ധനസഹായം നിർത്തി; ലോകാരോഗ്യ സംഘടനുമായുള്ള ബന്ധം ഉപേക്ഷിക്കുന്നു: ഡോണൾഡ് ട്രംപ്

ലോകാരോഗ്യ സംഘടനയുമായുള്ള ബന്ധം ഉപേക്ഷിക്കുന്നു എന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. കൊവിഡ് 19 വൈറസ് പ്രതിരോധിക്കുന്നതിൽ സംഘടന പരാജയപ്പെട്ടു എന്ന് ആരോപിച്ചാണ് ട്രംപിൻ്റെ നടപടി. ലോകാരോഗ്യ സംഘടനക്കുള്ള ധനസഹായം നിർത്തുന്നു എന്നറിയിച്ചതിനു പിന്നാലെയാണ് ട്രംപിൻ്റെ പുതിയ നീക്കം.
“ലോകാരോഗ്യസംഘടന പരിഷ്കാരങ്ങൾ നടപ്പാക്കാത്ത സാഹചര്യത്തിൽ അവരുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കുകയാണ്. ലോകം ആവശ്യപ്പെടുന്ന രീതിയിൽ പ്രവർത്തിക്കുന്നതിൽ ലോകാരോഗ്യസംഘടന പരാജയപ്പെട്ടു. ചൈനയിൽ നിന്ന് വൈറസിനെ കുറിച്ച് ലോകത്തിന് ഉത്തരങ്ങൾ വേണം. ലോകാരോഗ്യ സംഘടക്ക് നൽകി വന്നിരുന്ന ധനസഹായം ലോകത്തുള്ള മറ്റ് ആരോഗ്യ ആവശ്യങ്ങൾക്ക് നൽകും.”- ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Read Also: ഇന്ത്യ- ചൈന അതിർത്തി തർക്കം; മധ്യസ്ഥം വഹിക്കാൻ തയാറെന്ന് ട്രംപ്
ലോകാരോഗ്യ സംഘടനയ്ക്കുള്ള ധനസഹായം പൂര്‍ണമായും നിര്‍ത്തിവെക്കുമെന്ന് ട്രംപ് മെയ് 19 ന് മുന്നറിയിപ്പ് നൽകിയിരുന്നു. അമേരിക്ക പ്രതിവര്‍ഷം 45 കോടി ഡോളറാണ് ലോകാരോഗ്യ സംഘടനയ്ക്ക് നല്‍കുന്നത്. എന്നാല്‍ ചൈനയാകട്ടെ നാല് കോടി ഡോളറും. ഇങ്ങനെയായിട്ടും ലോകാരോഗ്യ സംഘടനയെ ചൈനയാണ് നിയന്ത്രിക്കുന്നതെന്ന് ട്രംപ് ആരോപിച്ചിരുന്നു.
കൊവിഡ് ബാധ ലോകമെമ്പാടും പകരാൻ കാരണം ഒന്നുകിൽ ചൈനയുടെ ഭാഗത്തെ തെറ്റോ അല്ലെങ്കിൽ കഴിവില്ലായ്മയോ ആണെന്നും ട്രംപ് ആരോപിച്ചിരുന്നു. കൊറോണ വൈറസിനെ തുടക്കത്തിൽ തന്നെ തടയാമായിരുന്നു. അത് വലിയ പ്രയാസമുള്ള കാര്യമായിരുന്നില്ല. എന്നാൽ എന്തോ സംഭവിക്കുകയാണ് ഉണ്ടായത്. അത് ചൈനയുടെ ഭാഗത്ത് നിന്നുണ്ടായ വലിയ പിഴവാകാം. അല്ലെങ്കിൽ അവരുടെ കഴിവില്ലായ്മയായിരിക്കാമെന്ന് ട്രംപ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അവർ ചെയ്യേണ്ടത് ചെയ്തില്ല. അത് വളരെ മോശമായി പോയി.
Read Also: കൊവിഡിന്റെ ലോകവ്യാപനം; ചൈനയുടെ തെറ്റോ അല്ലെങ്കിൽ കഴിവില്ലായ്മയോ എന്ന് ട്രംപ്
നേരത്തെയും കൊവിഡിന്റെ കാര്യത്തിൽ ചൈനക്കെതിരെ ട്രംപ് ആരോപണം ഉന്നയിച്ചിരുന്നു. അറിഞ്ഞുകൊണ്ടാണ് കൊവിഡിനെ ചൈന തടയാതിരുന്നത് എങ്കിൽ വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ചൈന കൊവിഡ് മരണക്കണക്കുകളിൽ കൃത്രിമം കാണിക്കുന്നുണ്ടെന്നും ട്രംപ് ആരോപിച്ചിരുന്നു.
Story Highlights: Donald Trump says US terminating relationship with WHO
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here