ലോക്ക് ഡൗൺ പാളി; അടുത്ത നീക്കം എന്തെന്ന് പ്രധാനമന്ത്രിയോട് രാഹുൽ

കൊവിഡിന്റെ കാര്യത്തിൽ കേന്ദ്രത്തിന്റെ തന്ത്രം പാളിയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ലോക്ക് ഡൗൺ പൂർണ പരാജയമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതിന്റെ ഫലമാണ് ഇപ്പോൾ രാജ്യം അനുഭവിക്കുന്നതെന്നും അതീവ വേഗതയിലാണ് കേസുകളുടെ എണ്ണം കൂടുന്നതെന്നും രാഹുൽ. കൂടാതെ അതിർത്തിയിൽ എന്താണ് നടക്കുന്നതെന്ന് ജനങ്ങളോട് വ്യക്തമാക്കാനും പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അദ്ദേഹം ആവശ്യപ്പെട്ടു.
കേന്ദ്രം തങ്ങളുടെ പ്ലാൻ ബി വെളിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. രോഗ പ്രതിരോധം, ഇതരസംസ്ഥാന തൊഴിലാളികളുടെ പ്രശ്‌നങ്ങൾ, ചെറുകിട- ഇടത്തരം സംരംഭകരെ പിന്തുണക്കൽ എന്നീ വിഷയങ്ങളിലെ സർക്കാരിന്റെ തീരുമാനങ്ങളെക്കുറിച്ചും അടുത്ത ഘട്ടത്തെക്കുറിച്ചും അറിയേണ്ടതുണ്ടെന്നും രാഹുൽ. നാല് ഘട്ടങ്ങളുണ്ടായ ലോക്ക് ഡൗൺ വേണ്ടത്ര ഫലം നൽകിയല്ല. കൊവിഡിനെ പിടിച്ചുകെട്ടുമെന്നായിരുന്നു പ്രധാനമന്ത്രിയുടെയും ഒപ്പമുള്ളവരുടെയും അവകാശവാദം. പക്ഷെ അതുണ്ടായില്ല. പ്രധാനമന്ത്രിയോട് ഇനിയുള്ള തന്ത്രത്തെക്കുറിച്ച് ചോദിക്കാൻ താത്പര്യപ്പെടുന്നുവെന്നും രാഹുൽ.
വൈറസ് അതിവേഗം പടർന്നുകൊണ്ടിരിക്കെ ലോക്ക് ഡൗൺ ഒഴിവാക്കാൻ ഒരുങ്ങുന്ന ഏക രാജ്യമായിരിക്കും ഇന്ത്യയെന്നും അദ്ദേഹം ആരോപിച്ചു. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ പിന്തുണ ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ലോക്ക് ഡൗണിൽ കോൺഗ്രസ് സർക്കാരുകൾ നേരിട്ട് ജനങ്ങൾക്ക് പണമെത്തിക്കുകയും കർഷകരെ സഹായിക്കുകയുമാണ് ചെയ്യുന്നത്.
Read Also:രാഹുൽ ഗാന്ധിയും ഇതര സംസ്ഥാന തൊഴിലാളികളുമായുള്ള സംഭാഷണം; വിഡിയോ പുറത്തുവിട്ട് കോൺഗ്രസ്
കൊവിഡിനെ 21 ദിവസത്തിൽ പരാജയപ്പെടുത്തുമെന്നായിരുന്നു രാജ്യത്തോടുള്ള പ്രധാനമന്ത്രിയുടെ വാഗ്ദാനം. എന്നാൽ ഈ വാഗ്ദാനം പാളിയെന്ന് പ്രധാനമന്ത്രി അംഗീകരിച്ചതോടെ അദ്ദേഹം പിന്നിലേക്ക് പോയെന്നും ആക്രമിച്ച് കളിക്കാനാണ് പ്രധാനമന്ത്രിയോട് ആവശ്യപ്പെടുന്നതെന്നും രാഹുൽ. വിഡിയോ കോൺഫ്രൻസിലൂടെയാണ് മാധ്യമങ്ങളോട് രാഹുൽ ഗാന്ധി ഇക്കാര്യങ്ങളെക്കുറിച്ച് പ്രതികരിച്ചത്.
Story highlights- lockdowns , rahul gandhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here