ഉത്രയുടെ മരണം; ഭർത്താവും പാമ്പിനെ നൽകിയ സുഹൃത്തും അറസ്റ്റിൽ

uthra's death

അഞ്ചൽ സ്വദേശിനി ഉത്ര പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ ഭർത്താവ് സൂരജിനെയും
പാമ്പുകളെ എത്തിച്ച് നൽകിയ കല്ലുവാതുക്കൽ സ്വദേശി സുരേഷിനെയും പൊലീസ് അറസ്റ്റ് ചെയ്തു. പാമ്പു പിടുത്തക്കാരനായ സുരേഷ്, സൂരജിന്റെ സൂഹൃത്തുകൂടിയാണ്. ഫെബ്രുവരി മാസം അവസാനം സുരേഷ് മുഖാന്തരം സൂരജ് ഒരു അണലിയെ കൈക്കലാക്കുകയായിരുന്നു. കേസിൽ 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് കൊല്ലം റൂറൽ എസ്പി ഹരിശങ്കർ അറിയിച്ചു.

സുരേഷിന്റെ കൈയ്യിൽ നിന്ന് വാങ്ങിയ പാമ്പിനെ ഉപയോഗപ്പെടുത്തി സൂരജിന്റെ വീട്ടിൽ വച്ച് ഉത്രയെ കൊലപ്പെടുത്താൻ ശ്രമിച്ചു. എന്നാൽ, അന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ഉത്ര ചികിത്സയ്ക്കും വിശ്രമത്തിനുമായി സ്വന്തം വീട്ടിലായിരുന്നു. ഏപ്രിൽ 22നാണ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയി അഞ്ചലിലെ വീട്ടിലേക്ക് ഉത്ര മടങ്ങിയത്.

ആദ്യ ശ്രമം പരാജയപ്പെട്ടെതിനെ തുടർന്ന് സൂരജ്, ഉത്ര വീട്ടിലെത്തിയ രണ്ടാംദിവസം (മാർച്ച് 24ന്) സുരേഷുമായി ബന്ധപ്പെട്ട് മൂർഖൻ പാമ്പിനെ വാങ്ങുകയും പാമ്പുമായി ഉത്രയുടെ വീട്ടിൽ എത്തുകയുമായിരുന്നു. കട്ടിലിന്റെ അടിയിൽ ബാഗിനുള്ളിൽ ഒരു ഡബ്ബയിലാക്കി സൂക്ഷിച്ചിരുന്ന മൂർഖനെ മേയ് ആറിന് രാത്രി പുറത്തെടുത്ത് ഉത്രയുടെ ദേഹത്ത് വയ്ക്കുകയായിരുന്നു.

എന്നാൽ, പാമ്പിനെ തിരിച്ച് ഡബ്ബയിലാക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പിറ്റേദിവസം രാവിലെ അമ്മയെത്തി ഉത്രയെ വിളിച്ചിട്ടും എണീക്കാത്തതിനെ തുടർന്ന് അമ്മയും സഹോദരനും സൂരജും ചേർന്ന് അഞ്ചൽ മിഷൻ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പിന്നീട് ആശുപത്രിയിവച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു. വീട്ടിൽ നടത്തിയ അന്വേഷണത്തിൽ അലമാരയുടെ അടിയിൽ നിന്ന് പാമ്പിനെ കണ്ടെത്തുകയും തല്ലിക്കൊല്ലുകയും ചെയ്തു.

Read Also:പാമ്പുകടിയേറ്റ് യുവതി മരിച്ച സംഭവം; സൂരജിനെതിരെ വനംവകുപ്പും കേസെടുക്കും

ഉത്രയുടെയും സൂരജിന്റെയും കുടുംബ ജീവിതത്തിൽ സാമ്പത്തിക കാരണങ്ങളെ ചൊല്ലി നിരന്തരം തർക്കം നടന്നിരുന്നു. സ്വർണം വിവാഹ സമ്മാനമായി വീട്ടുകാർ നൽകിയ സ്വർണവും സബരജ് കൈക്കലാക്കിയിരുന്നു. കൂടുതൽ പണം ലഭിച്ചശേഷം ഉത്രയെ ഒഴിവാക്കി കുറച്ചുകൂടി മെച്ചപ്പെട്ട ജീവിതത്തിലേക്ക് പോകാനുള്ള ആഗ്രഹമാണ് സൂരജിനെ കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചതെന്നും എസ്പി ഹരിശങ്കർ പറഞ്ഞു.

Story highlights-Death of Uthra; Husband and friend who gave snake arrested

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top