Advertisement

കേരളത്തില്‍ നിറഞ്ഞുനിന്ന പ്രതിഭയാണ് എം പി വീരേന്ദ്രകുമാര്‍

May 29, 2020
Google News 0 minutes Read
MP Veerendra Kumar

–  തോമസ് ജേക്കബ് 
(മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍) 

കേരളത്തില്‍ നിറഞ്ഞുനിന്ന പ്രതിഭയാണ് എം പി വീരേന്ദ്രകുമാര്‍. എഴുത്തിലും പ്രസംഗത്തിലും രാഷ്ട്രീയത്തിലും ഇത്തരത്തില്‍ പ്രതിഭയുള്ള വളരെ കുറച്ച് ആളുകളെ മാത്രമേ ഞാന്‍ പരിചയപ്പെട്ടിട്ടുള്ളൂ. ഇതൊന്നും അല്ലാതിരുന്ന കാലം തൊട്ടെ അദ്ദേഹത്തെ അറിയാം. വയനാട്ടില്‍ മാത്രം പ്രവര്‍ത്തനം ഒതുങ്ങിനിന്നിരുന്ന കാലം മുതലുള്ള വളര്‍ച്ച വളരെ അദ്ഭുതത്തോടെയാണ് കണ്ടിരുന്നത്.

ഇംഗ്ലീഷിലും മലയാളത്തിലും അനായാസമായി സംസാരിക്കാനും എഴുതാനും കഴിയുന്നയാളാണ് അദ്ദേഹം. പത്രത്തിലേക്ക് കടന്നുവന്നപ്പോള്‍ ആദ്യം ഒരു ഡയറക്ടര്‍ മാത്രമായിരുന്ന അദ്ദേഹം സഹോദരപുത്രന്റെ നിര്യാണത്തെ തുടര്‍ന്ന് മാനേജിംഗ് ഡയറക്ടറായപ്പോള്‍ മാതൃഭൂമിക്ക് തിരുവനന്തപുരത്ത് ഒരു യൂണിറ്റില്ലെന്നും അത് വലിയ പരാജയമാണെന്നും മനസിലാക്കി. ഒരു വര്‍ഷംകൊണ്ട് അദ്ദേഹം തിരുവനന്തപുരത്ത് യൂണിറ്റ് തുടങ്ങി.

മദ്രാസ് യൂണിറ്റിന്റെ ഭാഗമായുള്ള മലബാറിലെ ഒരു പത്രം തിരുവനന്തപുരത്ത് വരാന്‍ അതിലും നേരത്തെ ശ്രമിക്കേണ്ടതായിരുന്നുവെന്ന് മാധ്യമ എഴുത്തുകാരന്മാര്‍ ഇപ്പോഴും പറയും. പക്ഷേ അദ്ദേഹം കെട്ടിടം പണിയാന്‍ സ്ഥലമൊക്കെ തയാറാക്കിയെങ്കിലും കെട്ടിടം പണിതാല്‍ വീണ്ടും വൈകുമെന്നതിനാല്‍ ഒരു കെട്ടിടം വാടകയ്ക്ക് എടുത്ത് അടിയന്തരമായി അവിടെനിന്ന് പത്രം ആരംഭിച്ചു.

രാഷ്ട്രീയത്തില്‍ അദ്ദേഹം താരതമ്യേന ചെറിയൊരു പാര്‍ട്ടിയിലായി പോയില്ലെങ്കില്‍ കേരളത്തില്‍ മുഖ്യമന്ത്രി പദവിയിലേക്ക് വരാന്‍ സാധിക്കുന്നൊരാളായിരുന്നു. കാണെക്കാണെ വളര്‍ന്നുകൊണ്ടിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. ഓരോ തവണയും അദ്ദേഹത്തിന്റെ പ്രസംഗം കേള്‍ക്കുമ്പോള്‍ രണ്ടുവര്‍ഷം മുന്‍പ് കേട്ട പ്രഭാഷണത്തില്‍ നിന്ന് എത്രയോ മുന്നോട്ട് പോയിരിക്കുന്നുവെന്ന് മനസിലാക്കാം.

അദ്ദേഹം എഴുതിയ പുസ്തകങ്ങള്‍ എടുത്ത് നോക്കിയാല്‍ തന്നെ അത് മനസിലാക്കാം. യാത്രാവിവരണങ്ങളും ആധ്യാത്മിക ഗ്രന്ഥങ്ങള്‍ മുതല്‍ രാഷ്ട്രീയ വിശകലനങ്ങളും അദ്ദേഹം എഴുതി. ഇതെല്ലാം അദ്ദേഹത്തിന്റെ പ്രതിഭയുടെ ഭാഗമാണ്. രാഷ്ട്രീയത്തില്‍ സജീവമായി നില്‍ക്കുമ്പോഴും എഴുത്തും പ്രഭാഷണവുമെല്ലാം അദ്ദേഹം ഒപ്പം കൊണ്ടുപോയി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here