പാംബ്ല, കല്ലാർക്കുട്ടി ഡാമുകളുടെ ഷട്ടറുകള്‍ നാളെ തുറക്കും

പാംബ്ല, കല്ലാർക്കുട്ടി ഡാമുകളുടെ ഷട്ടറുകൾ 10 സെന്റിമീറ്റർ നാളെ തുറക്കും. പെരിയാർ, മുതിരപ്പുഴയാർ തീരത്ത് വസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ കളക്ടർ മുന്നറിയിപ്പ് നൽകി. ഡാമുകളുടെ വൃഷ്ടി പ്രദേശത്ത് മഴ ശക്തമായതിനാലും ജൂൺ ഒന്ന് വരെ ജില്ലയിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഡാമിന്റെ ഷട്ടറുകൾ തുറക്കുന്നത്.
കല്ലാർകുട്ടിയിലെ നിലവിലെ ജലനിരപ്പ് 452.10 മീറ്ററാണ്. ഡാമിന്റെ ജലനിരപ്പ് പരമാവധി 456.60 മീറ്റർ ആയിരിക്കെയാണ് ഈ അവസ്ഥ. പാംബ്ല അണക്കെട്ടിലെ നിലവിലെ ജലനിരപ്പ് 248.4 മീറ്ററാണ്. പരമാവധി 253 മീറ്ററാണ് ഡാമിൽ ഉൾക്കൊള്ളുന്ന ജലത്തിന്റെ നിരപ്പ്. നാളെ രാവിലെ 10 മുതൽ കല്ലാർകുട്ടി ഡാമിന്റെ ഒരു ഷട്ടർ 10 സെമീ ഉയർത്തി 10 ക്യുമക്സ് വരെ ജലവും പാംബ്ല ഡാമിന്റെ ഒരു ഷട്ടർ 10 സെമീ ഉയർത്തി 15 ക്യുമക്സ് വരെ ജലവും തുറന്നുവിടും.
അതേസമയം തിരുവനന്തപുരത്ത് ശക്തമായ മഴ തുടരുന്നതിനിടെ അരുവിക്കര ഡാം ഷട്ടർ തുറന്നു. മൂന്നാം ഷട്ടർ 70 സെന്റി മീറ്ററും നാലാം ഷട്ടർ ഒരു മീറ്ററും ഉയർത്തി. കരമന, കിള്ളിയാറിന് ഇരുകളിലുമുള്ളവർ ജാഗ്രത പുലർത്താൻ ജില്ലാ ഭരണകൂടം നിർദേശം നൽകി.
സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ മഴ കനക്കുകയാണ്. എറണാകുളം ജില്ലയിലെ ഭൂതത്താൻകെട്ട് ബാരേജിലെ ജലനിരപ്പ് 33.60 മീറ്ററിലെത്തിയ സാഹചര്യത്തിൽ ബാരേജിന്റെ മൂന്ന് ഷട്ടർ 50 സെൻറിമീറ്റർ ഉയർത്തിയിരുന്നു. ഡാമിന്റ ജലസംഭരണശേഷി 34.95 മീറ്റർ ആണ്. ഇതേ തുടർന്ന് പെരിയാറിന്റെ തീരങ്ങളിൽ ഉള്ളവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here