സര്‍ക്കാരിന്റെ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമേ കേരളത്തിലേക്കുള്ള ട്രെയിനുകളില്‍ ബുക്കിംഗ് അനുവദിക്കാവൂ എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്: മുഖ്യമന്ത്രി

സര്‍ക്കാരിന്റെ പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമേ കേരളത്തിലേക്കുള്ള ട്രെയിനുകളില്‍ ബുക്കിംഗ് അനുവദിക്കാവൂ എന്ന് റെയില്‍വെ മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡല്‍ഹിയില്‍ നിന്ന് വിവിധ സംസ്ഥാനങ്ങളിലേക്ക് ട്രെയിന്‍ ഓടിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഐആര്‍സിടിസി വെബ്‌സൈറ്റിലൂടെ ബുക്ക് ചെയ്യുന്നവര്‍ക്ക് യാത്ര ചെയ്യാം. മാത്രമല്ല, കേരളത്തിലേക്കുള്ള ട്രെയിന്‍ മറ്റു പല സ്ഥലങ്ങളിലും നിര്‍ത്തിയിട്ടാണ് ഇവിടെയെത്തുന്നത്. ഇത് രോഗവ്യാപനം തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ എടുക്കുന്ന നടപടികളെ നിഷ്ഫലമാക്കുന്ന രീതിയാണ്. ഇക്കാര്യം റെയില്‍വെ മന്ത്രി പിയൂഷ് ഗോയലിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവരുടെ കാര്യത്തില്‍ കേരളം ഫലപ്രദമായ ക്രമീകരണം ഉണ്ടാക്കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ പോര്‍ട്ടലില്‍ അവര്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് അവര്‍ വരേണ്ട തീയതിയും സമയവും ചെക്ക് പോസ്റ്റും മുന്‍കൂട്ടി നല്‍കുന്നു. യാത്രക്കാരുടെ വിവരങ്ങള്‍ പൂര്‍ണമായി ലഭിക്കുന്നതിനും അവരുടെ യാത്രാപഥം മനസിലാക്കുന്നതിനും ഇതു ഫലപ്രദമാണ്.
എന്നാല്‍, സംസ്ഥാന സര്‍ക്കാരിന്റെ രജിസ്‌ട്രേഷന്‍ നോക്കാതെ റെയില്‍വെ ഓണ്‍ലൈന്‍ ബുക്കിംഗ് വഴി യാത്രക്കാരെ കൊണ്ടുവന്നാല്‍ രോഗവ്യാപനത്തിന് സാധ്യതയുണ്ട്. ഇവിടെ വന്നിറങ്ങുന്ന യാത്രക്കാര്‍ ആരാണെന്ന് മനസിലാക്കിയില്ലെങ്കില്‍, രോഗം നിയന്ത്രിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് വലിയ തടസമാകും. അതിനാല്‍ സര്‍ക്കാരിന്റെ പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമേ കേരളത്തിലേക്കുള്ള ട്രെയിനുകളില്‍ ബുക്കിംഗ്് അനുവദിക്കാവൂ എന്ന് റെയില്‍വെ മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇപ്പോള്‍ റെയില്‍വെ പ്ലാന്‍ ചെയ്ത ട്രെയിനുകള്‍ക്ക് പുറമെ മറ്റു സംസ്ഥാനങ്ങളില്‍ ലോക്ക്ഡൗണ്‍ കാരണം കുടുങ്ങിപ്പോയവരെ തിരിച്ചെത്തിക്കുന്നതിന് കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകള്‍ വേണമെന്നും റെയില്‍വെ മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രമന്ത്രിക്ക് അയച്ച കത്തിനെ ചില മാധ്യമങ്ങള്‍ തെറ്റായി ചിത്രീകരിച്ചത് ഖേദകരമാണ്. വിവിധ സംസ്ഥാനങ്ങളില്‍ ലോക്ക്ഡൗണ്‍ കാരണം പെട്ടുപോയി ദുരിതമനുഭവിക്കുന്ന വിദ്യാര്‍ത്ഥികളടക്കമുള്ള മലയാളികളെ എത്രയും വേഗം നാട്ടിലെത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിലെ കൂടുതല്‍ വിവരങ്ങള്‍
സംസ്ഥാനത്ത് ഇന്ന് 26 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; മൂന്നുപേര്‍ രോഗമുക്തരായി
സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 15 ആയി കുറച്ചു
എംഎസ്എംഇകളുടെ പുനരുജ്ജീവനത്തിന് 3,434 കോടി രൂപയുടെ പ്രത്യേക പാക്കേജ്: മുഖ്യമന്ത്രി
വയനാട് ജില്ലയില്‍ തൃപ്തികരമായ രോഗപ്രതിരോധ പ്രവര്‍ത്തനം നടക്കുന്നുണ്ട്: മുഖ്യമന്ത്രി
Story Highlights: Cm Pinarayi Vijayan, coronavirus,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here