ഫ്‌ളോയിഡിന്റെ കൊലപാതകത്തിൽ പ്രക്ഷോഭം; മിനിയാപൊളിസിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഗവർണർ

കറുത്ത വർഗക്കാരനായ ജോർജ് ഫ്‌ളോയിഡിനെ പൊലീസുകാർ കൊലപ്പെടുത്തിയതിനെതിരെ അമേരിക്കയിലെ മിനിസോട്ടയിലെ മിനിയാപൊളിസിൽ പ്രക്ഷോഭം തുടരുകയാണ്. അതിനിടെ സ്റ്റേറ്റ് ഗവർണർ ടിം വാൽസ് മിനിയാപൊളിസ്, സെന്റ് പോൾ, പരിസര പ്രദേശങ്ങൾ എന്നിവിടങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അദ്ദേഹം സമാധാനപരമല്ലാത്ത പ്രതിഷേധങ്ങൾക്ക് താൻ എതിരല്ലെന്നും അറിയിച്ചിട്ടുണ്ട്. എന്നാൽ ചിലർ നിർഭാഗ്യവശാൽ നിയമപരമല്ലാത്ത, അപകടമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു. കെട്ടിടങ്ങൾക്ക് തീപിടിപ്പിക്കുക, കലാപമുണ്ടാക്കുക, കൊള്ള നടത്തുക, പൊതു- സ്വകാര്യ സ്വത്തുകൾക്ക് നാശനഷ്ടമുണ്ടാക്കുക എന്നിവയാണ് അതിൽ ചിലതെന്നും അദ്ദേഹം അറിയിച്ചു. നാഷണല്‍ ഗാര്‍ഡിനോട് പ്രക്ഷോഭകര്‍ക്കെതിരെ പ്രതികരിക്കാനും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം അമേരിക്കയിൽ പൊലീസുകാരൻ കൊലപ്പെടുത്തിയ ജോർജ് ഫ്‌ളോയിഡിന് നീതി തേടി പ്രതിഷേധക്കാർ തെരുവിൽ പ്രക്ഷോഭം കനപ്പിക്കുകയാണ്. മിനിയാപോളിസ് പൊലീസ് സ്റ്റേഷന് പ്രതിഷേധക്കാർ തീയിട്ടു. നിരവധി പേരാണ് ജോർജിന് നീതി തേടി രംഗത്തെത്തിയത്. പലരും അക്രമാസക്തരായി. ഒരാൾ വെടിയേറ്റു മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരിൽ വീൽചെയറിൽ സഞ്ചരിച്ചിരുന്ന വയോധികയുമുണ്ട്.
Read Also:ജോർജ് ഫ്ളോയിഡിന്റെ കൊലപാതകത്തിൽ പ്രതിഷേധം കനക്കുന്നു; പൊലീസ് സ്റ്റേഷന് തീയിട്ട് പ്രതിഷേധക്കാർ
അതിനിടെ, കറുത്ത വർഗക്കാരനെ കഴുത്തിൽ കാൽമുട്ട് അമർത്തിപ്പിടിച്ചു കൊലപ്പെടുത്തിയ പൊലീസുകാരന്റെ പേര് എഫ്ബിഐ പുറത്തുവിട്ടു. ഡെറിക് ചൗൽ എന്ന പൊലീസുകാരനാണ് ജോർജിനെ കൊന്നത്. ഇയാളുടെ വീടിന് മുന്നിലേയ്ക്ക് പ്രതിഷേധക്കാർ പ്രവഹിച്ചു. പൊലീസെത്തിയാണ് സ്ഥിതി നിയന്ത്രണവിധേയമാക്കിയത്.
ചെറുകിട ഭക്ഷണശാലയിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുന്ന ജോർജ് ഫ്ളോയിഡ്(46) കഴിഞ്ഞ ദിവസമാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. ജോർജിന്റെ കഴുത്തിൽ കാൽമുട്ട് അമർത്തിയായിരുന്നു കൊലപാതകം. നാല് പൊലീസുകാർ ചേർന്ന് അറസ്റ്റ് ചെയ്തതിന് ശേഷമാണ് ജോർജിനെ ഇപ്രകാരം കൈകാര്യം ചെയ്തത്. ഷർട്ട് അഴിച്ച് മാറ്റുകയും റോഡിൽ കമിഴ്ത്തി കിടത്തുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
Story highlights-george floyds murder, minisotta governor declar state of emergency
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here