ഇന്ത്യയുടെ ഹോക്കി ഇതിഹാസം ബൽബീർ സിം​ഗ് അന്തരിച്ചു

ഇന്ത്യയുടെ ഹോക്കി ഇതിഹാസം ബല്‍ബീര്‍ സിങ് സീനിയര്‍ അന്തരിച്ചു. 96 വയസായിരുന്നു. ദീര്‍ഘനാളായി വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ച ആറരയോടെയായിരുന്നു അന്ത്യം.

കടുത്ത ന്യുമോണിയബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ബല്‍ബീര്‍ സിം​ഗ് രണ്ടാഴ്ചയിലേറെയായി വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്. ഇതിനിടെ ആശുപത്രിയില്‍ വച്ച് രണ്ടു തവണ ഹൃദയാഘാതവും തലച്ചോറിൽ രക്തസ്രാവവും ഉണ്ടായി. കൊവിഡ് പരിശോധനയ്ക്ക് വിധേയനായെങ്കിലും ഫലം നെ​ഗറ്റീവായിരുന്നു.

ഇന്ത്യയ്ക്ക് മൂന്ന് ഒളിമ്പിക് സ്വര്‍ണം നേടിക്കൊടുത്ത ബല്‍ബീറിനെ സ്വതന്ത്ര ഇന്ത്യ കണ്ടതില്‍ വച്ച് ഏറ്റവും മികച്ച ഹോക്കി താരമായാണ് വിലയിരുത്തുന്നത്. 1948 (ലണ്ടന്‍), 1952 (ഹെല്‍സിങ്കി), 1956 (മെല്‍ബണ്‍) ഒളിമ്പിക്‌സുകളില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു.
ഒളിമ്പിക് ഫൈനലില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന റെക്കോഡ് ബല്‍ബീറിന് സ്വന്തമാണ്. 1952 ഹെല്‍സിങ്കി ഒളിമ്പിക്‌സിന്റെ ഫൈനലിലാണ് അഞ്ച് ഗോള്‍ നേടി സിങ് ഈ റെക്കോഡിട്ടത്.

1957ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. 2015ല്‍ ധ്യാന്‍ചന്ദ് പുരസ്‌കാരം ലഭിച്ചു.1958ല്‍ ഡൊമിനിക്കന്‍ റിപ്പബ്ലിക് മെല്‍ബണ്‍ ഒളിമ്പിക്‌സിന്റെ സ്മരണാര്‍ഥം പുറത്തിറക്കിയ തപാല്‍ സ്റ്റാമ്പില്‍ ഗുര്‍ദേവ് സിം​ഗിനൊപ്പം ബല്‍ബീറും ഇടം പിടിച്ചു. ബൽബീറിന്റേതായി രണ്ട് ആത്മകഥകളുണ്ട്.
ദി ഗോള്‍ഡന്‍ ഹാട്രിക്കും ദി ഗോള്‍ഡന്‍ യാര്‍ഡ്‌സ്റ്റിക്: ദി ക്വസ്റ്റ് ഓഫ് ഹോക്കി എക്‌സലന്‍സും.

story highlights- balbir singh, hockey star

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top