വീരേന്ദ്രകുമാറിന്റെ വിയോ​ഗം സൃഷ്ടിച്ചത് വലിയ ശൂന്യത; നഷ്ടമായത് സാംസ്കാരിക രം​ഗത്തെ മഹാപ്രതിഭയെ; അനുസ്മരിച്ച് വി എസ് അച്യുതാനന്ദൻ

v s achuthanandan fb post on mp veerendra kumar

അന്തരിച്ച എം പി വീരേന്ദ്രകുമാർ എംപിയെ അനുസ്മരിച്ച് മുതിർന്ന സിപിഐഎം നേതാവും ഭരണ പരിഷ്കരണ കമ്മീഷൻ ചെയർമാനുമായ വി എസ് അച്യുതാനന്ദൻ. എം പി വീരേന്ദ്രകുമാറിന്റെ വിയോഗം ഇന്ത്യന്‍, കേരള രാഷ്ട്രീയത്തില്‍ വലിയ ശൂന്യതയാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് വി എസ് അച്യുതാനന്ദൻ പറഞ്ഞു.

സാംസ്‌കാരിക രംഗത്തെ മഹാപ്രതിഭയെയും കൂടിയാണ് നഷ്ടമായിരിക്കുന്നത്. അരനൂറ്റാണ്ടിലേറെ കാലത്തെ അടുപ്പവും ബന്ധവുമാണ് അദ്ദേഹവുമായി ഉണ്ടായിരുന്നത്. ഇടതുപക്ഷ സോഷ്യലിസ്റ്റ് നിലപാടുകളില്‍ ഉറച്ചുനിന്ന് പ്രകൃതി ചൂഷണത്തിനും ആഗോളവത്ക്കരണത്തിനും വര്‍ഗീയതയുടെ വ്യാപനത്തിനുമെതിരായി അദ്ദേഹം കൈകൊണ്ട നിലപാടുകള്‍ ചരിത്രത്തിന്റെ ഭാഗമാണ്. അടിയന്തരാവസ്ഥയ്ക്കും ജലചൂഷണത്തിനുമെതിരെയുമൊക്കെയുള്ള നിരവധി സമരമുഖങ്ങളില്‍ ഒരുമിച്ച് നില്‍ക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും വി എസ് ഓർത്തു.

Read Also:വീരേന്ദ്രകുമാറിന്റെ മരണത്തിൽ അനുശോചനം അറിയിച്ച് രാഹുൽ ​ഗാന്ധി

ഗാട്ടുംകാണാചരടുകളും, രാമന്റെ ദു:ഖം, എന്നിങ്ങനെ തന്റെ ശക്തമായ രചനാശൈലിയിലൂടെ രാഷ്ട്രീയനിലപാടുകള്‍ ജനങ്ങളില്‍ എത്തിക്കാന്‍ കഴിഞ്ഞ നേതാവുകൂടിയായിരുന്നു വീരേന്ദ്രകുമാര്‍. തന്നോടൊപ്പം നടന്ന പല സോഷ്യലിസ്റ്റുകളും അവസരവാദപരമായ കൂടുമാറ്റം നടത്തിയപ്പോഴും അദ്ദേഹം സോഷ്യലിസ്റ്റായി തന്നെ ഉറച്ചു നിന്നു. ഇടതുപക്ഷജനാധിപത്യമുന്നണി ശക്തിപ്പെടുത്താന്‍ വീരേന്ദ്രകുമാര്‍ നടത്തിയ ഇടപെടലുകളും ഓര്‍ക്കുന്നു. സുദീര്‍ഘമായ തന്റെ രാഷ്ട്രീയജീവിതത്തില്‍ ഏറെക്കാലം ഒപ്പം നടന്ന, തന്റെ വ്യക്തിപരമായ സുഖദു:ഖങ്ങളില്‍ പങ്കുചേര്‍ന്ന സുഹൃത്തും കേരളത്തിന്റെ രാഷ്ട്രീയഗതിവിഗതികള്‍ നിര്‍ണ്ണയിക്കുന്നതില്‍ നിര്‍ണ്ണായക സാന്നിദ്ധ്യവുമായിരുന്നു വീരേന്ദ്രകുമാറെന്നും വി എസ് കൂട്ടിച്ചേർത്തു.

Story highlights-v s achuthanandan fb post on mp veerendra kumar

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top