കൊവിഡ് രൂക്ഷമായി ബാധിച്ച രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 10-ാം സ്ഥാനത്ത്

കൊവിഡ് രൂക്ഷമായി ബാധിച്ച രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ പത്താം സ്ഥാനത്ത്. കൊവിഡ് കേസുകളുടെ എണ്ണത്തിൽ ഇന്ത്യ ഇറാനെ മറികടന്നു. രാജ്യത്ത് കൊവിഡ് മരണം 4000 കടന്നു. 4021 പേരാണ് ഇതുവരെ മരിച്ചത്. 24 മണിക്കൂറിനിടെ 6977 പോസിറ്റീവ് കേസുകളും 154 മരണവും റിപ്പോർട്ട് ചെയ്തു. അതേസമയം, 57720 പേർ രോഗമുക്തരായി. കൊവിഡ് പരിശോധനകളുടെ എണ്ണം 30 ലക്ഷം കടന്നുവെന്ന് ഐസിഎംആർ അറിയിച്ചു.

കൊവിഡ് വ്യാപനം രൂക്ഷമായ ഇറാനിൽ ഇതുവരെ 136,000 കേസുകളാണ് സ്ഥിരീകരിച്ചത്. ആകെ കൊവിഡ് ബാധിതരുടെ എണ്ണം 138845 ആയതോടെ ഇന്ത്യ ഇറാനെ മറികടന്നു. ദിനംപ്രതി 5.3 ശതമാനം കേസുകളുടെ വളർച്ചയാണ് റിപ്പോർട്ട് ചെയ്യുന്നത്. കൊവിഡ് കേസുകളുടെ 40 ശതമാനവും മഹാരാഷ്ട്രയിൽ നിന്നാണ്. മഹാരാഷ്ട്ര, തമിഴ്‌നാട്, ഗുജറാത്ത്, ഡൽഹി, രാജസ്ഥാൻ, മധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നീ ഏഴ് സംസ്ഥാനങ്ങളിൽ നിന്ന് 83 ശതമാനം കേസുകളും റിപ്പോർട്ട് ചെയ്യുന്നുവെന്നാണ് കണക്കുകൾ.

മഹാരാഷ്ട്ര, ഗുജറാത്ത്, ഡൽഹി എന്നീ സംസ്ഥാനങ്ങളിൽ ദേശീയ ശരാശരിയേക്കാൾ മേലെയാണ് മരണനിരക്ക്. അതേസമയം, രാജ്യത്ത് രോഗം ഭേദമാകുന്നവരുടെ നിരക്ക് 41.6 ശതമാനമായി ഉയർന്നു. രാജ്യത്ത് ഇതുവരെ 30,33,591 സാമ്പിളുകളും 24 മണിക്കൂറിനിടെ 90,170 സാമ്പിളുകൾ പരിശോധിച്ചതായി ഐസിഎംആർ അറിയിച്ചു.

എന്നാൽ, ശനിയാഴ്ച നടന്ന പരിശോധനകളുമായി താരതമ്യപ്പെടുത്തുമ്പോൾ 18,453 എണ്ണത്തിന്റെ കുറവുണ്ടായി. തമിഴ്‌നാട്ടിൽ ആകെ പോസിറ്റീവ് കേസുകൾ 16277 ആയി. ചെന്നൈയിൽ രോഗബാധിതർ 10000 കടന്നു. ഗുജറാത്തിൽ ഇതുവരെ റിപ്പോർട്ട് ചെയ്ത 14063 കൊവിഡ് കേസുകളിൽ 10280ഉം അഹമ്മദാബാദിലാണ്.

Story highlight: India ranks 10th on the list of countries most affected by covid

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top