രാജ്യത്ത് തുടര്‍ച്ചയായ അഞ്ചാം ദിവസവും ആറായിരത്തിലധികം കൊവിഡ് കേസുകള്‍

രാജ്യത്ത് തുടര്‍ച്ചയായ അഞ്ചാം ദിവസവും ആറായിരത്തിലധികം കൊവിഡ് കേസുകള്‍. 24 മണിക്കൂറിനിടെ 6535 പോസിറ്റീവ് കേസുകളും 146 മരണവും റിപ്പോര്‍ട്ട് ചെയ്തു. ആകെ കൊവിഡ് ബാധിതരുടെ എണ്ണം 145380 ആയി. ഇതുവരെ 4167 പേരാണ് രാജ്യത്ത് രോഗം ബാധിച്ച് മരിച്ചത്. അതേസമയം, രോഗമുക്തരായവരുടെ എണ്ണം 60000 കടന്നു. കൊവിഡ് പരിശോധനകളുടെ എണ്ണം കുറവാണെന്ന ആരോപണങ്ങള്‍ക്കിടെ, പരിശോധനാനിരക്കിന്റെ കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് സ്വകാര്യ ലാബുകളുമായി കരാര്‍ ഉറപ്പിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. മഹാരാഷ്ട്രയിലും ഗുജറാത്തിലും കൊവിഡ് സാഹചര്യം സങ്കീര്‍ണമാകുകയാണ്.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പതിനൊന്ന് ശതമാനം കേസുകളാണ് രാജ്യത്ത് വര്‍ധിച്ചത്. ഇതേ നിരക്ക് തുടരുകയാണെങ്കില്‍ കൊവിഡ് കേസുകള്‍ നാളെ ഒന്നരലക്ഷം കടക്കും. ആകെ റിപ്പോര്‍ട്ട് ചെയ്യുന്ന പോസിറ്റീവ് കേസുകളില്‍ 35 ശതമാനവും മഹാരാഷ്ട്രയില്‍ നിന്നാണ്. 85 ശതമാനം മരണവും റിപ്പോര്‍ട്ട് ചെയ്യുന്നത് മഹാരാഷ്ട്ര, ഗുജറാത്ത്, ഡല്‍ഹി, മധ്യപ്രദേശ്, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളില്‍ നിന്നും.

രാജ്യത്ത് ഇതുവരെ 31,26,119 സാമ്പിളുകള്‍ പരിശോധിച്ചെന്ന് ഐസിഎംആര്‍ അറിയിച്ചു. പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ അടക്കം അഭിപ്രായപ്പെടുന്നതിനിടെ, കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു. പരിശോധനയുടെ പരമാവധി നിരക്ക് നിലവില്‍ 4500 രൂപയാണ്. നിരക്ക് കുറയ്ക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് സ്വകാര്യ ലാബുകളുമായി സംസാരിച്ച് കരാര്‍ ഉറപ്പിക്കാന്‍ കേന്ദ്രം അനുമതി നല്‍കി.

രാജ്യത്ത് രോഗം ഭേദമാകുന്നവരുടെ നിരക്ക് 41.61 ശതമാനമായി ഉയര്‍ന്നു. തമിഴ്‌നാട്ടില്‍ 646 പോസിറ്റീവ് കേസുകളും ഒന്‍പത് മരണവും കൂടി റിപ്പോര്‍ട്ട് ചെയ്തു. 17,728 കൊവിഡ് ബാധിതരില്‍ 11,634ഉം ചെന്നൈയിലാണ്. ഗുജറാത്തില്‍ 361 പുതിയ കേസുകളും 27 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ പോസിറ്റീവ് കേസുകള്‍ 14831ഉം മരണം 915ഉം ആയി. ഡല്‍ഹിയില്‍ 412 പുതിയ കേസുകളും 12 മരണവും റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ പോസിറ്റീവ് കേസുകള്‍ 14,465ഉം മരണം 288ഉം ആയി ഉയര്‍ന്നു. കര്‍ണാടകയിലെ 100 പുതിയ കേസുകളില്‍ 46 പേര്‍ മഹാരാഷ്ട്രയില്‍ നിന്നും 21 പേര്‍ തമിഴ്‌നാട്ടില്‍ നിന്നും എത്തിയവരാണ്.

Story Highlights: 6535 covid positive cases and 146 deaths in india today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top