പ്രതിസന്ധികളേറെ, എന്നാൽ വികസനരംഗം തളർന്നില്ല; സർക്കാർ ഇതുവരെ നടപ്പാക്കിയ പദ്ധതികൾ വിശദീകരിച്ച് മുഖ്യമന്ത്രി

kerala projects accomplished by ldf govt

എൽഡിഎഫ് സർക്കാർ നാല് വർഷം പൂർത്തിയാക്കിയ സാഹചര്യത്തിൽ വികസ പ്രവർത്തനങ്ങൾ വിശദീകരിച്ച് മുഖ്യമന്ത്രി. പിണറായി സർക്കാർ അധികാരത്തിലേറിയത് മുതൽ നിപ്പയായും, പ്രളയമായും നിരവധി പ്രതിസന്ധികളിലൂടെയാണ് കേരളം കടന്നുപോയത്. പ്രതിസന്ധികൾ ഏറെയായിരുന്നെങ്കിലുംവികസനരംഗം തളർന്നില്ല എന്നത് അഭിമാനത്തോടെ പറയാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

‘ഇത്തവണ വാർഷികാഘോഷമില്ല. അഞ്ച് വർഷം കൊണ്ട് നടപ്പാക്കാനിരുന്ന പദ്ധതികൾ ഭൂരിഭാഗവും നടപ്പാക്കി. പ്രകൃതി ദുരന്തങ്ങളേയും നിപ്പയേയും അതിജീവിക്കാനായി. വികസന കുതിച്ചു ചാട്ടത്തിന് മഹാപ്രളയം മങ്ങലേൽപ്പിച്ചു. എന്നാൽ ലോക മലയാളികൾ സഹായഹസ്തവുമായി വന്നു. ആദ്യ പ്രളയം അതിജീവിക്കാൻ ശ്രമിക്കുമ്പോൾ അടുത്ത പ്രളയം വന്നു. അതിജീവന ശ്രമം തുടരവെ കൊവിഡ് വന്നു. പ്രതിബന്ധങ്ങൾ തരണം ചെയ്ത് ലോകത്തിന് മാതൃകയായി മാറിയിരിക്കുകയാണ് കേരളം’- മുഖ്യമന്ത്രി പറയുന്നു.

വ്യത്യസ്ത മേഖലകളിൽ മുന്നേറ്റമുണ്ടാക്കാൻ സർക്കാരിന് കഴിഞ്ഞു. വികസനത്തിനൊപ്പം ദുരന്തനിവാരണവും ഏറ്റെടുത്തു. ഓരോ വർഷവും പ്രതിസന്ധി അഭിമുഖീകരിച്ചുവെങ്കിലും സംസ്ഥാനം ഒന്നിലും പകച്ചു നിന്നില്ല. ലക്ഷ്യത്തിൽ നിന്ന് തെന്നിമാറിയുമില്ല. ഒരുമയും സാഹോദര്യവുമാണ് അതിജീവനത്തിനിടയാക്കിയതെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

പ്രകടന പത്രിക ചിലർക്ക് വോട്ടു തേടാൻ അഭ്യാസം മാത്രമാണ്. അവർ വാഗ്ദാനങ്ങൾ പാലിക്കാനുള്ളതല്ല എന്നു പറഞ്ഞു. എന്നാൽ എൽഡിഎഫിന്റേത് വ്യത്യസ്ത സമീപനമാണ്. ജനങ്ങളോട് പറയുന്നത് ചെയ്യും. നാലാം വർഷ പ്രോഗ്രസ്സ് റിപ്പോർട്ട് ദിവസങ്ങൾക്കകം പുറത്തിറക്കും.

സുതാര്യ ഭരണം എന്നതാണ് എൽഡിഎഫ് സർക്കാരിന്റെ സവിശേഷത. ലൈഫ് മിഷനിലൂടെ 219154 വീടുകൾ നിർമിച്ചു. ഭൂമിയില്ലാത്ത കുടുംബങ്ങൾക്ക് ഭൂമി നൽകാൻ നടപടിയായി. വീടില്ലാത്തവർക്ക് വീടും നൽകും. ഇക്കൊല്ലം ഇതിനായുള്ള നടപടികൾ പൂർത്തീകരിക്കും. മത്സൃത്തൊഴിലാളികൾക്ക് പുനർഗേഹം പദ്ധതി നടപ്പാക്കി. 143000 പട്ടയം നൽകി. 35000 പട്ടയം കൂടി ഇക്കൊല്ലം നൽകും. ഒഴുക്ക് നിലച്ച പുഴകളെ 390 സാ നീളത്തിൽ പുനർജീവനേകി. 546 പുതിയ പച്ചത്തുരുത്തുകൾ സൃഷ്ടിച്ചു. ഗ്രീൻ പ്രോട്ടോക്കോൾ ജനങ്ങൾ ഏറ്റെടുത്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആർദ്രം മിഷനിലൂടെ ആരോഗ്യ മേഖല ഉന്നത നിലവാരത്തിലെത്തി. അഡ്വാൻസ്ഡ് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കും വയോജനങ്ങൾക്കും അർഹിക്കുന്ന പരിഗണന നൽകി. പൊലീസിൽ വനിതാ പ്രാതിനിധ്യം 25% ആക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫയർ ആന്റ് റെസ്‌ക്യൂ സർവീസിൽ 100 ഫയർ വുമൺ നിയമനം ആദ്യമായി നടത്തിയെന്നും പൊതു വിദ്യാഭ്യാസ രംഗം ശക്തിപ്പെടുത്തിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Story Highlights- kerala projects accomplished by ldf govt

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top