സെപ്തംബർ-നവംബർ മാസങ്ങളിൽ ഐപിഎൽ നടത്താൻ ബിസിസിഐ ആലോചിക്കുന്നു; റിപ്പോർട്ട്

സെപ്തംബർ-നവംബർ മാസങ്ങളിൽ ഐപിഎൽ നടത്താൻ ബിസിസിഐ ആലോചിക്കുന്നു എന്ന് റിപ്പോർട്ട്. സെപ്തംബർ 25 മുതൽ നവംബർ 1 വരെയുള്ള ദിവസങ്ങളിൽ ലീഗ് നടത്താൻ ബിസിസിഐ പ്രാഥമിക തീരുമാനം എടുത്തുവെന്നാണ് റിപ്പോർട്ട്. സെപ്തംബർ മാസം ആകുമ്പോഴേക്കും ഇന്ത്യയിലെ കൊവിഡ് രോഗബാധ നിയന്ത്രണവിധേയമായേക്കാമെന്നും അപ്പോൾ നടത്താമെന്നുമാണ് ആലോചന. ഐഎഎൻഎസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
Read Also: സ്റ്റേഡിയങ്ങൾ തുറക്കാം എന്ന് കേന്ദ്രനിർദ്ദേശം; ഐപിഎല്ലിന് വഴി തെളിയുന്നു
“സെപ്തംബർ 25-നവംബർ ഒന്ന് വിൻഡോ ഐപിഎൽ നടത്താനായി ആലോചിക്കുന്നുണ്ട്. നേരത്തെയാണെന്നറിയാം. കുറേയേറെ കാര്യങ്ങൾ ശരിയാവാനുണ്ട്. എന്നാലും ബിസിസിഐ ആ മാസങ്ങളിൽ ലീഗ് നടത്തുന്ന കാര്യം ആലോചിക്കുന്നുണ്ട്. ഫ്രാഞ്ചസികൾക്കും അത്തരത്തിൽ നിർദ്ദേശം നൽകിയിട്ടുണ്ട്. പക്ഷേ, അപ്പോഴും രാജ്യത്തിൻ്റെ ആ സമയത്തെ അവസ്ഥ പരിഗണിച്ച് മാത്രമേ ലീഗ് നടത്തുന്നതിനെപ്പറ്റി ആലോചിക്കൂ. വേദികളെപ്പറ്റിയോ വിദേശ താരങ്ങളുടെ പങ്കാളിത്തത്തെപ്പറ്റിയോ ഇപ്പോൾ ഒന്നും തീരുമാനിച്ചിട്ടില്ല. ഏറെ വൈകാതെ തന്നെ തീയതിയെപ്പറ്റി കൃത്യമായ ധാരനയുണ്ടാവുമെന്നാണ് പ്രതീക്ഷ”.- ബിസിസിഐ പ്രതിനിധിയെ ഉദ്ധരിച്ച് ഐഎഎൻഎസ് റിപ്പോർട്ട് ചെയ്യുന്നു.
കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഐപിഎൽ 2020 അനിശ്ചിതകാലത്തേക്ക് നീട്ടിയിരുന്നു. ഫ്രാഞ്ചൈസികൾക്ക് ഇത് സംബന്ധിച്ച വിവരം ബിസിസിഐ കൈമാറിയിട്ടുണ്ട്. ടൂർണമെൻ്റ് ഉപേക്ഷിച്ചിട്ടില്ലെന്നും സാഹചര്യങ്ങൾ പരിഗണിച്ച് നടത്താൻ ശ്രമിക്കുമെന്നും ബിസിസിഐ അറിയിച്ചു. മാർച്ച് 29ന് ആരംഭിക്കേണ്ടിയിരുന്ന ഐപിഎൽ ഈ മാസം 15ലേക്ക് മാറ്റിവച്ചിരുന്നു. എന്നാൽ രാജ്യത്തെ ലോക്ക് ഡൗൺ നീട്ടിയ സാഹചര്യത്തിൽ ടൂർണമെൻ്റ് നീട്ടിവക്കാൻ ബിസിസിഐ നിർബന്ധിതരാവുകയായിരുന്നു. ശ്രീലങ്ക, യുഎഇ തുടങ്ങിയ രാജ്യങ്ങൾ ഐപിഎൽ നടത്താമെന്ന് അറിയിച്ചിരുന്നു എങ്കിലും ബിസിസിഐ നിരസിച്ചു.
Read Also: ഐപിഎൽ നടത്താമെന്ന് യുഎഇ; ഇപ്പോൾ തീരുമാനമില്ലെന്ന് ബിസിസിഐ
അതേ സമയം, നാലാം ഘട്ട ലോക്ക് ഡൗൺ ഇളവുകളിൽ സ്റ്റേഡിയങ്ങൾ തുറന്ന് കാഴ്ചക്കാരില്ലാതെ മത്സരങ്ങൾ നടത്താം എന്ന കേന്ദ്ര നിർദ്ദേശം പരിഗണിച്ച് അത്തരത്തിൽ ഐപിഎൽ നടത്തുമെന്നും സൂചനയുണ്ട്.
Story Highlights: bcci ipl september november
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here