എംഎസ്എംഇകളുടെ പുനരുജ്ജീവനത്തിന് 3,434 കോടി രൂപയുടെ പ്രത്യേക പാക്കേജ്: മുഖ്യമന്ത്രി

സംസ്ഥാനത്തെ സൂക്ഷ്മ -ചെറുകിട-ഇടത്തരം (എംഎസ്എംഇ) വ്യവസായങ്ങളുടെ പുനരുജ്ജീവനത്തിനുള്ള പ്രത്യേക പാക്കേജായ വ്യവസായ ഭദ്രതയ്ക്ക് മന്ത്രിസഭ അംഗീകാരം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മൊത്തം 3,434 കോടി രൂപയുടെ സഹായമാണ് ഈ പാക്കേജിലൂടെ വ്യവസായങ്ങള്‍ക്ക് ലഭ്യമാക്കുക. കൊവിഡ് 19 ന്റെ പശ്ചാത്തലത്തിലാണ് വ്യവസായവകുപ്പ് വഴി ഈ ആശ്വാസ പാക്കേജ് നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ കേരളം സുരക്ഷിത നിക്ഷേപത്തിനുള്ള ഇടമായി മാറുകയാണ്. നമ്മുടെ നാടിന് അനുയോജ്യമായ വ്യവസായങ്ങളെ ഇങ്ങോട്ട് ആകര്‍ഷിക്കേണ്ടതുണ്ട്. അതോടൊപ്പം ഇവിടുത്തെ വ്യാവസായിക അന്തരീക്ഷം മെച്ചപ്പെടുത്തുകയും വേണം. ഇതിനായി വിപുലമായ പദ്ധതി നടപ്പാക്കും.
പാക്കേജ് പ്രകാരം, നിലവില്‍ പ്രവര്‍ത്തിക്കുന്ന സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്ക് നല്‍കുന്ന അധിക വായ്പയ്ക്ക് മാര്‍ജിന്‍ മണി സഹായവും പലിശ ഇളവും അനുവദിക്കും. കെഎസ്‌ഐഡിസിയും കിന്‍ഫ്രയും വായ്പാ കുടിശികയ്ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ നടപ്പാക്കും. സംരംഭങ്ങള്‍ക്ക് വായ്പ പലിശ തിരിച്ചടവിന് ആറുമാസത്തേക്ക് സമയം നീട്ടിനല്‍കും. വ്യവസായവകുപ്പിന് കീഴിലെ സ്റ്റാന്റേര്‍ഡ് ഡിസൈന്‍ ഫാക്ടറികളില്‍ മൂന്നുമാസം വാടക ഒഴിവാക്കും.
വ്യവസായ പാര്‍ക്കുകളിലെ പൊതു സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതിന് സംരംഭകരില്‍നിന്ന് ഈടാക്കുന്ന വാടക മൂന്നുമാസത്തേക്ക് ഒഴിവാക്കും. സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്ക് മൂലധനത്തിന് പ്രത്യേക വായ്പ അനുവദിക്കും. എംഎസ്എംഇകളില്‍പ്പെട്ട ഉത്പാദന വ്യവസായങ്ങള്‍ക്ക് പലിശസബ്‌സിഡി അനുവദിക്കും. വൈവിധ്യവത്കരണത്തിനും വികസനത്തിനും വേണ്ടി എടുക്കുന്ന വായ്പയുടെ പലിശക്ക് ആറുമാസത്തേക്ക് ആറുശതമാനം കിഴിവുനല്‍കും.
കെഎസ്‌ഐഡിസിയുടെ വായ്പ ലഭിച്ചിട്ടുള്ള വ്യവസായങ്ങള്‍ക്ക് പ്രവര്‍ത്തന മൂലധനത്തിനും ആസ്തി സൃഷ്ടിക്കുന്നതിനും പ്രത്യേക വായ്പ അനുവദിക്കും. കെഎസ്‌ഐഡിസിയുടെ എല്ലാ ഓപ്പറേറ്റിംഗ് യൂണിറ്റുകള്‍ക്കും ഇന്നത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് പലിശയും മുതലും തിരിച്ചടക്കുന്നതിന് മൂന്നുമാസത്തെ മൊറോട്ടോറിയം അനുവദിക്കും. മൊറോട്ടോറിയത്തിനുശേഷം പിഴപ്പലിശയില്ലാതെ വായ്പ തിരിച്ചടക്കാം.
കെഎസ്‌ഐഡിസിയില്‍നിന്ന് വായ്പയെടുത്ത സംരംഭകരുടെ പിഴപ്പലിശ ആറുമാസത്തേക്ക് പൂര്‍ണമായി ഒഴിവാക്കും. എംഎസ്എംഇകള്‍ക്ക് കെഎസ്‌ഐഡിസി 50 ലക്ഷത്തിനു മുകളിലുള്ള വായ്പ അനുവദിക്കും. നിലവിലുള്ള വ്യവസ്ഥ അനുസരിച്ച് ഒരുകോടി രൂപയ്ക്കു മുകളിലുള്ള വായ്പ മാത്രമേ അനുവദിക്കുന്നുള്ളു.
കെഎസ്‌ഐഡിസിയുടെയും കിന്‍ഫ്രയുടെയും വ്യവസായ പാര്‍ക്കുകളില്‍ സ്ഥലം എടുക്കുന്ന സംരംഭകരുടെ തിരിച്ചടവ് കാലാവധി വര്‍ധിപ്പിക്കും. മുന്‍കൂര്‍ അടയ്‌ക്കേണ്ട പാട്ടപ്രീമിയം കുറയ്ക്കും. സ്ത്രീകള്‍ക്കും പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്കും യുവസംരംഭകര്‍ക്കും പ്രത്യേക പരിഗണന നല്‍കി സംരംഭക സഹായപദ്ധതി നടപ്പാക്കും. ഇവര്‍ക്ക് 25 ശതമാനം മാര്‍ജിന്‍ മണി നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിലെ കൂടുതല്‍ വിവരങ്ങള്‍
സംസ്ഥാനത്ത് ഇന്ന് 26 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; മൂന്നുപേര്‍ രോഗമുക്തരായി
സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 15 ആയി കുറച്ചു
Story Highlights: Cm Pinarayi Vijayan, coronavirus,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here