പ്രതിരോധ, വ്യോമയാന, ബഹിരാകാശ, ആണവ മേഖലകളിൽ സ്വകാര്യ മേഖലയെ പങ്കാളികളാക്കും; നിർമ്മല സീതാരാമൻ
പ്രതിരോധ, വ്യോമയാന, ബഹിരാകാശ, ആണവ മേഖലകളിൽ സ്വകാര്യ മേഖലയെ പങ്കാളികളാക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. ഇന്ത്യൻ കമ്പനികളുടെ ആയുധങ്ങൾക്ക് മുൻഗണന നൽകുമെന്നും ഇതിനായി പ്രത്യേക ബജറ്റ് അവതരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. കൊവിഡ് ഉത്തേജക പാക്കിൻ്റെ നാലാം ഘട്ടത്തെപ്പറ്റി വിശദീകരിക്കുകയായിരുന്നു മന്ത്രി.
Read Also: നിക്ഷേപ നിർദ്ദേശങ്ങൾ വേഗത്തിൽ നടപ്പിലാക്കും; തൊഴിലില്ലായ്മ ഇല്ലാതാക്കും: നിർമ്മലാ സീതാരാമൻ
പ്രതിരോധ മേഖലയിൽ സ്വദേശിവൽക്കരണം സാധ്യമാക്കും. ചില ആയുധങ്ങളുടെയും ഉപകരണങ്ങളുടെയും ഇറക്കുമതി നിരോധിക്കും. എന്നാൽ സമ്പൂർണ നിരോധനം ഈ മേഖലയിൽ ഇല്ല. ഇപ്പോൾ ഇറക്കുമതി ചെയ്യുന്ന സ്പെയർപാർടുകൾ ഇന്ത്യയിൽ ഉത്പാദിപ്പിക്കും. ഓർഡൻസ് ഫാക്ടറികൾ ഓഹരിവിപണിയിൽ ലിസ്റ്റ് ചെയ്യും. 49 ശതമാനമായിരുന്ന വിദേശ നിക്ഷേപം 74% ഉയർത്തി. വിദേശ കമ്പനികൾക്ക് ഇന്ത്യയിൽ നേരിട്ട് പ്രതിരോധ സ്ഥാപനങ്ങൾ തുടങ്ങാൻ അനുവാദം. ഓർഡൻസ് ഫാക്ടറികൾ ഓഹരിവിപണിയിൽ ലിസ്റ്റ് ചെയ്യുമെന്നും ധനമന്ത്രി പറഞ്ഞു.
ലോകനിലവാരത്തിലുള്ള കൂടുതൽ വിമാനത്താവളങ്ങൾ കൊണ്ടുവരും. ആറ് വിമാനത്താവളങ്ങൾ കൂടി സ്വകാര്യവത്കരിക്കും. 12 വിമാനത്താവളങ്ങളിൽ 13,000 കോടി രൂപയുടെ സ്വകാര്യ നിക്ഷേപം അനുവദിക്കും. വ്യോമപാതയിലെ നിയന്ത്രണങ്ങൾ നീക്കും. കൂടുതൽ മേഖലകളിലേക്ക് സർവീസ് നടത്തും. വിമാനക്കമ്പനികളുടെ ചെലവ് കുറയ്ക്കുന്നതിന് നികുതി പരിഷ്കാരം ഏർപ്പെടുത്തു. വ്യോമയാന നിരക്ക് കുറയും. ഇന്ത്യയെ വിമാന അറ്റകുറ്റപ്പണികൾക്കുള്ള ആഗോള കേന്ദ്രമാക്കി മാറ്റുമെന്നും ധനമന്ത്രി അറിയിച്ചു.
ബഹിരാകാശ മേഖലയിലും കൂടുതൽ സ്വകാര്യ പങ്കാളിത്തം അനുവദിക്കും. സ്വകാര്യ കമ്പനികൾക്കും ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങളിൽ പങ്കാളികളാകാം. ഐഎസ്ആർഒയുടെ സൗകര്യങ്ങൾ സ്വകാര്യ കമ്പനികൾക്ക് ഉപയോഗിക്കാം. സ്വകാര്യ പങ്കാളിത്തത്തിനു നയവും നിയന്ത്രണ സംവിധാനവും കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.
ആണവ മേഖലയിലും പൊതു-സ്വകാര്യ പങ്കാളിത്തം അനുവദിക്കും. ആണവോർജ മേഖലയിൽ സ്റ്റാർട്ടപ്പുകൾ അനുവദിക്കും. മരുന്ന് നിർമ്മാണം സഹായിക്കുന്ന റിയാക്ടർ സ്ഥാപിക്കും. കർഷകരെ സഹായിക്കാൻ ആണവോർജം ഉപയോഗിക്കും.
Story Highlights: defence aviation outer space atomic sectors nirmala sitharaman
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here