Advertisement

ഇതര സംസ്ഥാന തൊഴിലാളികളുടെ മടക്കം; കോട്ടയം ജില്ലയിൽ നിന്നുള്ള ആദ്യ ട്രെയിൻ ഇന്ന് പുറപ്പെടും

May 18, 2020
Google News 2 minutes Read
TRAIN

ഇതര സംസ്ഥാന തൊഴിലാളികളെ സ്വദേശത്തേക്ക് കൊണ്ടു പോകുന്നതിന് കോട്ടയം ജില്ലയിൽ നിന്നുള്ള ആദ്യ ട്രെയിൻ ഇന്ന് പുറപ്പെടും. ഇന്ന്് വൈകുന്നേരം 7 മണിക്ക് കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്നും പശ്ചിമ ബംഗാളിലെ ന്യൂ കുച്ച് ബിഹാർ സ്റ്റേഷനിലേക്ക് പോകുന്ന ട്രെയിനിൽ ബംഗാളിലെ മാൾഡ, മുർഷിദാബാദ്, ഉത്തർ ദിനാജ്പൂർ ജില്ലകളിൽ നിന്നുള്ള 1464 തൊഴിലാളികളാണ് മടങ്ങുന്നത്. സൗജന്യമായാണ് ഇവരെ കൊണ്ടുപോകുന്നത്. യാത്രയ്ക്കു വേണ്ട ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ കളക്ടർ പി.കെ സുധീർ ബാബു അറിയിച്ചു.

റവന്യൂ ഉദ്യോഗസ്ഥർ തെരഞ്ഞെടുത്തിട്ടുള്ളവർക്ക് മാത്രമാണ് മടങ്ങാൻ അവസരമുള്ളത്. തെരഞ്ഞെടുക്കപ്പെട്ട തൊഴിലാളികൾക്ക് ഇതു സംബന്ധിച്ച അറിയിപ്പും നൽകിയിട്ടുണ്ട്. ഇവരിൽ 1180 പേർ പായിപ്പാടു നിന്നും ശേഷിക്കുന്നവരിൽ 150 പേർ കോട്ടയം താലൂക്കിൽ നിന്നും 134 പേർ മീനച്ചിൽ താലൂക്കിൽ നിന്നുമുള്ളവരാണ്. കോട്ടയം, മീനച്ചിൽ താലൂക്കുകളിൽ നിന്ന് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ തൊഴിലാളികളുടെ കുടുംബാംഗങ്ങളുമുണ്ട്.

ജില്ലയിലുള്ള ബംഗാൾ സ്വദേശികളായ 17392 തൊഴിലാളികളിൽ നാട്ടിലേക്ക് മടങ്ങുന്നതിന് സന്നദ്ധതയറിയിച്ച വരെ രജിസ്റ്റർ ചെയ്ത ക്രമത്തിലാണ് മടക്കയാത്രയ്ക്ക് തിരഞ്ഞെടുത്തത്. പായിപ്പാട്ടെ 1400 പേരുടെ പ്രാഥമിക പട്ടിക തയാറാക്കിയിരുന്നെങ്കിലും വീണ്ടും ജോലിക്ക് പോയിത്തുടങ്ങിയ സാഹചര്യത്തിൽ ഇരുന്നൂറോളം തൊഴിലാളികൾ മടക്കയാത്ര വേണ്ടെന്ന് വയ്ക്കുകയായിരുന്നു. എല്ലാ തൊഴിലാളികൾക്കും വൈദ്യപരിശോധന നടത്തി ആരോഗ്യ വകുപ്പ് സർട്ടിഫിക്കറ്റ് ലഭ്യമാക്കിയിട്ടുണ്ട്.

ചങ്ങനാശേരി തഹസിൽദാർ ജിനു പുന്നൂസിന്റെ നേതൃത്വത്തിൽ പായിപ്പാട്ടെ ലേബർ ക്യാമ്പുകളിൽ തൊഴിലാളികളെ നേരിൽ കണ്ട് മടക്കയാത്രയ്ക്കുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തി. 43 ബസുകളിലായാണ് തൊഴിലാളികളെ എത്തിക്കുക. പായിപ്പാടുനിന്ന് -34, കോട്ടയം താലൂക്ക്-അഞ്ച്, മീനച്ചിൽ-നാല് എന്നിങ്ങനെയാണ് ഏർപ്പെടുത്തിയിട്ടുള്ള ബസുകളുടെ എണ്ണം.

പായിപ്പാട് ജംഗ്ഷൻ, ഉഴവൂർ സെന്റ് സേവ്യേഴ്‌സ് പള്ളി മൈതാനം, അയർക്കുന്നം പ്രൈവറ്റ് ബസ് സ്റ്റാന്റ്, കടപ്ലാമറ്റം സെന്റ് മേരീസ് പള്ളി മൈതാനം എന്നിവിടങ്ങളിൽനിന്നാണ് തൊഴിലാളികളെ ബസുകളിൽ കയറ്റുക. പായിപ്പാട്ടുനിന്ന് ഉച്ചകഴിഞ്ഞ് രണ്ടു മണി മുതൽ ബസുകൾ കോട്ടയത്തേക്ക് എത്തും.

ടോക്കൺ നൽകി ബസിൽ കയറ്റുന്ന തൊഴിലാളികളെ സാമൂഹിക അകലം ഉറപ്പാക്കിയാണ് ഇരുത്തുക. മാസ്‌ക് ധരിച്ചിരിക്കണമെന്നും മെഡിക്കൽ സർട്ടിഫിക്കറ്റും തിരിച്ചറിയൽ രേഖയും കൈവശം കരുതണമെന്നും തൊഴിലാളികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ആവശ്യമായ മാസ്‌കുകൾ തൊഴിൽ വകുപ്പാണ് ലഭ്യമാക്കുന്നത്. യാത്രാ വേളയിൽ ആവശ്യമുള്ള ഭക്ഷണവും വെള്ളവും ഏർപ്പെടുത്തിയിട്ടുണ്ട്. ട്രെയിനിൽ തൊഴിലാളികൾക്ക് സീറ്റ് അനുവദിക്കുന്നതും കൊവിഡ് പ്രതിരോധ നിർദേശങ്ങൾ പാലിച്ചാണ്.

Story highlight: The return of non-state workers; The first train from Kottayam will leave today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here