ഗൾഫ് രാജ്യങ്ങളിൽ കുടുങ്ങി കിടക്കുന്ന ഗർഭിണികളായ നഴ്‌സുമാരെ നാട്ടിലെത്തിക്കുമെന്ന് കേന്ദ്രം

nurses trapped gulf countries 

ഗൾഫ് രാജ്യങ്ങളിൽ കുടുങ്ങി കിടക്കുന്ന ഗർഭിണികളായ നഴ്‌സുമാരെ നാട്ടിലെത്തിക്കുമെന്ന് കേന്ദ്രസർക്കാർ ഡൽഹി ഹൈക്കോടതിയിൽ. മുൻഗണന ക്രമം കൃത്യമായി പാലിക്കുമെന്ന് അഡിഷണൽ സോളിസിറ്റർ ജനറൽ ഉറപ്പ് നൽകി. 115 മലയാളി നഴ്‌സുമാർ അടക്കമാണ് ഗൾഫ് രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്നത്.

യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ സമർപ്പിച്ച ഹർജി പരിഗണിക്കവേയാണ് കേന്ദ്രസർക്കാർ നിലപാട് വ്യക്‌തമാക്കിയത്. ഗർഭിണികളായ നഴ്‌സുമാർക്ക് വന്ദേ ഭാരതം ദൗത്യത്തിൽ അർഹമായ പരിഗണന കിട്ടിയില്ല. എയർലൈൻ നയപ്രകാരം 36 ആഴ്ചയ്ക്ക് ശേഷം ഗർഭിണികൾക്ക് വിമാനയാത്ര നടത്താൻ അനുമതി ലഭിക്കില്ലെന്നും അഡ്വ. കെ.ആർ. സുഭാഷ് ചന്ദ്രൻ മുഖേന സമർപ്പിച്ച ഹർജിയിൽ യു.എൻ.ഐ ചൂണ്ടിക്കാട്ടി. കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായ അഡിഷണൽ സോളിസിറ്റർ ജനറൽ, ഇക്കാര്യത്തിൽ ഉറപ്പ് നൽകുകയായിരുന്നു. ഗർഭിണികളായ നഴ്‌സുമാരെ മുൻഗണന ക്രമം കൃത്യമായി പാലിച്ച് രാജ്യത്ത് തിരികെയെത്തിക്കും. കേന്ദ്രം ഉറപ്പ് നൽകിയതോടെ ജസ്റ്റിസ് വിഭു ബഖ്‌റു ഹർജി തീർപ്പാക്കി.

Read Also: അബുദാബി-കൊച്ചി വിമാനത്തില്‍ ഇന്നലെയെത്തിയത് 180 യാത്രക്കാര്‍

സൗദി അറേബ്യയിലും കുവൈറ്റിലും കുടുങ്ങിക്കിടക്കുന്ന 116 നഴ്‌സുമാരിൽ 115ഉം മലയാളികളാണ്.

രണ്ട് ദിവസങ്ങൾക്കു മുൻപാണ് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ ഹർജി സമർപ്പിച്ചത്. ഗർഭിണികളായതിനാൽ അടിയന്തര പ്രാധാന്യമുള്ള പട്ടികയിൽ ഇടം ലഭിക്കാൻ അർഹതയുണ്ട്. എന്നാൽ, വന്ദേ ഭാരതം ദൗത്യത്തിൽ അർഹമായ പരിഗണന കിട്ടിയില്ലെന്ന് യുഎൻഐ പരാതി ഉന്നയിച്ചിരുന്നു.

അതേ സമയം, ഇന്നലെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ അബുദാബി-കൊച്ചി വിമാനത്തിൽ 180 പ്രവാസികളാണ് മടങ്ങിയെത്തിയത്. ഇതിൽ 128 പേർ പുരുഷൻമാരും 52 പേർ സ്ത്രീകളുമാണ്. പത്ത് വയസിൽ താഴെയുള്ള 10 കുട്ടികളും 18 മുതിർന്ന പൗരൻമാരും 17 ഗർഭിണികളും ഇതിൽ ഉൾപ്പെടുന്നു.

Story Highlights: will bring back nurses trapped gulf countries

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top