ക്യൂ ഇല്ലാതെ മദ്യം വിൽപന; പുതിയ പദ്ധതിയുമായി ബെവ്‌കോ

bevco queue less liquor sale plan awaits nod

ക്യൂ ഇല്ലാതെ ബിവറേജസ് ഷോപ്പുകളിലൂടെ മദ്യം വിൽക്കാൻ പദ്ധതിയുമായി ബെവ്‌കോ. ഇതിനായി ആപ്പ് നിർമ്മിക്കണമെന്ന് ബിവറേജസ് കോർപറേഷൻ അറിയിച്ചു. പദ്ധതിക്ക് സർക്കാരിന്റെ അനുമതി തേടിയിട്ടുണ്ട്. സമയം മുൻകൂട്ടി നിശ്ചയിച്ച് ടോക്കണുകൾ മൊബൈൽ ആപ്ലിക്കേഷനിലൂടെ നൽകുന്നതാണ് പദ്ധതി.

ലോക്ക്ഡൗൺ പ്രഖ്യാപിച്ച് മദ്യശാലകൾ പൂട്ടിയതോടെ സർക്കാർ വരുമാനത്തിൽ വൻ ഇടിവ് സംഭവിച്ചിരുന്നു. എന്നാൽ മദ്യശാലകൾ തുറന്ന് പ്രവർത്തിക്കുന്നത് ആളുകൾ കൂട്ടമായി എത്തുന്നതിന് കാരണമാകുകയും രോഗവ്യാപനം ഉണ്ടാവുകയും ചെയ്യുമെന്നതിനാൽ മദ്യശാലകൾ അടഞ്ഞുതന്നെ കിടക്കുമെന്ന നിലപാട് സർക്കാർ എടുക്കുകയായിരുന്നു.

നേരത്തെ മദ്യശാലകൾ തുറക്കാൻ ഒരുങ്ങാൻ ജീവനക്കാർക്ക് ബിവറേജസ് കോർപറേഷൻ നിർദേശം നൽകിയിരുന്നു. സർക്കാർ തീരുമാനം വരുന്ന മുറക്ക് ഔട്ട്‌ലെറ്റുകൾ തുറക്കാൻ മുന്നൊരുക്കം നടത്താനാണ് നിർദേശം. ഇതിനായി എംഡി ഒൻപത് നിർദേശങ്ങൾ ജീവനക്കാർക്ക് അയച്ചിരുന്നു. ഇതിന് പിന്നാലെ മദ്യശാലകൾ തുറന്നേക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നെങ്കിലും മദ്യശാലകൾ ഉടൻ തുറക്കില്ലെന്ന് സർക്കാർ തീർത്ത് പറഞ്ഞു. മദ്യശാലകൾ തുറക്കുന്നത് സർക്കാരിന്റെ മുൻഗണനാ പരിഗണനയല്ലെന്ന് എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണനും മന്ത്രി കടകംപള്ളി സുരേന്ദ്രനും അറിയിച്ചു.

Read Also : മദ്യം ഓൺലൈനായി വിൽപന നടത്തുന്ന കാര്യം സംസ്ഥാനങ്ങൾക്ക് പരിഗണിക്കാം : സുപ്രിംകോടതി

ലോക്ക് ഡൗൺ തീരുന്നത് വരെ സംസ്ഥാനത്ത് മദ്യവിൽപന വേണ്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റും തീരുമാനമെടുത്തിരുന്നു. സാഹചര്യം പരിശോധിച്ച് ഈ മാസം 17ന് ശേഷം തീരുമാനമെടുക്കും. മദ്യനികുതി കൂട്ടുന്ന കാര്യവും പിന്നീട് ആലോചിച്ചാൽ മതിയെന്ന് യോഗത്തിൽ ധാരണയായിരുന്നു.

ലോക്ക് ഡൗണിൽ മദ്യശാലകൾ തുറന്നതോടെ വലിയ തിരക്ക് അനുഭവപ്പെടുന്നതിന്റെ പശ്ചാത്തലത്തിൽ ഇ ടോക്കൺ സംവിധാനം അവതരിപ്പിച്ചിരുന്നു ഡൽഹി സർക്കാർ. പഞ്ചാബ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലും സമാന രീതി ആവിഷ്‌കരിക്കാനൊരുങ്ങുകയാണ് ഭരണകൂടം. കേരളവും ഈ പാത തന്നെയാകും പിന്തുടരുകയെന്നാണ് റിപ്പോർട്ട്.

Story Highlights- bevco queue less liquor sale plan awaits nod

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top