ക്ഷേത്രത്തിന്റെ സ്ഥലത്ത് ഷൂട്ടിംഗ് നടത്താൻ പഞ്ചായത്തിന്റെ അനുമതി ആവശ്യമില്ല; കാലടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി രാജേഷ്

Minnal murali

ക്ഷേത്രത്തിന്റെ സ്ഥലത്ത് ഷൂട്ടിംഗ് നടത്താൻ പഞ്ചായത്തിന്റെ അനുമതി ആവശ്യമില്ലെന്ന് കാലടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി രാജേഷ്. ഒരു വീട്ടിൽ ഷൂട്ട് നടത്താൻ വീട്ടുകാരുടെ അനുമതി മാത്രം മതിയാവുമല്ലോ എന്നും അതിന് പഞ്ചായത്ത് അനുമതി നൽകേണ്ട കാര്യമില്ലല്ലോ എന്നും അദ്ദേഹം ട്വന്റിഫോർ വെബിനോട് പറഞ്ഞു. താൻ ഇന്ന് അവധിയായതിനാൽ കൃത്യമായ വിവരം ഇക്കാര്യത്തിൽ നൽകാനാവില്ലെന്നും രാജേഷ് ട്വന്റിഫോർ വെബിനോട് പറഞ്ഞു.

“മാർച്ചിനു മുൻപ് സെറ്റിട്ടു എന്നാണ് എനിക്ക് തോന്നുന്നത്. അപ്പോഴാണ് ലോക്ക്ഡൗൺ വന്നത്. സെറ്റിടാൻ ക്ഷേത്രക്കാരുടെ അനുമതി വാങ്ങിയെന്നാണ് ഞാൻ അറിഞ്ഞത്. പഞ്ചായത്തിന് എങ്ങനെയാണ് ആ റോൾ വരുന്നതെന്ന് എനിക്ക് മനസ്സിലാവുന്നില്ല.”- രാജേഷ് പറയുന്നു.

“ഷൂട്ടിംഗിന് അനുമതി നൽകിയിട്ടില്ലെന്ന തരത്തിൽ വിവരാവകാശ നിയമപ്രകാരമുള്ള ഒരു മറുപടി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടല്ലോ?”

“അത് വിവരാവകാശം ചോദിച്ചപ്പോ മറുപടി കൊടുത്തതാവാം. എനിക്കത് ഓർമ്മയില്ല. ഞാൻ ഇപ്പോ ഓഫീസിൽ ഇല്ല. ഇന്ന് ലീവാണ്. വ്യക്തമായ മറുപടി ഇപ്പോൾ പറയാനാവില്ല. ഓഫീസിൽ പോയാലേ അറിയാൻ കഴിയൂ. ഓഫീസിലെ ബി എസ് എൻ എൽ ലാൻഡ്ഫോൺ കമ്പ്ലൈന്റാണ്. അത് ഇതുവരെ നന്നാക്കിയിട്ടില്ല. ഷൂട്ടിംഗിന് അനുമതി നൽകിയിരുന്നു. സെറ്റിടാൻ അനുമതി നൽകിയിട്ടില്ല എന്നാണ് എന്റെ ഓർമ്മ. ക്ഷേത്രത്തിന്റെ സ്ഥലത്ത് പഞ്ചായത്തിന്റെ അനുമതി വേണോ എന്നും അറിയില്ല. ക്ഷേത്രക്കാരുടെ അനുമതി വാങ്ങിയിരുന്നു എന്നാണ് തോന്നുന്നത്. പഞ്ചായത്തിന് അധികാരമില്ലാത്ത ഒരു കാര്യത്തിൽ അനുമതിയുടെ ആവശ്യമുണ്ടോ? ആരുടെയും വീട്ടിൽ ചെന്ന് ഷൂട്ടിംഗ് നടത്തുന്നതിൽ പഞ്ചായത്തിന്റെ അനുമതി വേണ്ടല്ലോ.”- രാജേഷ് പറയുന്നു.

Story Highlights: Kalady gramapanchayat secretary on minnal murali issue

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top