Advertisement

ഫ്‌ളോയിഡിന്റെ കൊലപാതകത്തിൽ പ്രതിഷേധിക്കുന്നവരെ ‘കൊള്ളക്കാർ’ എന്ന് വിശേഷിപ്പിച്ച് ട്രംപ്

May 29, 2020
Google News 2 minutes Read

മിനിയാപൊളിസിൽ കറുത്ത വർഗക്കാരനായ ജോർജ് ഫ്‌ളോയിഡിനെ പൊലീസുകാർ റോഡിൽ വച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിക്കുന്നവരെ ‘കൊള്ളക്കാർ’ എന്ന് വിളിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ്.

‘മിനിയാപൊളിസ് നഗരത്തിന് ഇങ്ങനെ സംഭവിക്കുന്നത് മാറി നിന്ന് കാണാൻ എനിക്ക് സാധിക്കുന്നില്ല. നേതൃത്വത്തിന്റെ അഭാവമാണ് അവിടെ കാണാൻ കഴിയുക. ഒന്നുകിൽ ഇടത് പക്ഷത്തെ ദുർബലനായ മേയർ ജേക്കബ് ഫ്രേ നഗരത്തെ നിയന്ത്രണത്തിൽ കൊണ്ടുവരണം അല്ലെങ്കിൽ നാഷണൽ ഗാർഡിനെ അയച്ച് ഞാൻ ആ ജോലി ചെയ്യും’ ട്രംപ് ട്വീറ്റ് ചെയ്തു.

കൂടാതെ പ്രക്ഷോഭകരെ ട്രംപ് ‘കൊള്ളക്കാർ’ എന്നും ട്വീറ്റിൽ വിശേഷിപ്പിച്ചു. ‘ആ ‘കൊള്ളക്കാർ’ ജോർജ് ഫ്‌ളോയിഡിന്റെ ഓർമയെ തരംതാഴ്ത്തുകയാണ്. അത് സംഭവിക്കാൻ ഞാൻ അനുവദിക്കില്ല. ഞാൻ മിനിസോട്ട ഗവർണർ ടിം വാൽസിനോട് സംസാരിക്കുകയും സൈന്യത്തിന്റെ സഹായം ഉറപ്പ് നൽകുകയും ചെയ്തു.’ എന്ത് ബുദ്ധിമുട്ട് നേരിടേണ്ടി വന്നാലും നിയന്ത്രണം കൊണ്ടുവരുമെന്നും കൊള്ള തുടങ്ങുമ്പോൾ വെടിവയ്പ് ആരംഭിക്കുമെന്നും ട്രംപ് ട്വിറ്റിൽ വ്യക്തമാക്കി.

ട്വിറ്റർ ഈ ട്വീറ്റിന് വാർണിംഗ് ലേബലുമായി രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ വായനക്കാർക്ക് ട്വീറ്റ് കാണാൻ സാധിക്കും. തങ്ങളുടെ പോളിസി ലംഘിച്ച് ഹിംസയെ പ്രകീർത്തിക്കുകയാണ് ട്വീറ്റ് എന്ന് ട്വിറ്റർ. പൊതുജന താത്പര്യാർത്ഥമാണ് ട്വീറ്റ് ഇപ്പോഴും കാണാൻ അനുവദിക്കുന്നതെന്നും ട്വിറ്റർ.

Read Also:ഫ്‌ളോയിഡിന്റെ കൊലപാതകത്തിൽ പ്രക്ഷോഭം; മിനിയാപൊളിസിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഗവർണർ

അതിനിടെ സ്റ്റേറ്റ് ഗവർണർ ടിം വാൽസ് മിനിയാപൊളിസ്, സെന്റ് പോൾ, പരിസര പ്രദേശങ്ങൾ എന്നിവിടങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അദ്ദേഹം സമാധാനപരമല്ലാത്ത പ്രതിഷേധങ്ങൾക്ക് താൻ എതിരല്ലെന്നും അറിയിച്ചിട്ടുണ്ട്. എന്നാൽ ചിലർ നിർഭാഗ്യവശാൽ നിയമപരമല്ലാത്ത, അപകടമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു. കെട്ടിടങ്ങൾക്ക് തീപിടിപ്പിക്കുക, കലാപമുണ്ടാക്കുക, കൊള്ള നടത്തുക, പൊതു- സ്വകാര്യ സ്വത്തുകൾക്ക് നാശനഷ്ടമുണ്ടാക്കുക എന്നിവയാണ് അതിൽ ചിലതെന്നും അദ്ദേഹം അറിയിച്ചു.

ചെറുകിട ഭക്ഷണശാലയിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുന്ന ജോർജ് ഫ്‌ളോയിഡ്(46) കഴിഞ്ഞ ദിവസമാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. ജോർജിന്റെ കഴുത്തിൽ കാൽമുട്ട് അമർത്തിയായിരുന്നു കൊലപാതകം. നാല് പൊലീസുകാർ ചേർന്ന് അറസ്റ്റ് ചെയ്തതിന് ശേഷമാണ് ജോർജിനെ ഇപ്രകാരം കൈകാര്യം ചെയ്തത്. ഷർട്ട് അഴിച്ച് മാറ്റുകയും റോഡിൽ കമിഴ്ത്തി കിടത്തുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

Story highlights-trump calls floyd’s death protesters thugs

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here