ബ്രസീലിൽ കൊവിഡ് കാലത്തെ രണ്ടാമത്തെ ആരോഗ്യ മന്ത്രി രാജി വച്ചു

ബ്രസീലിൽ ആരോഗ്യ മന്ത്രിയുടെ രാജി. കൊവിഡ് കാലത്തെ പ്രസിഡന്റ് ജൈർ ബോൽസൊനാരോ തീരുമാനങ്ങളെ എതിർത്ത് രണ്ടാമത്തെ ആരോഗ്യ മന്ത്രിയാണ് പുറത്തേക്ക് പോകുന്നത്. ഡോക്ടർ കൂടിയായ നെൽസൺ ടീച്ചാണ് രാജി വച്ചത്. ഒരു മാസത്തിന്റെ ഇടവേളയിലാണ് പ്രസിഡന്റുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് രണ്ടാമത് സ്ഥാനമേറ്റ ആരോഗ്യ മന്ത്രിയും സഭയ്ക്ക് പുറത്ത് പോകുന്നത്.
മലേറിയയുടെ മരുന്നായ ഹൈഡ്രോക്‌സിക്ലോറോക്വിൻ കൊവിഡ് രോഗികളെ ചികിത്സിക്കാൻ ഉപയോഗിക്കുന്നതുമായ ബന്ധപ്പെട്ടുള്ള മാർഗ നിർദേശം പുറപ്പെടുവിക്കാൻ പ്രസിഡന്റ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിന്റെ ഉപയോഗം ഹൃദയ സംബന്ധമായ പ്രശ്‌നങ്ങൾക്ക് വഴിവച്ചേക്കാം എന്ന നിലയ്ക്കുള്ള പഠനങ്ങൾ പുറത്തുവന്നിരുന്നു. പക്ഷേ പ്രസിഡന്റ് ഇതൊന്നും കണക്കിലെടുത്തിരുന്നില്ല. പ്രസിഡന്റിന്റെ പിടിവാശിയെ തുടർന്നാണ് മന്ത്രിയുടെ രാജിയെന്നാണ് വിവരം. കൂടാതെ നിരവധി തീരുമാനങ്ങളിൽ ഏകാധിപത്യപരമായ സമീപനമാണ് പ്രസിഡന്റ് ബോൽസനാരോ സ്വീകരിച്ചത്. ഇതൊക്കെയാണ് ആരോഗ്യ മന്ത്രിയുടെ രാജിക്ക് പ്രേരകമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Read Also: ബ്രസീലിൽ ആരോഗ്യ മന്ത്രിയെ പ്രസിഡന്റ് പുറത്താക്കി
കൂടാതെ കൊവിഡ് കേസുകൾ കൂടുമ്പോഴും ബ്യൂട്ടി പാർലറുകളും ജിമ്മുകളും തുറന്ന് പ്രവർത്തിപ്പിക്കാനും പ്രസിഡന്റ് ഉത്തരവിട്ടിരുന്നു. എന്നാൽ ഗൈനക്കോളജിസ്റ്റും ആരോഗ്യ സംരക്ഷണ പ്രവർത്തകനും കൂടിയായ ടീച്ച് രാജിയെക്കുറിച്ച് പരസ്യമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ വ്യക്തിപരമായ കാരണങ്ങളാലാണ് രാജി എന്നാണ് പ്രസിഡന്റ് ഓഫീസ് പറയുന്നത്.
ഇപ്പോൾ ആരോഗ്യ വകുപ്പിന്റെ ചുമതല താത്കാലികമായി എഡ്വേർഡോ പസുവെല്ലോയെ ഏൽപ്പിച്ചിരിക്കുകയാണ്. അതേസമയം 2.18 ലക്ഷത്തിൽ അധികം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് മരണസംഖ്യ 15000ത്തിന് അടുത്തെത്താറായി. മുൻപ് ആരോഗ്യ മന്ത്രിയായിരുന്ന ലൂയിസ് ഹെന്റിക് മൻഡെറ്റയെ ബോൽസനാരോ പുറത്താക്കുകയായിരുന്നു.
brazil, jair bolsonaro, health minister resigned
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here