തണ്ണിത്തോട്ടിലെ കടുവ ഭീതി; തോട്ടങ്ങളിലെ കാടുവെട്ടിമാറ്റണമെന്ന് മന്ത്രി കെ രാജു

k raju

തണ്ണിത്തോട്ടിലെ പ്ലാന്റേഷന്‍ കോര്‍പറേഷന്റെയും മറ്റു സ്വകാര്യ ഉടമസ്ഥതയിലുള്ള തോട്ടങ്ങളിലെയും കാടു വെട്ടി മാറ്റണമെന്ന് മന്ത്രി കെ രാജു നിര്‍ദേശിച്ചു. കടുവയെ പിടിക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് കോന്നി ഡിഎഫ്ഒയുടെ ബംഗ്ലാവില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കടുവയെ പിടിക്കാനുള്ള ശ്രമത്തില്‍ മയക്കുവെടി വയ്ക്കുന്നതിനുള്ള തീരുമാനം എടുത്തിരുന്നു. കുങ്കിയാനയുടെ പുറത്തിരുന്ന് മയക്കു വെടിവയ്ക്കാനും കൂടുകളിലാക്കാനും തീരുമാനിച്ചിരുന്നു.

കടുവയെ കണ്ടെത്തുന്നതിനായി നാലു ടീമിനെ നിയോഗിച്ചിട്ടുണ്ട്. ഒരു ടീമിന് നാലു കിലോമീറ്റര്‍ പരിധിയാണ് നല്‍കിയിരിക്കുന്നത്. 25 ക്യാമറകള്‍ ഇതിനോടകം തന്നെ സ്ഥാപിച്ചിട്ടുണ്ട്. ഡ്രോണിന്റെ സഹായത്തോടെ കടുവയെ നിരീക്ഷിക്കുന്നുണ്ട്. ചിലയിടങ്ങളില്‍ കടുവ പ്രത്യക്ഷപ്പെടുന്നുണ്ട്. കാല്‍പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. കടുവയ്ക്ക് ശാരീരിക ബുദ്ധിമുട്ടുള്ളതായി വനം വകുപ്പ് അറിയിച്ചിട്ടുണ്ട്.ദൂരെ സഞ്ചരിക്കുന്നതായി കാണപ്പെട്ടിട്ടില്ല. കടുവയെ കണ്ടാല്‍ ഷാര്‍പ് ഷൂട്ടറുടെ സഹായത്തോടെ വെടി വയ്ക്കാന്‍ സര്‍ക്കാര്‍ ഉത്തരവ് നല്‍കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ കൂടുതല്‍ ഫോഴ്സിനെ അനുവദിക്കും. കാട് വളര്‍ന്നു നില്‍ക്കുന്നതിനാല്‍ വന്യജീവികള്‍ ഇറങ്ങാന്‍ സാധ്യതയുണ്ട്. പ്ലാന്റേഷന്‍ കോര്‍പറേഷന്റെ പരിധിയില്‍ വരുന്ന കാടു വെട്ടിമാറ്റാന്‍ തീരുമാനമായി. ജനവാസ മേഖലയുമായി ബന്ധപ്പെട്ടു കിടക്കുന്ന സ്ഥലങ്ങളിലെ കാട് പൂര്‍ണമായും വെട്ടിമാറ്റണം. ഇതിനോടകം തന്നെ നൂറോളം തൊഴിലാളികളെ വച്ച് കാട് വെട്ട് നടത്തിവരുകയാണ്.

read also:പത്തനംതിട്ടയിൽ ടാപ്പിംഗ് തൊഴിലാളിയെ കൊന്ന കടുവ വീണ്ടും പുറത്ത്; പശുവിനെ ആക്രമിച്ചു
തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വനം വകുപ്പുമായി ചേര്‍ന്ന് കാടു വെട്ടുന്നതു സംബന്ധിച്ച് തീരുമാനമെടുത്തിട്ടുണ്ട്. പകര്‍ച്ചവ്യാധി തടയുന്നതിനായി കളക്ടര്‍ പിബി നൂഹിന്റെ അധ്യക്ഷതയില്‍ സ്വകാര്യ തോട്ടം ഉടമകളുടെ യോഗം വിളിക്കും. തണ്ണിത്തോട്ടിലെ 225 ഹെക്ടര്‍ പ്ലാന്റേഷന്‍ കോര്‍പറേഷനിലെ ഈറ്റ വെട്ടാന്‍ ബാംബു കോര്‍പറേഷന് അനുമതി നല്‍കും. ഈറ്റ സൗജന്യമായി ബാംബു കോര്‍പറേഷന് നല്‍കും. ആറു ലക്ഷം രൂപയുടെ സോളാര്‍ ഫെന്‍സിംഗ് വനം വകുപ്പ് ചെയ്യും. ജനങ്ങളുടെ ഭീതി അകറ്റുന്നതിനുള്ള കൂടുതല്‍ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു. കൃഷി നാശം വരുത്തിയിരുന്ന പന്നിയെ വെടിവച്ചു കൊന്ന വനം വകുപ്പ് ഉദ്യോഗസ്ഥരെ മന്ത്രി അഭിനന്ദിച്ചു.കെയു ജനീഷ് കുമാര്‍ എംഎല്‍എ, കളക്ടര്‍ പിബി നൂഹ്, കോന്നി ഫോറസ്റ്റ് ഓഫീസര്‍ കെ.എന്‍. ശ്യാം മോഹന്‍ലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Story highlights-Clearing forest in plantations:Minister K Raju

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top