Advertisement

ജോർജ് ഫ്ളോയിഡിന്റെ കൊലപാതകം: വൈറ്റ് ഹൗസിന് സമീപം തീയിട്ടു; ട്രംപിനെ മാറ്റി

June 1, 2020
Google News 1 minute Read

അമേരിക്കയിൽ പൊലീസുകാരൻ കൊലപ്പെടുത്തിയ ജോർജ് ഫ്ളോയിഡിന്റെ മരണത്തിൽ പ്രതിഷേധം കനക്കുന്നു. വൈറ്റ് ഹൗസിന് സമീപത്തെ കെട്ടിടങ്ങൾക്ക് പ്രതിഷേധക്കാർ തീയിട്ടു. ദേശീയ പതാകയും ട്രാഫിക് ബാരിക്കേഡുകളും കൂട്ടിയിട്ട് കത്തിച്ചു. അപകട സാധ്യത മുന്നിൽ കണ്ട് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ഭൂ​ഗർഭ മുറിയിലേക്ക് മാറ്റിയതായി വൈറ്റ് ഹൗസ് ഉദ്യോ​ഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.

വൈറ്റ്ഹൗസിലെ ഭൂഗര്‍ഭ ബങ്കറില്‍ ഒരു മണിക്കൂര്‍ സമയം മാത്രമേ ട്രംപ് ചിലവഴിച്ചിട്ടുള്ളൂ എന്നാണ് വിവരം. വെള്ളിയാഴ്ച രാത്രി വൈറ്റ്ഹൗസിലേക്ക് ഇരച്ചുകയറാന്‍ ശ്രമിച്ച നൂറുകണക്കിന് പ്രതിഷേധക്കാരെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും പൊലീസും ചേർന്ന് തടഞ്ഞിരുന്നു.

ജോർജ് ഫ്ളോയിഡിന്റെ മരണത്തിൽ പ്രതിഷേധം കനത്തതോടെ രാജ്യത്തെ 40 നഗരങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. വാഷിങ്ടണ്‍ ഡി.സി. ഉള്‍പ്പെടെ 15 സംസ്ഥാനങ്ങളില്‍ നാഷനല്‍ ഗാര്‍ഡ്സിനെ തയാറാക്കി നിര്‍ത്തി. അരിസോണയിലും ബെവര്‍ലി ഹില്‍സിലും പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടി. അതിനിടെ പ്രതിഷേധക്കാർക്കിടയിലേക്ക് പൊലീസ് വാഹനം ഇടിച്ചു കയറ്റിയതും വാർത്തയായി.

കഴിഞ്ഞ തിങ്കളാഴ്ചയാണ് ജോർജ് ഫ്ളോയിഡ് കൊല്ലപ്പെടുന്നത്. ജോർജിന്റെ കഴുത്തിൽ കാൽമുട്ട് അമർത്തിയായിരുന്നു കൊലപാതകം. നാല് പൊലീസുകാർ ചേർന്ന് അറസ്റ്റ് ചെയ്തതിന് ശേഷമാണ് ജോർജിനെ ഇപ്രകാരം കൈകാര്യം ചെയ്തത്. ഷർട്ട് അഴിച്ച് മാറ്റുകയും റോഡിൽ കമിഴ്ത്തി കിടത്തുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് അമേരിക്കയിൽ പ്രതിഷേധം ഇരമ്പിയത്.

story highlights- donald trump, white house, george floyd

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here