വാളയാറിലെത്തിയ ജനപ്രതിനിധികൾ നിരീക്ഷണത്തിൽ കഴിയണം; നിർദേശവുമായി ആരോഗ്യ വകുപ്പ്

valayar

കൊവിഡ് 19 സ്ഥിരീകരിച്ച മലപ്പുറം സ്വദേശി ഉണ്ടായിരുന്ന സമയത്ത് വാളയാറിൽ എത്തിയ മൂന്ന് എംപിമാരും രണ്ട് എംഎൽഎമാരും വീടുകളിൽ നിരീക്ഷണത്തിൽ കഴിയണമെന്ന് ആരോഗ്യ വകുപ്പിന്റെ നിർദേശം. അവിടെ ഉണ്ടായിരുന്ന മാധ്യമ പ്രവർത്തകർ, ആരോഗ്യ പ്രവർത്തകർ, പൊലീസ് എന്നിവരും 14 ദിവസത്തെ നിരീക്ഷണത്തിൽ കഴിയേണ്ടി വരും. ജനപ്രതിനിധികളെ മാത്രം ഒഴിവാക്കാനുള്ള സമർദത്തിന്റെ ഫലമായാണ് ഉത്തരവ് ജില്ലാ ഭരണകൂടം വൈകിച്ചതെന്ന ആക്ഷേപം ഇതിനകം തന്നെ ഉയർന്നിട്ടുണ്ട്.

ടിഎൻ പ്രതാപൻ, വികെ ശ്രീകണ്ഠൻ, രമ്യ ഹരിദാസ് എന്നീ മൂന്ന് എംപിമാരോടും ഷാഫി പറമ്പിൽ, അനിൽ അക്കര എന്നീ രണ്ട് എംഎൽഎമാരോടുമാണ് നിർദേശം. രോഗം സ്ഥിരീകരിച്ച മലപ്പുറം സ്വദേശി വാളയാറിലുണ്ടായിരുന്ന സമയത്ത് വാളയാറിൽ പാസില്ലാതെ പ്രതിഷേധിക്കുന്ന മറുനാടൻ മലയാളികളെ കാണാൻ എത്തിയ ജനപ്രതിനിധികൾ ക്വാറന്റീനിൽ പോകണമെന്നാണ് ഒടുവിൽ ആരോഗ്യ വകുപ്പിന്റെ നിർദേശം വന്നിരിക്കുന്നത്.

read also:കൊവിഡ് പ്രതിരോധം: കേരളത്തിന്റെ മാതൃക പഠിക്കാന്‍ കര്‍ണാടക ആരോഗ്യ വകുപ്പ് മന്ത്രി ഡോ കെ സുധാകര്‍

ആ സമയം വാർത്ത റിപ്പോർട്ട് ചെയ്യാൻ പോയ മാധ്യമ പ്രവർത്തകർ, ഡ്യൂട്ടിയിലുണ്ടായിരുന്ന ആരോഗ്യ പ്രവർത്തകർ, പൊലീസുകാർ എന്നിവരും നിരീക്ഷണത്തിൽ കഴിയേണ്ടി വരും. വാളയാറിൽ ഉണ്ടായിരുന്ന പൊതു ജനങ്ങളോടും നിരീക്ഷണത്തിൽ പോകാൻ നിർദേശമുണ്ട്. രോഗിയുമായി അടുത്തിടപഴകിയ ആരോഗ്യ പ്രവർത്തകരും പൊലീസുകാരുമുൾപ്പെടെ ഹൈ
റിസ്‌ക് കോൺടാക്ടിലുള്ളവർ നേരത്തെ നിരീക്ഷണത്തിൽ പോയിരുന്നു. മറ്റുള്ളവരെ ലോ റിസ്‌ക് കോൺടാക്ടിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

നേരത്തെ നിരീക്ഷണ പട്ടികയിൽ നിന്ന് ജനപ്രതിനിധികളെ ഒഴിവാക്കി ഡിഎംഒ ജില്ലാ കളക്ടർ മുഖേന അയച്ച റിപ്പോർട്ട് സർക്കാർ തള്ളിയിരുന്നു. പുതിയ റിപ്പോർട്ട് ഇന്ന് രാവിലെയാണ് ആരോഗ്യ വകുപ്പിലേക്ക് അയച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് നിരീക്ഷണത്തിൽ കഴിയേണ്ടവരുടെ പട്ടിക തയാറാക്കിയിരിക്കുന്നത്. എന്നാൽ കൊവിഡ് ജാഗ്രതയിൽ സംസ്ഥാനം മുന്നേറുമ്പോൾ ജനപ്രതിനിധികളെ ഒഴിവാക്കാനാണ് നിരീക്ഷണ പട്ടിക വൈകാൻ കാരണമെന്ന് ഇതിനകം തന്നെ ആക്ഷേപം ഉയർന്നു കഴിഞ്ഞു.

Story highlights-health department suggest home quarantine for mps and mlas valayar

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top