വയനാടിന്റെ സ്വന്തം വീരേന്ദ്രകുമാര്‍

mp Veerendra Kumar and wayanad

വയനാടിന്റെ വര്‍ത്തമാനവും ഭാവിയും എന്നും എംപി വീരേന്ദ്രകുമാര്‍ എന്ന ബഹുമുഖ പ്രതിഭയോട് ചേര്‍ന്നു നിന്നതാണ്. ദേശീയ രാഷ്ട്രീയത്തില്‍ വയനാട്ടുകാരില്‍ നിന്നുള്ള ആദ്യ അടയാളപ്പെടുത്തലായിരുന്നു എംപി വീരേന്ദ്രകുമാര്‍ എന്ന സോഷ്യലിസ്റ്റ്. വയനാട്ടിലെ പച്ചമണ്ണിനെയും പച്ചയായ മനുഷ്യരെയും ഇത്രമേല്‍ സ്വാധീനിച്ച വ്യക്തികള്‍ വിരളമായിരിക്കും. കല്‍പ്പറ്റ പുളിയാര്‍മലയിലെ വീട്ടില്‍ ആവലാതികള്‍ നേരിട്ടറിയിക്കാന്‍ ഇനി വീരേന്ദ്രകുമാര്‍ ഇല്ലെന്ന യാഥാര്‍ത്ഥ്യം വയനാട്ടുകാരെ സംബന്ധിച്ച് തീരാ വേദനയാണ്.

സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവും മദിരാശി നിയമസഭാംഗവുമായിരുന്ന എംകെ പത്മപ്രഭാ ഗൗഡറുടെയും മരുദേവി അവ്വയുടെയും മകനായി 1936 ജൂലായ് 22 ന് കല്‍പ്പറ്റയിലായിരുന്നു ജനനം. 1987 ല്‍ രാഷ്ട്രീയത്തില്‍ സജീവമായ ശേഷം നിയമസഭാ തെരെഞ്ഞടുപ്പില്‍ മത്സരിച്ചതും ജന്മനാടായ കല്‍പ്പറ്റയില്‍ നിന്നായിരുന്നു. അന്നുവരെ കല്‍പ്പറ്റ മണ്ഡലം കണ്ട ഏറ്റവും മികച്ച ഭൂരിപക്ഷമായ 17,958 വോട്ടിനാണ് വീരേന്ദ്രകുമാര്‍ ആദ്യമായി നിയമസഭയിലെത്തുന്നത്. സി.മമ്മൂട്ടിയായിരുന്നു അന്ന് എതിരാളി. ആ മന്ത്രിസഭയില്‍ വനംവകുപ്പ് മന്ത്രിയായി ചുമതലയേറ്റെങ്കിലും 48 മണിക്കൂറിനുള്ളില്‍ രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് രാജിവച്ചു. ആ ചുരുങ്ങിയ മണിക്കൂറുകള്‍ക്ക് ഇടയിലും വനത്തില്‍ നിന്ന് മരം മുറിക്കരുതെന്ന ഉത്തരവ് പുറപ്പെടുവിച്ചു. വയനാട്ടുകാരന്റെ കാടിനോടുള്ള കരുതലായിരുന്നു നിര്‍ണായക ഉത്തരവിന് പിന്നില്‍.

1980 ല്‍ വയനാട് എന്ന ജില്ല രൂപീകരിക്കുന്നതില്‍ മുഖ്യപങ്കു വഹിച്ച നേതാവായിരുന്നു വീരേന്ദ്രകുമാര്‍. ജില്ലാ രൂപീകരണത്തിന് ശേഷം ജില്ലാ ആസ്ഥാനത്തിന് വേണ്ടി ഇദ്ദേഹം ഭാരവാഹിയായിരുന്ന അനന്തകൃഷ്ണപുരം ജെയിന്‍ ബോര്‍ഡിംഗ് ട്രസ്റ്റിന്റെ കൃഷ്ണഗൗഡ ഹാള്‍ വിട്ടുകൊടുത്തു. നീണ്ട പത്ത് വര്‍ഷം വയനാടിന്റെ ഭരണ സിരാ കേന്ദ്രം ഈ ഹാളായിരുന്നു. വയനാട്ടിലെ ഗ്രാമീണ പാതകളുടെയും പാലങ്ങളുടെയും നിര്‍മാണത്തില്‍ വീരേന്ദ്രകുമാര്‍ എന്ന ജനപ്രതിനിധിയുടെ പങ്ക് വളരെ വലുതാണ്. വയനാട്ടിലെ ഉള്‍നാടന്‍ ഗ്രാമങ്ങളെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന ഗ്രാമീണപാതകള്‍ യാഥാര്‍ത്ഥ്യമായതും അദ്ദേഹം ജനപ്രതിനിധിയായിരുന്ന കാലയളവിലായിരുന്നു. വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കുന്നതിലും ആരംഭിക്കുന്നതിലും ശ്രദ്ധേയമായ ഇടപെടലുകളാണ് അദ്ദേഹം നടത്തിയത്. വയനാട്ടിലെ ഒട്ടുമിക്ക വിദ്യാലയങ്ങളിലും എംപി വീരേന്ദ്രകുമാര്‍ എംപിയുടെ പേരില്‍ ഒരു കെട്ടിടസമുച്ചയമെങ്കിലും കാണും എന്നത് അദ്ദേഹത്തിന്റെ വിദ്യാഭ്യാസ മേഖലയോടുള്ള കരുതലിന് ഉദാഹരണമാണ്.

Read Also:കേരളത്തില്‍ നിറഞ്ഞുനിന്ന പ്രതിഭയാണ് എം പി വീരേന്ദ്രകുമാര്‍

വിളനാശവും വിലയിടിവും കൊണ്ട് എന്നും ദുരിതത്തിലായിരുന്ന വയനാടന്‍ കര്‍ഷകന്റെ പ്രശ്‌നങ്ങള്‍ മുഖ്യധാരയിലെത്തിക്കാന്‍ നിരന്തര ഇടപെടലുകള്‍ നടത്തിയ നേതാവാണ് വീരേന്ദ്രകുമാര്‍. വയനാട്ടിലെ കാപ്പികര്‍ഷകരെ സംഘടിപ്പിക്കുന്നതില്‍ നേതൃപരമായ പങ്ക് വഹിച്ചത് അദ്ദേഹമായിരുന്നു. ബംഗളൂരുവിലെ കോഫീ ബോര്‍ഡ് ആസ്ഥാനത്ത് വയനാട്ടിലെ കാപ്പി കര്‍ഷകരെ സംഘടിപ്പിച്ച് അദ്ദേഹം നടത്തിയ സമരം ദേശീയ ശ്രദ്ധ നേടി. വയനാട്ടിലെ കാര്‍ഷിക പാരിസ്ഥിതിക പ്രശ്‌നങ്ങളില്‍ നിരന്തര ഇടപെടലുകള്‍ നടത്തിക്കൊണ്ടിരുന്ന നേതാവായിരുന്നു അദ്ദേഹം. കേന്ദ്രമന്ത്രി സ്ഥാനം അടക്കമുള്ള പദവികള്‍ അലങ്കരിച്ചപ്പോഴും ജന്മനാടിനോട് പ്രത്യേക പരിഗണനയാണ് അദ്ദേഹം നല്‍കിയത്.

Story highlights-mp Veerendra Kumar and wayanad

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top