കോട്ടയം ജില്ലയില്‍ ആറുപേര്‍ക്കുകൂടി കൊവിഡ്; ഒരാള്‍ക്ക് രോഗമുക്തി

coronavirus

കോട്ടയം ജില്ലയില്‍ ഇന്ന് ആറു പേര്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ നാലു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും ഒരാള്‍ ചെന്നൈയില്‍ നിന്നും വന്നതാണ്. നേരത്തെ രോഗം ബാധിച്ച യുവതിയുടെ ബന്ധുവാണ് ഒരാള്‍.

രോഗബാധിതനായി ചികിത്സയില്‍ കഴിയുന്ന പായിപ്പാട് നാലു കോടി സ്വദേശിയായ യുവാവിനൊപ്പം മെയ് 11ന് ദുബായ്-കൊച്ചി വിമാനത്തില്‍ എത്തിയ ബന്ധുക്കളായ ദമ്പതികള്‍(ഭര്‍ത്താവിന് 79 വയസും ഭാര്യയ്ക്ക് 71 വയസുമുണ്ട്. ഇവര്‍ നാലുകോടിയിലെ വീട്ടില്‍ ക്വാറന്റീനിലായിരുന്നു), മെയ് 17ന് അബുദാബിയില്‍നിന്നെത്തി ഗാന്ധിനഗറിലെ ക്വാറന്റീന്‍ കേന്ദ്രത്തില്‍ കഴിയുകയായിരുന്ന കുമരകം സൗത്ത് സ്വദേശിനി (60), മെയ് 16ന് ദുബായില്‍നിന്നെത്തിയ ചങ്ങനാശേരി പെരുന്ന സ്വദേശിനിയായ വനിതാ ദന്തഡോക്ടര്‍ (28 വയസ്, ഗര്‍ഭിണിയായ ഇവര്‍ ഹോം ക്വാറന്റീനില്‍ കഴിയുകയായിരുന്നു), ചെന്നൈയില്‍നിന്ന് റോഡ് മാര്‍ഗം നാട്ടിലെത്തിയ ചങ്ങനാശേരി വാഴപ്പള്ളി സ്വദേശി(24 വയസ്, പാലക്കാട്ട് നേരത്തെ രോഗം സ്ഥിരീകരിച്ചയാളുടെ സമ്പര്‍ക്കപ്പട്ടിയില്‍ ഉണ്ടായിരുന്നു) മെയ് 18ന് ബംഗളൂരുവില്‍ നിന്ന് എത്തുകയും 23ന് രോഗം സ്ഥിരീകരിക്കുകയും ചെയ്ത മീനടം സ്വദേശിനിയുടെ പിതാവ് എന്നിവര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

ഇതുവരെ കോട്ടയം ജില്ലക്കാരായ 16 പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളത്. ഇതിനു പുറമെ തിരുവനന്തപുരം ജില്ലയിലെ പാറശാല സ്വദേശിയും കൊവിഡ് പരിചരണത്തിലിരിക്കെ വിദഗ്ധ ചികിത്സയ്ക്കായി പത്തനംതിട്ടയില്‍ നിന്നെത്തിച്ച രണ്ടു പേരുമാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.

Read Also:സംസ്ഥാനത്ത് ഇന്ന് 67 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 10 പേര്‍ക്ക് രോഗമുക്തി

അതേസമയം, കൊവിഡ് സ്ഥിരീകരിച്ച് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അതിരമ്പുഴ സ്വദേശി രോഗമുക്തനായതിനെത്തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങി. മെയ് ഏഴിന് അബുദാബിയില്‍ നിന്നെത്തി കോതനല്ലൂരിലെ ക്വാറന്റീന്‍ കേന്ദ്രത്തില്‍ കഴിയുമ്പോഴാണ് ഇയാളില്‍ വൈറസ് ബാധ കണ്ടെത്തിയത്.

Story highlights-six new covid cases confirmed in kottayam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top