ഭിന്നശേഷിക്കാരനായ കർഷകന്റെ മത്സ്യങ്ങളെ മോഷ്ടിച്ചവർക്ക് എതിരെ ശക്തമായ നടപടി: മേഴ്‌സിക്കുട്ടിയമ്മ

ആലപ്പുഴ തുറവൂരിൽ ഭിന്നശേഷിക്കാരനായ മത്സ്യ കർഷകന്റെ മത്സ്യ സമ്പത്ത് മോഷ്ടിച്ചവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. വളർത്തു മത്സ്യങ്ങളെ അനധികൃതമായി പിടിക്കുന്നത് കയ്യേറ്റത്തിന് സമാനമായ കുറ്റമാണെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ പ്രതികരണം 24 വാർത്തയുടെ അടിസ്ഥാനത്തിലാണ്.
കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് സ്ത്രീകളടങ്ങുന്ന 100 അംഗ സംഘം തുറവൂരിലെ ഭിന്നശേഷിക്കാരനായ മത്സ്യ കർഷകന്റെ മത്സ്യ സമ്പത്ത് മുഴുവൻ അപഹരിച്ചത്. 12 ലക്ഷം രൂപയുടെ നഷ്ടമാണ് മൈക്കിൾ എന്ന കർഷകന് ഉണ്ടായത്. കഴിഞ്ഞ ദിവസം 24 ഈ വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്നാണ് മത്സ്യം അപഹരിച്ചവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ജെ മേഴ്സികുട്ടിയമ്മ വ്യക്തമാക്കിയത്. ഈ അന്യായം കൈയേറ്റത്തിന് തുല്യമാണെന്നും മന്ത്രി പറഞ്ഞു. സംഭവത്തിൽ കണ്ടാൽ അറിയാവുന്ന 100 പേർക്ക് എതിരേ പൊലീസ് കേസ് എടുത്തിട്ടുണ്ട്.
Read Also: തുറവൂരിൽ ഭിന്നശേഷിക്കാരന്റെ മത്സ്യ കൃഷി നാട്ടുകാർ കൊള്ളയടിച്ചതായി പരാതി; നഷ്ടം 12 ലക്ഷം രൂപ
കണ്ണമ്മാലി സ്വദേശിയായ മൈക്കിൾ സർക്കാർ സഹായത്തിൽ നടത്തിവന്നിരുന്ന മത്സ്യകൃഷിയാണ് സ്ത്രീകൾ ഉൾപ്പെടെയുള്ള നൂറോളം ആളുകൾ ചേർന്ന് കൊള്ളയടിച്ചത്. 12 ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് തനിക്കുണ്ടായതെന്ന് മൈക്കിൾ പറഞ്ഞിരുന്നു. 90 ശതമാനം ഭിന്നശേഷിയുള്ള ആളാണ് മൈക്കിൾ.
ഈ മാസം 20ാം തിയതി രാവിലെ ആറു മണിക്കാണ് കൊള്ള നടന്നതെന്ന് മൈക്കിൾ പറയുന്നു. രാവിലെ ആറുമണിക്ക് സ്ത്രീകളടങ്ങുന്ന സംഘം എത്തി. ആദ്യം അടുത്തുള്ള പാടത്തിലാണ് അവർ കയറിയത്. പിന്നീട്, ഇപ്പുറത്തേക്ക് വരാൻ തുടങ്ങിയപ്പോൾ അരുതെന്ന് അഭ്യർത്ഥിച്ചു. ഭിന്നശേഷിക്കാരനാണെന്നും ഒരു മീൻ പോലും താൻ ഇതുവരെ അതിൽ നിന്ന് പിടിച്ചിട്ടില്ലെന്നും പറഞ്ഞെങ്കിലും നാട്ടുകാർ ചെവിക്കൊണ്ടില്ല. ഇതൊക്കെ ഞങ്ങളുടെ അവകാശമാണെന്നു പറഞ്ഞ് തന്നെ തള്ളിയിട്ടിട്ട് അവർ പാടത്തേക്കിറങ്ങി മീൻ പിടിക്കുകയായിരുന്നു എന്നും മൈക്കിൾ പറഞ്ഞിരുന്നു.
farmer, differently abled, j mercykuttiamma
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here