Advertisement

അമ്മ മരിച്ചതറിയാതെ വിളിച്ചുണർത്താൻ ശ്രമിക്കുന്ന കുഞ്ഞ്; സംഭവത്തിൽ ഞെട്ടലറിയിച്ച് പാട്ന ഹൈക്കോടതി

May 29, 2020
Google News 2 minutes Read

പട്ടിണിയും കടുത്ത ചൂടും മൂലം ട്രെയിനിൽ യുവതി കുഴഞ്ഞു വീണ് മരിച്ച വിഷയത്തിൽ ഇടപെട്ട് പാട്ന ഹൈക്കോടതി. സംഭവം ഞെട്ടിപ്പിക്കുന്നതും നിര്‍ഭാഗ്യകരവുമാണെന്ന് കോടതി വിലയിരുത്തി.

ബിഹാറിലെ മുസാഫര്‍പുരിലെ റെയില്‍വേ സ്റ്റേഷനില്‍ അമ്മ മരിച്ചതറിയാതെ വിളിച്ചുണർത്താൻ ശ്രമിക്കുന്ന കുഞ്ഞിന്റെ വാര്‍ത്ത രണ്ടു ദിവസങ്ങള്‍ക്ക് മുമ്പാണ് ദൃശ്യങ്ങള്‍ സഹിതം പുറത്തുവന്നത്. ലോക്ക്ഡൗണിനെ തുടര്‍ന്ന് രാജ്യത്തെ കുടിയേറ്റ തൊഴിലാളികള്‍ അനുഭവിക്കുന്ന ദുരിതം വ്യക്തമാക്കുന്നതായിരുന്നു ആ ദൃശ്യം. യുവതിയുടേത് സ്വാഭാവിക മരണമാണെന്നാണ് ബിഹാര്‍ സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. സഹോദരിക്കും സഹോദരി ഭര്‍ത്താവിനുമൊപ്പമാണ് യുവതി യാത്ര ചെയ്തിരുന്നതെന്നും യുവതിക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നെന്നും സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു. എന്നാല്‍ നിരവധി മറുചോദ്യങ്ങളുന്നയിക്കുകയാണ് കോടതി ചെയ്തത്.

യുവതിയുടെ മൃതദേഹ പരിശോധന നടത്തിയോ എന്നും പട്ടിണിമൂലമാണോ മരണമെന്നും കോടതി ചോദിച്ചു. നിയമ നിര്‍വഹണ ഏജന്‍സികള്‍ എന്തുനടപടിയാണ് ഇക്കാര്യത്തില്‍ സ്വീകരിച്ചത്? മരണാനന്തരചടങ്ങുകള്‍ അവരുടെ ആചാരം, പാരമ്പര്യം, സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണോ നടത്തിയത്? അമ്മയെ നഷ്ടപ്പെട്ട ആ കുട്ടികളെ ആരാണ് പരിപാലിക്കുന്നത്? തുടങ്ങിയ ചോദ്യങ്ങളും കോടതി ഉന്നയിച്ചു. സംഭവത്തിൽ റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർദേശിച്ചു. കേസ് ജൂൺ മൂന്നിന് വീണ്ടും പരി​ഗണിക്കും.

കതിഹാര്‍ സ്വദേശിയാണ് മരിച്ച അര്‍ബീന. ഭര്‍ത്താവ് ഉപേക്ഷിച്ചതിനാല്‍ സഹോദരിക്കും സഹോദരീഭര്‍ത്താവിനുമൊപ്പമാണ് അവര്‍ താമസിച്ചിരുന്നത്. അര്‍ബീനയുടെ മകന്‍ നിലവില്‍ സഹോദരിയുടെ സംരക്ഷണയിലാണ്.

story highlights- patna high court, dead body, toddler trying to wake up dead mother

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here