മഴക്കാല മുന്നൊരുക്കം: സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളുടെ പ്രവര്‍ത്തനം പൂര്‍ണതോതില്‍ പുനഃരാരംഭിക്കുന്നതിനുള്ള സമഗ്ര പദ്ധതി തയാറാക്കും

മഴക്കാലം തുടങ്ങുന്നതിനാല്‍ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളുടെ പ്രവര്‍ത്തനം പൂര്‍ണതോതില്‍ പുനഃരാരംഭിക്കുന്നതിനുള്ള സമഗ്രമായ പദ്ധതി തയാറാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വകാര്യ മേഖലയെ ഫലപ്രദമായി ഉപയോഗിക്കും. കൊവിഡ് ഇതര രോഗങ്ങളുടെ ചികിത്സ ഉറപ്പാക്കും. മെഡിക്കല്‍ കോളജുകളില്‍ രോഗികള്‍ കൂടുതലായി എത്തി തുടങ്ങിയിട്ടുണ്ട്, മെഡിക്കല്‍ കോളജ്, ഹെല്‍ത്ത് സര്‍വീസസിന്റെ കീഴിലുള്ള ആശുപത്രികളില്‍ ചികിത്സ കഴിയുന്നതും പഴയ തരത്തില്‍ പുനഃസ്ഥാപിക്കുന്നതിനുള്ള ചര്‍ച്ചകള്‍ പലതലങ്ങളിലായി നടക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
പുതുതായി രോഗവുമായി എത്തുന്നവര്‍, നേരത്തെ രോഗമുള്ളവരുടെ പുനഃപരിശോധന അടിയന്തര ചികിത്സ ആവശ്യമുള്ളവര്‍, ഡയാലിസ്, ആഞ്ചിയോപ്ലാസ്റ്റി തുടങ്ങിയ മാറ്റിവച്ച ചികിത്സകള്‍ തുടങ്ങി പരിചരണം ആവശ്യമുള്ള പല വിഭാഗത്തില്‍ പെട്ടവരുണ്ട്. ടെലിമെഡിസിന്‍ പദ്ധതി കുറവുകള്‍ പരിഹരിച്ച് കൂടുതല്‍ വ്യാപിപ്പിക്കും. ഫോണ്‍/നെറ്റ് കണ്‍സള്‍ട്ടേഷന്‍ റിസര്‍വേഷന്‍ കൂടുതല്‍ ആരോഗ്യ സ്ഥാപനങ്ങളില്‍ ആരംഭിക്കും. സ്വകാര്യ മേഖലയുമായി ചേര്‍ന്ന് താഴെതട്ടില്‍ മൊബൈല്‍ ക്ലിനിക്കുകള്‍ സ്ഥാപിക്കും. സര്‍ക്കാര്‍ സ്വകാര്യ മേഖലകളിലെ ചികിത്സാ കൂടുതലായി ലഭ്യമാക്കുന്നതിനുള്ള വിശദമായ കര്‍മ പരിപാടിയും നിര്‍ദ്ദേശങ്ങളും തയാറാക്കേണ്ടതാണ്.
വിദേശത്ത് നിന്നും കൂടുതല്‍ പേര്‍ എത്തി തുടങ്ങിയതോടെ കൊവിഡ് മരണനിരക്കില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. മെയ് നാലിന് മൂന്ന് പേരാണ് മരണപ്പെട്ടിരുന്നതെങ്കില്‍ ഇപ്പോഴത് 10 ആയി വര്‍ധിച്ചിട്ടുണ്ട്. ഇതില്‍ അമിതമായ ആശങ്കപ്പെടേണ്ടതില്ല. പ്രായാധിക്യമുള്ളവര്‍ക്കും ഗുരുതരമായ രോഗമുള്ളവര്‍ക്കും വിദേശത്ത് നിന്നും വരുന്നതില്‍ മുന്‍ഗണന നല്‍കിയിട്ടുണ്ട്. ഇവര്‍ രോഗബാധിതരായി എത്തുന്നത് കൊണ്ടാണ് മരണനിരക്ക് വര്‍ധിക്കുന്നത്. എന്നാല്‍ രോഗികളുടെ എണ്ണം വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ സംരക്ഷണ സമ്പര്‍ക്ക് വിലക്ക് കൂടുതല്‍ ശക്തമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Story Highlights: Comprehensive plan for government and private hospitals
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here