മിന്നൽ മുരളി സിനിമയുടെ സെറ്റ് തകർത്തവർക്കെതിരെ നടപടി വേണം; പ്രതിഷേധമറിയിച്ച് ഫെഫ്ക

Minnal murali

മിന്നൽ മുരളി എന്ന ചിത്രത്തിന്റെ സെറ്റ് തകർത്ത സംഭവത്തിൽ ശക്തമായ പ്രതിഷേധമറിയിച്ച് മലയാള സിനിമയിലെ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്ക. വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നീതി നടപ്പിലാക്കുന്നതിനായി സത്വര നിയമനടപടികൾക്ക് ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകണമെന്ന് അഭ്യർത്ഥിക്കുന്നതായും ഫെഫ്ക ഭാരവാ​ഹികൾ പറഞ്ഞു

മിന്നൽ മുരളിക്ക് വേണ്ടി വലിയ തയ്യാറെടുപ്പുകളോടെ കാലടി മണപ്പുറത്ത് ലക്ഷങ്ങൾ മുടക്കി സെറ്റ് പൂർത്തിയാക്കി ക്ലൈമാക്സ് ചിത്രീകരണം ആരംഭിക്കുമ്പോഴാണ് കൊവിഡ് വ്യാപിക്കുന്നതും കേന്ദ്ര, കേരള സർക്കാരുകളുടെ നിർദേശ പ്രകാരം ഷൂട്ടിം​ഗ് താത്കാലികമായി നിർത്തിവയ്ക്കുന്നതും. സർക്കാർ നിർദേശങ്ങൾ പൂർണമായും പാലിച്ച്, കേരള കൃഷി വകുപ്പിന്റെയും കാലടി ഗ്രാമ പഞ്ചായത്തിന്റെയും ക്ഷേത്ര ഭരണ സമിതിയുടെയും അനുവാദം വാങ്ങി, പണമടച്ച്, വളരെയേറെ സഹകരിച്ച ക്ഷേത്ര ഭരണസമിതിക്ക് വാടക നൽകിയുമാണ് പ്രസ്തുത സ്ഥലത്ത് സെറ്റ് നിർമ്മിച്ചത്. വൻ മുതൽമുടക്കോടെ പൂർത്തിയാക്കിയ സെറ്റ് ചില സാമൂഹിക ദ്രോഹികൾ യാതൊരു കാരണവുമില്ലാതെ ഇന്നലെ രാത്രി പൊളിച്ചുകളഞ്ഞിരിക്കുകയാണ്.

കേരളീയ പൊതുസമൂഹം നാളിതുവരെ ഒന്നിച്ച് നിന്ന് പൊരുതി നേടിയ എല്ലാ സാമൂഹിക നേട്ടങ്ങളെയും വെല്ലുവിളിച്ചുകൊണ്ട് ഈ സാമൂഹിക വിരുദ്ധർ നടത്തിയ അനീതിക്കെതിരെ ശക്തമായി പ്രതികരിക്കണമെന്ന് കേരളത്തിലെ ജനങ്ങളോട് ആവശ്യപ്പെടുകയാണെന്നും ഫെഫ്ക പറഞ്ഞു.

story highlights- minnal murali, fefka

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top