ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ: രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

Operation Break Through: Phase two has begun

കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി ജില്ലാ ഭരണകൂടം നടപ്പാക്കുന്ന ഓപ്പറേഷന്‍ ബ്രേക്ക് ത്രൂവിന്റെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. നഗരത്തില്‍ വെള്ളക്കെട്ടിന് കാരണമാകുന്ന വിവിധ പ്രദേശങ്ങളിലെ ചെറുതോടുകളുടെയും കാനകളുടെയും നവീകരണവും നിര്‍മാണവും അടങ്ങിയ ഒന്നാംഘട്ടത്തിലെ 90 ശതമാനം പ്രവൃത്തികളും പൂര്‍ത്തിയാക്കിയാണ് രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്.

നഗരത്തിലെ പ്രധാനതോടുകള്‍ കേന്ദ്രീകരിച്ചാണ് രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍. നഗരത്തിലെ വെള്ളം പ്രധാന തോടുകളിലൂടെ കായലിലേക്ക് തടസമില്ലാതെ ഒഴുകുന്നതിനാണ് ഈ ഘട്ടത്തില്‍ ഊന്നല്‍ നല്‍കുന്നത്. ഇതിന്റെ ഭാഗമായി തേവര കായല്‍മുഖം, കോയിത്തറ കനാല്‍, ചിലവന്നൂര്‍ കായല്‍, ചിലവന്നൂര്‍ ബണ്ട് റോഡ്, കാരണകോടം തോട്, ചങ്ങാടംപോക്ക് തോട്, ഇടപ്പള്ളി തോട് എന്നിവയിലെ തടസങ്ങള്‍ നീക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

ഇടപ്പള്ളിതോടിലെ തടസങ്ങള്‍ മാറ്റുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞ ദിവസം ലുലു മാളിന് സമീപം തുടക്കമായി. ഇടപ്പള്ളിതോടിലെ പാലങ്ങള്‍ക്ക് കീഴിലുള്ള തടസങ്ങള്‍ നീക്കിയും ചെളിനീക്കം ചെയ്തും തോടിലെ ഒഴുക്ക് സുഗമമാക്കുന്നതിനുളള പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നത്.

മഴക്കാലത്തിന് മുന്നേ പ്രധാനതോടുകളിലെ തടസങ്ങള്‍ മാറ്റി കായലിലേക്കുള്ള ഒഴുക്ക് സുഗമമാക്കുന്നതിനാണ് ജില്ലാ ഭരണകൂടം പരിശ്രമിക്കുന്നത്. കൊവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ നഷ്ടമായ തൊഴില്‍ ദിനങ്ങള്‍ തിരികെ പിടിക്കുംവിധം യുദ്ധകാല അടിസ്ഥാനത്തിലാണ് രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ പുരോഗതി. റെയില്‍വേ ലൈനിന് കുറുകേയുള്ള കള്‍വര്‍ട്ടുകളിലെ തടസങ്ങള്‍ ജെറ്റിംഗ് മുഖേനെ നീക്കം ചെയ്യുന്ന പ്രവര്‍ത്തനങ്ങളും ഇതോടൊപ്പം പുരോഗമിക്കുന്നുണ്ട്. ജില്ലാ ദുരന്തനിവാരണ സമിതിയുടെ കീഴില്‍ വിവിധ  വകുപ്പുകളിലെ 11 എക്‌സി. എഞ്ചിനീയര്‍മാര്‍ ഉള്‍പ്പെടുന്ന സാങ്കേതിക സമിതിക്കാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല.

 

Story Highlights: Operation Break Through: Phase two has begun

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top