കാലടിയില്‍ സിനിമാ സെറ്റ് തകര്‍ത്ത സംഭവം: പ്രതികള്‍ക്കെതിരെ കാപ്പ ചുമത്തും

കാലടിയില്‍ സിനിമാ സെറ്റ് തകര്‍ത്ത സംഭവത്തില്‍ പ്രതികള്‍ക്കെതിരെ പൊലീസ് കാപ്പ ചുമത്തും. ആക്രമണത്തിന് പിന്നില്‍ ഗുണ്ടകളാണെന്ന് ആലുവാ റൂറല്‍ എസ്പി കെ കാര്‍ത്തിക്ക് ട്വന്റിഫോറിനോട് പറഞ്ഞു. സംഭവത്തില്‍ മൂന്നുപേരെകൂടി ഇന്ന് പിടികൂടിയിട്ടുണ്ട്.

കേസില്‍ ഒന്നാം പ്രതിയായ രതീഷിനെ (കാരി രതീഷ്) ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മിന്നല്‍ മുരളിയുടെ സെറ്റ് തകര്‍ത്തത് ഗുണ്ടാ പിരിവ് നിരസിച്ചതിനുള്ള പ്രകോപനത്തെ തുടര്‍ന്നാണെന്ന് അറസ്റ്റിലായ പ്രതി കാരി രതീഷ് പൊലീസിനോട് പറഞ്ഞിരുന്നു. മതവികാരം പറഞ്ഞാല്‍ കൂടുതല്‍ ആളുകളുടെ പിന്തുണയുണ്ടാകുമെന്ന് കരുതിയെന്നാണ് മൊഴി. അണിയറ പ്രവര്‍ത്തകരോട് പണം ആവശ്യപ്പെട്ടിരുന്നു. അത് നല്‍കാന്‍ തയാറാകാതിരുന്നതിനെ തുടര്‍ന്നാണ് സെറ്റ് പൊളിക്കാന്‍ തീരുമാനിച്ചതെന്നും ഇയാള്‍ മൊഴി നല്‍കിയെന്ന് പൊലീസ് പറയുന്നു.

മിന്നല്‍ മുരളി സെറ്റ് തകര്‍ത്ത സംഭവത്തില്‍ കടുത്ത നടപടികളുമായി മുന്നോട്ട് പോവുകയാണ് പൊലീസ്. ആദ്യം കണ്ടാലറിയാവുന്ന നാലു പേര്‍ക്കെതിരെയായിരുന്നു കേസ്. എന്നാല്‍, പതിനൊന്നു പേരെ ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരും സമൂഹമാധ്യമങ്ങളിലൂടെ ചിത്രങ്ങളും ദൃശ്യങ്ങളും പങ്കുവച്ച് വര്‍ഗീയ പ്രചാരണം നടത്തിയവരും ഉള്‍പ്പെടെയുള്ളവര്‍ കുടുങ്ങും. മത സ്പര്‍ദ്ധ വളര്‍ത്താനുള്ള ബോധപൂര്‍വമായ ശ്രമം, കലാപശ്രമം, ആസൂത്രിതമായി സംഘം ചേരല്‍, മോഷണം തുടങ്ങിയ വകുപ്പുകള്‍ ഇവര്‍ക്കെതിരെ ചുമത്തും എന്ന് പൊലീസ് അറിയിച്ചു.

Read More: മിന്നൽ മുരളി സെറ്റ് തകർക്കൽ: മൂന്ന് പേർ കൂടി പിടിയിൽ

രണ്ട് ലക്ഷ്യങ്ങള്‍ സെറ്റ് തകര്‍ക്കലില്‍ ഉണ്ടായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഒന്ന്, ഇതിനു പിന്നില്‍ ഒരു തീവ്ര വര്‍ഗീയ സ്വഭാവമുണ്ട്. രണ്ട്, അന്താരാഷ്ട്ര ഹിന്ദു പരിഷതും യുവജന സംഘടനയായ രാഷ്ട്രീയ ബജ്‌റംഗ്ദളും ചേര്‍ന്നാണ് അക്രമം നടത്തിയത്. ഇവര്‍ക്ക് കൂടുതല്‍ ജനശ്രദ്ധ നേടുക എന്ന ലക്ഷ്യവും ഉണ്ടായിരുന്നു. തീവ്ര വര്‍ഗീയ സ്വഭാവമുള്ള സംഘടനകളാണിത്. ആ നിലയ്ക്കാണ് ഇവരുടെ പ്രവര്‍ത്തനം.ഇതു പോലുള്ള മറ്റു ചില പ്രവര്‍ത്തനങ്ങളിലും ഇവര്‍ ഏര്‍പ്പെട്ടിട്ടുണ്ട്.

ടൊവിനോ തോമസ് നായകനാകുന്ന മിന്നല്‍ മുരളി സിനിമാ സെറ്റ് കഴിഞ്ഞ ദിവസമാണ് തകര്‍ത്തത്. ക്രിസ്ത്യന്‍ പള്ളിയുടെ സെറ്റാണ് മതവികാരം വ്രണപ്പെടുത്തുന്നു എന്ന് ആരോപിച്ച് തകര്‍ത്തത്. സെറ്റ് ക്ഷേത്രത്തിന് മുന്നിലാണെന്നാണ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ വാദം. എഎച്ച്പി സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി ഹരി പാലോടാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം വിശദീകരിച്ചത്.

Story Highlights: minnal murali

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top