കൊവിഡ് പ്രതിരോധം: സര്‍ക്കാര്‍ എടുക്കുന്ന നടപടികള്‍ക്ക് എംപിമാരും എംഎല്‍എമാരും പിന്തുണ അറിയിച്ചു: മുഖ്യമന്ത്രി

കൊവിഡ് പ്രതിരോധത്തിനായി സര്‍ക്കാര്‍ എടുക്കുന്ന നടപടികള്‍ക്ക് രാഷ്ട്രീയ വ്യത്യാസമില്ലാതെ എംപിമാരും എംഎല്‍എമാരും പിന്തുണ അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. വിദേശ രാജ്യങ്ങളില്‍ നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും നമ്മുടെ സഹോദരന്മാര്‍ ധാരാളമായി ഇങ്ങോട്ടു വരാന്‍ തുടങ്ങിയതോടെ നാം കൊവിഡ് 19 പ്രതിരോധത്തിന്റെ മറ്റൊരു ഘട്ടത്തിലാണ്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ വിശദീകരിക്കാനും ജനപ്രതിനിധികളുടെ സഹകരണം അഭ്യര്‍ത്ഥിക്കാനും ഇന്ന് കാലത്ത് എംപിമാരുമായും എംഎല്‍എമാരുമായും വീഡിയോ കോണ്‍ഫറന്‍സ് നടത്തി. ഇപ്പോഴത്തെ ഗുരുതര സാഹചര്യം നേരിടുന്നതിന് സര്‍ക്കാര്‍ എടുക്കുന്ന നടപടികള്‍ക്ക് രാഷ്ട്രീയ വ്യത്യാസമില്ലാതെ എംപിമാരും എംഎല്‍എമാരും പിന്തുണ അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

ഈ മഹാമാരി നേരിടുന്നതിന് കേരളം തുടര്‍ന്നും ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെന്ന വികാരമാണ് എല്ലാവരും പങ്കുവച്ചത്. നമ്മുടെ ജാഗ്രത ശക്തിപ്പെടുത്തുന്നതിന് ചില നിര്‍ദേശങ്ങളും ജനപ്രതിനിധികളുടെ ഭാഗത്തുനിന്ന് വന്നിട്ടുണ്ട്. അവയെല്ലാം സര്‍ക്കാര്‍ ഗൗരവമായി പരിശോധിക്കും. നിയമസഭ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ എന്നിവരുള്‍പ്പെടെ പങ്കെടുത്തു. മൂന്നു പേരൊഴികെ എല്ലാ മന്ത്രിമാരും വീഡിയോ കോണ്‍ഫറന്‍സിലുണ്ടായിരുന്നു.

Read More: ‘ജനങ്ങളുടെ താത്പര്യം സംരക്ഷിക്കുന്ന മുഖ്യമന്ത്രിയാണോ എന്നത് കേന്ദ്രമന്ത്രിയല്ല തീരുമാനിക്കേണ്ടത്; കേരളത്തിലെ ജനങ്ങളാണ്‌: മുഖ്യമന്ത്രി

എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും വാര്‍ഡുതലത്തില്‍ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വാര്‍ഡ് മെമ്പറുടെ നേതൃത്വത്തിലാണ് ഈ പ്രവര്‍ത്തനം. വാര്‍ഡുതല സമിതിക്കു മുകളില്‍ പഞ്ചായത്തുതലത്തില്‍ കമ്മിറ്റികള്‍ ഉണ്ട്. ഇവരുടെ പ്രവര്‍ത്തനത്തിന് മാര്‍ഗനിര്‍ദേശവും സഹായവും ഉണ്ടാകണമെന്ന് എംഎല്‍എമാരോടും എംപിമാരോടും അഭ്യര്‍ത്ഥിച്ചു.

വിദേശ രാജ്യങ്ങളില്‍ നിന്ന് വരാന്‍ ആഗ്രഹിക്കുന്നവരുടെ കാര്യത്തില്‍ ആശങ്ക വേണ്ടതില്ല. കൂടുതല്‍ ഫ്‌ളൈറ്റുകള്‍ ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാവുന്നുണ്ട്. ആളുകളെ കൊണ്ടുവരുമ്പോള്‍ മുന്‍ഗണനാ വിഭാഗത്തിലുള്ളവരെ ആദ്യം പരിഗണിക്കണം.

Read More: സംസ്ഥാനത്ത് ഇന്ന് 67 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 10 പേര്‍ക്ക് രോഗമുക്തി

കൊവിഡ് വ്യാപനം തീവ്രമായ പ്രദേശങ്ങളില്‍നിന്ന് വരുന്നവരുടെ കാര്യത്തില്‍ പ്രത്യേക സമീപനം വേണമെന്ന് പ്രതിപക്ഷ നേതാവ് നിര്‍ദേശിച്ചിരുന്നു. ഇക്കാര്യം പരിശോധിച്ച് വേണ്ടത് ചെയ്യും. എന്നാല്‍, അവര്‍ ഇങ്ങോട്ടുവരേണ്ടതില്ല എന്ന സമീപനം ഉണ്ടാകില്ല. വിദേശത്ത് നിന്ന് തിരിച്ചെത്തുന്നവരുടെ മക്കള്‍ക്ക് കേരളത്തിലെ വിദ്യാലയങ്ങളില്‍ തുടര്‍ന്ന് പഠിക്കുന്നതിന് ഒരു പ്രയാസവും ഉണ്ടാകില്ല. നേരത്തെ അത് പറഞ്ഞതാണ്. അതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ട്.

അന്തര്‍ ജില്ലാ ജലഗതാഗതം അനുവദിക്കണമെന്ന ആവശ്യം വീഡിയോ കോണ്‍ഫറന്‍സില്‍ ഉയര്‍ന്നിരുന്നു. അന്തര്‍ജില്ലാ ബസ് സര്‍വ്വീസ് ആരംഭിക്കുന്ന സമയത്ത് ഇക്കാര്യവും പരിഗണിക്കും. വിദേശത്ത് ജോലി ചെയ്യുന്ന മലയാളികള്‍ക്ക് തിരിച്ചുപോകാന്‍ യാത്രാസൗകര്യമില്ലാത്ത പ്രശ്‌നം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ഇത് പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlight: Cm Pinarayi Vijayan, all party meetings

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top