Advertisement

മലപ്പുറത്തെ കൊവിഡ് ബാധിതനുമായി സാമൂഹിക ബന്ധം ഉണ്ടായെന്നു കരുതുന്ന 300 പേരുടെ സമ്പർക്ക പട്ടിക ആരോഗ്യവകുപ്പ് തയാറാക്കി

May 15, 2020
Google News 1 minute Read

തമിഴ്നാട്ടിൽ നിന്നും വാളയാർ ചെക് പോസ്റ്റ് കടന്നെത്തിയ മലപ്പുറം സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ രോഗിയുമായി സാമൂഹിക ബന്ധം ഉണ്ടായെന്നു കരുതുന്ന 300 പേരുടെ സമ്പർക്ക പട്ടിക ആരോഗ്യവകുപ്പ് തയാറാക്കി. കോൺഗ്രസ് ജനപ്രതികളും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇവരെക്കൂടാതെ പൊലീസ്, മാധ്യമപ്രവർത്തകർ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും പട്ടികയിലുണ്ട്. ഹൈ റിസ്‌ക്, ലോ റിസ്‌ക് എന്നിങ്ങനെ രണ്ടായി തിരിച്ചാണ് പട്ടിക തയാറാക്കിയിരിക്കുന്നത്.

രാവിലെ 10 മണിയോടെ കോയമ്പത്തൂർ ചാവടിയിലെത്തിയ കൊവിഡ് ബാധിതൻ രാത്രി ഒമ്പത് വരെ വാളയാർ അതിർത്തിയിൽ ഉണ്ടായിരുന്നുവെന്നാണ് വിവരം. കോൺഗ്രസ് ജനപ്രതിനിധികളായ ടി എൻ പ്രതാപൻ എം പി, രമ്യ ഹരിദാസ് എം പി, വി കെ ശ്രീകണ്ഠൻ എം പി, ഷാഫി പറമ്പിൽ എംഎൽഎ, അനിൽ അക്കര എംഎൽഎ എന്നിവർ ലോ റിസ്‌ക് പട്ടികയിലാണ്. ഇവരെ കൂടാതെ മാധ്യമപ്രവർത്തകർ പൊലീസ്, പൊതു പ്രവർത്തകർ, പൊതുജനങ്ങൾ എന്നിവരും ലോ റിസ്‌ക് പട്ടികയിലാണ് ഉൾപ്പെട്ടിരിക്കുന്നത്.

രോഗ ബാധിതൻ വന്ന വാഹനത്തിൽ ഉണ്ടായിരുന്ന ഒമ്പത് സഹായാത്രികരും തമിഴ്നാട് സ്വദേശിയായ ഡ്രൈവർ ഉൾപ്പെടെ പത്തുപേരും ഹൈ റിസ്‌ക് പട്ടികയിലാണ്. ചെന്നൈ കൊട്ടിപ്പാക്കത്ത് ജ്യൂസ് കട നടത്തി വന്നിരുന്നാളാണ് രോഗബാധിതനായത്. ഇദ്ദേഹത്തിന്റെ ജ്യൂസ് കടയിലെ രണ്ട് ജീവനക്കാർ, ഇയാൾ വാളയാറിൽ എത്തിയ സമയത്ത് ആരോഗ്യപ്രശ്നം ഉണ്ടായപ്പോൾ വൈദ്യസഹായം എത്തിച്ച രണ്ടു പരുഷ നഴ്സുമാർ, ഭക്ഷണവും വെള്ളം എത്തിച്ചുകൊടുത്ത വൊളന്റിയർമാർ എന്നിവരും ഹൈ റിസ്‌ക് പട്ടികയിലാണ്. ഇയാൾ വാളയാറിൽ ഉണ്ടായിരുന്ന അതേസമയത്ത് അവിടെ ഉണ്ടായിരുന്ന യാത്രക്കാരായവരെ രണ്ട് പട്ടികയിലുമായി ഉൾപ്പെടുത്തിയിട്ടുണ്ട്. 139 പേരാണ് ഇത്തരത്തിൽ ഹൈ റിസ്‌ക്/ ലോ റിസ്‌ക് പട്ടികയിൽ പെട്ടിരിക്കുന്നത്. ഇവർ വിവിധ ജില്ലകളിലേക്ക് പോയതിനാൽ ഓരോരുത്തരുടെയും വിവരങ്ങൾ അതാത് ജില്ല മെഡിക്കൽ ഓഫിസർമാർക്ക് കൈമാറിയിട്ടുണ്ട്.

അതേസമയം, കൊവിഡ് സ്ഥിരീകരിച്ച മലപ്പുറം സ്വദേശിയുടെ റൂട്ട് മാപ്പും ആരോഗ്യവകുപ്പ് പുറത്തു വിട്ടിട്ടുണ്ട്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് ഇയാൾ മാർച്ച് 23 ന് തന്റെ ജ്യൂസ് കട അടച്ചിരുന്നു. മേയ് എട്ട് വരെ ചെന്നൈയിലെ തന്റെ താമസസ്ഥലത്ത് തങ്ങിയ ഇയാൾ, ഈ കാലയളവിൽ താമസ പരിസരത്തുള്ള പച്ചക്കറി, പലവ്യഞ്ജന കടകളിൽ മാത്രമാണ് പോയിട്ടുള്ളത്. മേയ് എട്ടിന് രാത്രിയിലാണ് ഒമ്പത് പേർക്കൊപ്പം കേരളത്തിലേക്ക് പുറപ്പെട്ടത്. ഒരു സീറ്റിൽ ഒരാൾ എന്ന കണക്കിലായിരുന്നു ഇവരുടെ യാത്ര. എല്ലാവരും മാസ്‌കും കൈയുറയും ധരിച്ചിരുന്നു. തമിഴ്നാടിന്റെ പാസ് കിട്ടിയിരുന്നുവെങ്കിലും യാത്ര സംഘത്തിന് കേരള പാസ് കിട്ടിയിരുന്നില്ല. അതുകൊണ്ട് തന്നെ മേയ് ഒമ്പതാം തീയതി പകൽ പത്തു മണിക്ക് വാളയാറിൽ എത്തിയ സംഘത്തിന് രാത്രി ഒമ്പത് മണിവരെ അവിടെ തന്നെ തങ്ങേണ്ടി വന്നു. ഈ സമയത്താണ് ചെക്പോസ്റ്റിൽ കോൺഗ്രസ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ സമരം നടക്കുന്നത്. ഈയാലും സമരത്തിൽ പങ്കെടുത്തിരുന്നുവെന്നാണ് പറയുന്നത്. കേരള പാസ് ഇല്ലാത്തവരും ഉള്ളവരുമായി നിരവധി പേരും ഇവിടെയുണ്ടായിരുന്നു. രാത്രിയോടെ ഇയാൾക്ക് ഛർദ്ദിയും ക്ഷീണവും അനുഭവപ്പെട്ടതോടെ യാത്രയിൽ ഒപ്പമുണ്ടായിരുന്ന ബന്ധുവിന്റെ സഹായത്തോടെ ആംബുലൻസിൽ ജില്ല ആശുപത്രിയിൽ എത്തി. മേയ് പത്താം തീയതി ഇയാളുടെ സാമ്പിൾ പരിശോധന നടന്നു. പന്ത്രാണ്ടാം തീയതി വന്ന ഫലത്തിലാണ് ഇയാൾ കൊവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചത്. അതേസമയം, ഇയാൾക്കൊപ്പം ഉണ്ടായിരുന്ന ബന്ധുവിന്റെ ആദ്യ പരിശോധന ഫലം നെഗറ്റീവ് ആണ്.

Story highlight: Health department prepares contact list of 300 people

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here