തുറവൂരിൽ ഭിന്നശേഷിക്കാരന്റെ മത്സ്യ കൃഷി നാട്ടുകാർ കൊള്ളയടിച്ചതായി പരാതി; നഷ്ടം 12 ലക്ഷം രൂപ

തുറവൂർ വളമംഗലത്ത് ഭിന്നശേഷിക്കാരന്റെ മത്സ്യ കൃഷി നാട്ടുകാർ കൊള്ളയടിച്ചതായി പരാതി. കണ്ണമ്മാലി സ്വദേശിയായ മൈക്കിൾ സർക്കാർ സഹായത്തിൽ നടത്തിവന്നിരുന്ന മത്സ്യകൃഷിയാണ് സ്ത്രീകൾ ഉൾപ്പെടെയുള്ള നൂറോളം ആളുകൾ ചേർന്ന് കൊള്ളയടിച്ചത്. 12 ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് തനിക്കുണ്ടായതെന്ന് മൈക്കിൾ പറയുന്നു. 90 ശതമാനം ഭിന്നശേഷിയുള്ള ആളാണ് മൈക്കിൾ.
20ആം തിയതി രാവിലെ ആറു മണിക്കാണ് കൊള്ള നടന്നതെന്ന് മൈക്കിൾ പറയുന്നു. രാവിലെ ആറുമണിക്ക് സ്ത്രീകളടങ്ങുന്ന സംഘം എത്തി. ആദ്യം അടുത്തുള്ള പാടത്തിലാണ് അവർ കയറിയത്. പിന്നീട്, ഇപ്പുറത്തേക്ക് വരാൻ തുടങ്ങിയപ്പോൾ അരുതെന്ന് അഭ്യർത്ഥിച്ചു. ഭിന്നശേഷിക്കാരനാണെന്നും ഒരു മീൻ പോലും താൻ ഇതുവരെ അതിൽ നിന്ന് പിടിച്ചിട്ടില്ലെന്നും പറഞ്ഞെങ്കിലും നാട്ടുകാർ ചെവിക്കൊണ്ടില്ല. ഇതൊക്കെ ഞങ്ങളുടെ അവകാശമാണെന്നു പറഞ്ഞ് തന്നെ തള്ളിയിട്ടിട്ട് അവർ പാടത്തേക്കിറങ്ങി മീൻ പിടിക്കുകയായിരുന്നു എന്ന് മൈക്കിൾ പറയുന്നു.
Read Also: റിമാൻഡ് ചെയ്ത പ്രതിക്ക് കൊവിഡ്; പൊലീസുകാർ നിരീക്ഷണത്തിൽ
രണ്ട് വർഷം മുൻപാണ് മൈക്കിൾ ഈ പാടം എടുത്തത്. ആദ്യ വർഷം കൃഷി അത്ര ശരിയായില്ല. രണ്ടാം വർഷമാണ് അത് കൃഷി ശരിയായത്. തിലാപ്പിയ ആയിരുന്നു കൃഷി ചെയ്തിരുന്നത്. കൊറോണ ആയതു കൊണ്ട് പിടിക്കാൻ സാധിച്ചില്ല. മാത്രമല്ല, തിലാപ്പിയ ശുദ്ധജല മത്സ്യമായതു കൊണ്ട് തന്നെ അല്പം കാത്തിരിക്കേണ്ടിയിരുന്നു. അങ്ങനെയാണെങ്കിലേ മീനുകൾ വലുതാവൂ.- മൈക്കിൾ പറയുന്നു.
ലോക്ക്ഡൗൺ തുടങ്ങിയതിനു ശേഷം കഞ്ഞി കുടിച്ചാണ് താൻ കഴിഞ്ഞിരുന്നത്. അച്ചാറായിരുന്നു കറി. തൻ്റെ രണ്ട് വർഷത്തെ അധ്വാനമാണ് അവർ കൊണ്ടുപോയത്. ഭാര്യയും രണ്ട് മക്കളും അമ്മയുമുണ്ട് തനിക്ക്. താൻ പണിയെടുത്താലേ കുടുംബം ഭക്ഷണം കഴിക്കൂ. വാഹനാപകടത്തിൽ കൈ തളർന്നു പോയതാണ്. അതിൽ നിന്ന് ലഭിച്ച നഷ്ടപരിഹാരവും ചിട്ടിയും ഭാര്യയുടെ ആഭരണം പണയം വെച്ച തുകയുമൊക്കെ ചേർത്താണ് ഈ കൃഷി തുടങ്ങിയത്. പക്ഷേ, അവർ തന്നെ തളർത്തു കളഞ്ഞു എന്നും മൈക്കിൾ പറയുന്നു.
Story Highlights: Mob looted fish from specially abled farmer
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here