പാമ്പ് സ്വയരക്ഷക്കായി ഇയാളുടെ മുകളിലേക്ക് പാഞ്ഞുകയറി. പാമ്പിനെ കഴുത്തിൽ ചുറ്റി കുറച്ചു ദൂരം യാത്ര ചെയ്ത ഇയാൾ അല്പ സമയം കഴിഞ്ഞ് വണ്ടി നിർത്തി. പിന്നീടായിരുന്നു കൊല. ചെറിയ കഷണങ്ങളാക്കി യുവാവ് പാമ്പിനെ കടിച്ചുമുറിച്ച് കൊന്നു. “എൻ്റെ വഴി തടയാൻ മാത്രം നീ വളർന്നോടാ?” എന്ന് ചോദിച്ചു കൊണ്ടായിരുന്നു ഇയാളുടെ ആക്രമണം.
പാമ്പ് രാവിലെയും തൻ്റെ ഇരുചക്ര വാഹനത്തിനടിയിൽ പെട്ടിരുന്നു എന്നും അതുകൊണ്ട് തന്നെ അതിനോട് തനിക്ക് ദേഷ്യം ഉണ്ടായിരുന്നു എന്നും ടൈംസ് ഓഫ് ഇന്ത്യയോട് കുമാർ പ്രതികരിച്ചു. തനിക്ക് പ്രശ്നങ്ങൾ ഒന്നും ഇല്ലെന്നും ഇതുവരെ ഡോക്ടറെ കാണാൻ പോയില്ലെന്നും അയാൾ കൂട്ടിച്ചേർത്തു.
അതേ സമയം, ഇയാൾ കൊന്നത് ചേരപ്പാമ്പിനെയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
ലോക്ക് ഡൗണിനു ശേഷം മദ്യ വില്പന പുനരാരംഭിച്ച കർണാടകയിൽ റെക്കോർഡ് വില്പനയാണ് രേഖപ്പെടുത്തിയത്. 197 കോടി രൂപയുടെ മദ്യമാണ് മദ്യ ഷോപ്പുകൾ തുറന്നതിൻ്റെ പിറ്റേ ദിവസമായ ചൊവ്വാഴ്ച കർണാടകയിൽ വിറ്റഴിച്ചത്. സാധാരണ രീതിയിൽ 90 കോടി രൂപയുടെ മദ്യമാണ് ദിവസേന കർണാടകയിൽ വിൽക്കാറുള്ളത്. ഇതിൻ്റെ ഇരട്ടിയോളമാണ് ചൊവ്വാഴ്ചത്തെ കണക്ക്.
Story Highlights: karnataka snake bite youth arrest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here