രാജ്യത്ത് ദിനംപ്രതി റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് കേസുകളിലും മരണ സംഖ്യയിലും റെക്കോർഡ് വർധന

രാജ്യത്ത് ദിനംപ്രതി റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് കേസുകളുടെ എണ്ണത്തിലും മരണസംഖ്യയിലും റെക്കോർഡ് വർധന. തുടർച്ചയായ രണ്ടാം ദിനവും ഏഴായിരത്തിൽ അധികം കേസുകൾ റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറിനിടെ 7964 പോസിറ്റീവ് കേസുകളും 265 മരണവുമാണ് റിപ്പോർട്ട് ചെയ്തത്. ആകെ പോസിറ്റീവ് കേസുകൾ 173763 ആയി. ഇതുവരെ 4971 പേർ മരിച്ചു. അതേസമയം, 24 മണിക്കൂറിനിടെ 11,264 പേർ രോഗമുക്തരായി. രോഗം ഭേദമായവരുടെ ആകെ എണ്ണം 80000 കടന്നു. തമിഴ്‌നാട്ടിൽ കൊവിഡ് കേസുകൾ 21000വും ഗുജറാത്തിൽ മരണം ആയിരവും കടന്നു.
കൊവിഡ് ബാധിതരുടെ എണ്ണത്തിൽ തുർക്കിയെ മറികടന്നതിന് പിന്നാലെയാണ് രാജ്യത്ത് 8000ന് അടുപ്പിച്ച് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തത്. അഞ്ച് ദിവസത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ 4.4 ശതമാനമാണ് പുതിയ കേസുകളുടെ ശരാശരി വളർച്ചാനിരക്ക്. ആഗോളനിരക്കുമായി താരതമ്യം ചെയ്യുമ്പോൾ രാജ്യത്തെ മരണനിരക്ക് കുറവാണെങ്കിലും ക്രമമായി ഉയരുന്നത് ആശങ്കയായി. മഹാരാഷ്ട്ര, ഗുജറാത്ത്, ഡൽഹി എന്നീ സംസ്ഥാനങ്ങളിൽ മരണനിരക്ക് ദേശീയ നിരക്കിനേക്കാൾ ഉയരെയാണ്. അതേസമയം, രാജ്യത്ത് 82369 പേർ രോഗമുക്തരായി. രോഗം ഭേദമാകുന്നവരുടെ നിരക്ക് 47.40 ശതമാനമായി ഉയർന്നു. തമിഴ്‌നാട്ടിൽ 24 മണിക്കൂറിനിടെ 938 പോസിറ്റീവ് കേസുകളും ആറ് മരണവും റിപ്പോർട്ട് ചെയ്തു. ചെന്നൈയിൽ മാത്രം 616 പുതിയ കേസുകൾ. സംസ്ഥാനത്ത് ആകെ കൊവിഡ് കേസുകൾ 21,184ഉം മരണം 160ഉം ആയി. ഗുജറാത്തിൽ മരണം ആയിരം കടന്നു. ഇതുവരെ 1007 പേർ മരിച്ചു. 24 മണിക്കൂറിനിടെ 412 പുതിയ കേസുകളും 27 മരണവും റിപ്പോർട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസുകൾ 16,356 ആയി. അതേസമയം, 9230 പേർ രോഗമുക്തരായി ആശുപത്രി വിട്ടു.
ഡൽഹിയിൽ 1163 പേർ കൂടി രോഗികളായതോടെ ആകെ പോസിറ്റീവ് കേസുകൾ 18549 ആയി. ഇതുവരെ 416 പേർ മരിച്ചു. പൈലറ്റിന് കൊവിഡ് പോസിറ്റീവ് കണ്ടെത്തിയതിനെ തുടർന്ന് ഡൽഹി..മോസ്‌കോ എയർ ഇന്ത്യ വിമാനം തിരികെ വിളിച്ചു. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച എയർ ഇന്ത്യ, വിമാനത്തിലുണ്ടായിരുന്ന മുഴുവൻ ജീവനക്കാരെയും നിരീക്ഷണത്തിലേക്ക് മാറ്റി. വിമാനം ഉസ്‌ബെക്കിസ്ഥാൻ വ്യോമപാതയിലൂടെ സഞ്ചരിക്കുമ്പോൾ, പൈലറ്റിന്റെ പരിശോധനഫലം പോസിറ്റീവാണെന്ന് കണ്ടെത്തുകയും വിമാനത്തെ തിരികെ വിളിക്കുകയായിരുന്നു.
Story Highlights- record increase in covid cases india
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here