സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിച്ച നടപടി പിന്‍വലിച്ചു; എല്ലാ സീറ്റിലും യാത്രക്കാര്‍ക്ക് ഇരിക്കാം

KSRTC

സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിച്ച നടപടി പിന്‍വലിച്ചു. സംസ്ഥാനത്ത് ബസ് ഗതാഗതം സാധാരണ നിലയിലേക്ക് എത്തുന്നതോടെയാണ് തീരുമാനം. അന്തര്‍ ജില്ലാ ബസ് സര്‍വീസുകള്‍ പരിമിതമായ തോതില്‍ അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തൊട്ടടുത്ത രണ്ട് ജില്ലകള്‍ക്കിടയില്‍ സര്‍വീസ് അനുവദിക്കുമെന്നും യാത്രക്കാര്‍ക്ക് എല്ലാ സീറ്റുകളിലും ഇരുന്ന് യാത്ര ചെയ്യാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ബസിലെ മുഴുവന്‍ സീറ്റിംഗ് കപ്പാസിറ്റിയും ഉപയോഗിക്കാന്‍ കഴിയുമെന്നതിനാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ ബസ് ചാര്‍ജ് വര്‍ധിപ്പിച്ച നടപടി റദ്ദാകുന്നതായും മുഖ്യമന്ത്രി അറിയിച്ചു.

യാത്രക്കാര്‍ മാസ്‌ക്ക് ധരിക്കണം. ബസിന്റെ വാതിലിനരികില്‍ സാനിറ്റൈസര്‍ ഉണ്ടാകണമെന്നും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കണം സര്‍വീസ് നടത്തേണ്ടതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കാറില്‍ ഡ്രൈവര്‍ക്കു പുറമേ മൂന്നു പേര്‍ക്കും ഓട്ടോയില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്കും യാത്ര ചെയ്യാം. ആരാധാനാലയങ്ങളിലെ ആള്‍ക്കൂട്ട നിയന്ത്രണം മത പുരോഹിതരുമായി ചര്‍ച്ച ചെയ്യും. സംഘം ചേരല്‍ അനുവദിക്കില്ല. വിദ്യാലയങ്ങള്‍ ജൂലൈയിലോ പിന്നീടോ തുറക്കും. അമിത ഫീസും ഫീസടക്കാത്ത രക്ഷിതാക്കള്‍ക്ക് പിഴയും ഈടാക്കുന്ന സ്‌കൂളുകള്‍ക്കെതിരെ വിദ്യാഭ്യാസ വകുപ്പ് നടപടിയെടുക്കും. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിലും മാളുകള്‍ തുറക്കുന്നതിലും തീരുമാനം പിന്നീട് അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights: Bus fare hike withdrawn

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top