കുടിയേറ്റ തൊഴിലാളികൾക്ക് നാടണയാൻ ടോൾ ഫ്രീ നമ്പർ; മാനവികതയുടെ കരുതലായി വീണ്ടും സോനു സൂദ്

കുടിയേറ്റ തൊഴിലാളികൾക്ക് സുരക്ഷിതമായി വീട്ടിലെത്താൻ ടോൾ ഫ്രീ നമ്പർ അവതരിപ്പിച്ച് ബോളിവുഡ് നടൻ സോനു സൂദ്. തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് താരം നമ്പർ അവതരിപ്പിച്ചത്. മുൻപ് കുടിയേറ്റ തൊഴിലാളികൾക്ക് വാഹന സൗകര്യം ഏർപ്പെടുത്തിയ സോനു സൂദ് അവരുടെ കാര്യത്തിലെടുക്കുന്ന കരുതൽ ശ്രദ്ധേയമാണ്.
Read Also: കുടിയേറ്റ തൊഴിലാളികളുടെ പലായനം; ഭക്ഷണവും വെള്ളവും ഉറപ്പാക്കണമെന്ന് സുപ്രിംകോടതി
“എനിക്ക് ഒരുപാട് കോളുകൾ വരുന്നുണ്ട്. ദിവസേന ആയിരത്തോളം കോളുകളാണ് വരുന്നത്. എൻ്റെ സുഹൃത്തുക്കളും കുടുംബവും ഈ വിവരങ്ങളൊക്കെ ശേഖരിക്കുകയായിരുന്നു. അപ്പോഴാണ് ഞങ്ങളിലേക്ക് എത്താൻ കഴിയാത്ത ഒരുപാട് പേർ ഉണ്ടാവുമെന്ന് ഞങ്ങൾക്ക് തോന്നിയത്. അങ്ങനെ ഒരു ടോൾ ഫ്രീ നമ്പർ ഏർപ്പെടുത്താൻ ഞങ്ങൾ തീരുമാനിച്ചു. ഒരുപ് പ്രത്യേക സംഘം ഇവിടെ പണിയെടുക്കും. പരമാവധി ആളുകളിലേക്ക് എത്താനും എല്ലാവരെയും ബന്ധപ്പെടാനും ശ്രമിക്കും. എത്ര പേരെ സഹായിക്കാനാവുമെന്ന് ഞങ്ങൾക്കറിയില്ല. പക്ഷേ, ഞങ്ങൾ ശ്രമിക്കും.”- സോനു സൂദ് തൻ്റെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ കുറിച്ചു.
പലയിടങ്ങളിലായി കുടുങ്ങിപ്പോയവരെ പലതരത്തിലാണ് സോനു സഹായിച്ചത്. നാടുകളിലേക്ക് എത്താൻ അവർക്ക് ബസുകൾ വിട്ടു നൽകിയ താരം ക്വാറൻ്റീൻ ആവശ്യങ്ങൾക്കായി തൻ്റെ ഹോട്ടലും വിട്ടു നൽകിയിരുന്നു. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ ആരാധകർക്കെല്ലാം മറുപടി നൽകാനും സോനു സമയം കണ്ടെത്തുന്നു. ജനങ്ങളെ അവരുടെ വീട്ടിലേക്ക് എത്തിക്കുമ്പോൾ തനിക്ക് സന്തോഷം തോന്നുമെന്നാണ് അദ്ദേഹം പറയുന്നത്. അങ്ങനെ ചെയ്യുന്നതിലൂടെ തനിക്ക് ആത്മസംതൃപ്തി ലഭിക്കും. എല്ലാവരും വീട്ടിലെത്തുന്നത് വരെ ഞാൻ റോഡിൽ തന്നെയുണ്ടാകും. അതിന് വേണ്ടി എത്ര കഠിനാധ്വാനം ചെയ്യാനും തയ്യാറാണെന്നും സോനു പറയുന്നു.
ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ സിനിമകളിലൂടെ പ്രശസ്തനായ അഭിനേതാവാണ് സോനു സൂദ്. വില്ലൻ വേഷങ്ങളാണ് അദ്ദേഹം കൂടുതലും അവതരിപ്പിച്ചിട്ടുള്ളത്. മൻഡാരിൻ ഭാഷയിലുള്ള ഒരു സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
Story Highlights: Sonu Sood Launched Toll-Free Number To Help Migrants Reach Home
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here