Advertisement

കൊവിഡ് പ്രതിരോധത്തില്‍ സംസ്ഥാനം ലോകനിലവാരം പുലര്‍ത്തി; ഉറവിടമറിയാത്ത 30 കേസുകള്‍ സമൂഹ വ്യാപനമല്ല: മുഖ്യമന്ത്രി

June 1, 2020
Google News 2 minutes Read
pinarayi vijayan

കേരളത്തിന്റെ കൊവിഡ് മഹാമാരിയെക്കുറിച്ച് പരിശോധിക്കുമ്പോള്‍ പ്രഥമ പരിഗണനയില്‍ വരേണ്ടത് നാം സ്വീകരിച്ച പ്രതിരോധ മാര്‍ഗത്തിന്റെ പ്രത്യേകതയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മിക്ക പാശ്ചാത്യ രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി പൊതു ആരോഗ്യ സംവിധാനത്തിന് ഊന്നല്‍ നല്‍കുന്നതാണ് നമ്മുടെ പ്രതിരോധ പദ്ധതി. ഇതിന് ട്രെയിസ്, ക്വാറന്റീന്‍, ടെസ്റ്റ്, ഐസൊലേറ്റ്, ട്രീറ്റ് എന്നീ അഞ്ച് ഘടകങ്ങളാണുള്ളത്. രോഗം രൂക്ഷമായി പടര്‍ന്ന് പിടിച്ച മിക്കയിടങ്ങളിലും ട്രെയിസ്, ക്വാറന്റീന്‍ എന്ന ആദ്യത്തെ രണ്ട് ഘട്ടങ്ങള്‍ ഒഴിവാക്കിയിരുന്നു. അവര്‍ ടെസ്റ്റിംഗിലും ട്രീറ്റ്‌മെന്റിലും മാത്രമാണ് ഊന്നല്‍ നല്‍കിയത്. അതിനാല്‍ രോഗം പടരുന്നത് തടയാന്‍ സാധിച്ചില്ല. രോഗവ്യാപനം വലിയ തോതില്‍ തടഞ്ഞ് നിര്‍ത്താന്‍ കേരളത്തിന് സാധിച്ചത് ഇത്തരത്തിലുള്ള ഇടപെടല്‍ കൊണ്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

കേരളത്തിന്റെ ഏറ്റവും വലിയ ശക്തി വികേന്ദ്രീകൃതമായ പൊതുജനാരോഗ്യ സംവിധാനം തന്നെയാണ്. കൊവിഡ് 19 രോഗത്തിന്റെ കേരളത്തിന്റെ ബേസിക് റീ പ്രൊഡക്ടീവ് നമ്പര്‍ പരിശോധിച്ചാല്‍ നമ്മുടെ പ്രവര്‍ത്തനത്തിന്റെ മികവ് മനസിലാക്കാനാകും. ഒരു രോഗിയില്‍ നിന്ന് എത്രയാളുകളിലേക്ക് രോഗം പകരുന്ന എന്നതാണ് ബേസിക് റീ പ്രൊഡക്ടീവ് നമ്പര്‍.

കൊറോണയുടെ കാര്യത്തില്‍ മൂന്നാണ് ലോക തലത്തില്‍ ശരാശരീ റീ പ്രൊഡക്ടീവ് നമ്പര്‍. അതായത് ഒരാളില്‍ നിന്ന് മൂന്നുപേരിലേക്ക് കൊവിഡ് പകരുന്നു എന്ന് കണക്കാക്കപ്പെടുന്നു. കേരളത്തില്‍ ആദ്യത്തെ മൂന്ന് കേസുകള്‍ വുഹാനില്‍ നിന്നാണ് എത്തിയത്. അപ്പോള്‍ അവരില്‍ നിന്ന് ഒരാളിലേക്ക് പോലും രോഗം പകരാതെ നോക്കാന്‍ നമുക്ക് സാധിച്ചു. ഇന്ത്യയില്‍ കൊറോണ വൈറസ് പടരാന്‍ സാധ്യതയുണ്ടെന്ന് ജനുവരി 18 നാണ് ലോകാരോഗ്യ സംഘടന പറഞ്ഞത്. 19 ന് തന്നെ സംസ്ഥാന സര്‍ക്കാര്‍ അത് സംബന്ധിച്ച് ഓര്‍ഡര്‍ ഇറക്കി. 21 ന് തന്നെ സ്‌ക്രീനിംഗിന്റെയും ടെസ്റ്റിംഗിന്റെയും മാനദണ്ഡങ്ങള്‍ തീരുമാനിച്ചു. 26 ന് കേരളത്തില്‍ ആദ്യ കേസ് രേഖപ്പെടുത്തി. ആ സമയത്ത് തന്നെ നാം രോഗ വ്യാപനം തടയാനുള്ള സംവിധാനം ഏര്‍പ്പെടുത്തി. പിന്നീട് അടുത്ത ഘട്ടങ്ങളില്‍ കേരളത്തിലെ ആക്ടീവ് കൊവിഡ് കേസുകളില്‍ 75 ശതമാനം പുറത്തുനിന്ന് വന്ന കേസുകളും 25 ശതമാനം സമ്പര്‍ക്കം മൂലം ഉണ്ടായതുമാണ്. ഈ സാഹചര്യത്തില്‍ കേരളത്തില്‍ രോഗത്തിന്റെ ബേസിക് റീ പ്രൊഡക്ടീവ് നമ്പര്‍ 0.45 ആക്കി നിലനിര്‍ത്താന്‍ സാധിച്ചു. ലോക ശരാശരി മൂന്ന് ആയിരിക്കെയാണ് ഇത്. ലോകത്ത് വളരെ കുറച്ച് രാജ്യങ്ങള്‍ക്കെ ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചിട്ടുള്ളു.

Read More: സംസ്ഥാനത്ത് ഇന്ന് 57 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 18 പേര്‍ രോഗമുക്തരായി

മറിച്ചായിരുന്നു അവസ്ഥയെങ്കില്‍ എന്താകും സ്ഥിതിയെന്ന് നോക്കാം, കൊവിഡ് 19 ന്റെ സീരിയല്‍ ഇന്റര്‍വെല്‍ ശരാശരി അഞ്ച് ദിവസമാണ്. അതായത് രോഗം ബാധിച്ച് കഴിഞ്ഞാല്‍ മറ്റൊരാളിലേക്ക് പടര്‍ത്താന്‍ വേണ്ട സമയം. കേരളത്തിലെ ബേസിക് റീ പ്രൊഡക്ടീവ് നമ്പര്‍ മൂന്ന് ആണെന്ന് സങ്കല്‍പിച്ചാല്‍ നിലവിലുള്ള 670 ആക്ടീവ് കേസുകള്‍ രണ്ടാഴ്ചകൊണ്ട് ഏതാണ് 25,000 ആകുമായിരുന്നു. ശരാശരി മരണനിരക്ക് ഒരു ശതമാനം എടുത്താല്‍ തന്നെ മരണസംഖ്യ 250 കവിയുകയും ചെയ്യും. എന്നാല്‍ കേരളത്തില്‍ അതല്ല സംഭവിച്ചത്. അതിന് കാരണം രോഗവ്യാപനം തടയാന്‍ വേണ്ട ട്രെയിസിംഗും ക്വറന്റീനും ഫലപ്രദമായി നടപ്പാക്കാന്‍ സാധിച്ചതാണ്.

Read More: ഹാളുകളില്‍ 50 പേരെ മാത്രം പങ്കെടുപ്പിച്ച് വിവാഹ ചടങ്ങുകള്‍ക്ക് അനുമതി; സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ ഇളവുകള്‍ ഇങ്ങനെ

രു വലിയ വിപത്തിനെ ഇങ്ങനെയാണ് ഇത്രയും നാള്‍ തടഞ്ഞുനിര്‍ത്തിയത്. അതുകൊണ്ടുതന്നെ ഹോം ക്വാറന്റീനും കോണ്ടാക്ട് ട്രെയിസിംഗും കൂടുതല്‍ ശക്തമായി മുന്നോട്ട് കൊണ്ടുപോകും. എപ്പിഡമോളജിക്കല്‍ ലിങ്കേജ് അഥവ കേസുകളുടെ ഉത്ഭവം എവിടെനിന്ന് എന്ന് കണ്ടെത്താനാവാത്ത കുറെ കേസുകള്‍ ഒരെസ്ഥലത്ത് കണ്ടെത്തുമ്പോഴാണ് സമൂഹ വ്യാപനം ഉണ്ടായെന്ന് കണക്കാക്കുക. കേരളത്തില്‍ ഇത്തരം പത്ത് മുപ്പത് കേസുകള്‍ കണ്ടെത്തിയില്ലേ എന്ന് ചിലര്‍ ചോദിക്കുന്നുണ്ട്. അത് സമൂഹ വ്യാപനത്തിന്റെ ലക്ഷണമല്ലേ എന്ന് ഉന്നയിക്കപ്പെട്ടേക്കാം. ഉത്ഭവം അറിയാത്ത ഈ 30 കേസുകളും സമൂഹ വ്യാപനം അല്ല. എത്രെയാക്കെ ശ്രമിച്ചാലും ഒരു വ്യക്തിയെ സംബന്ധിച്ച് രണ്ടാഴ്ചക്കാലത്ത് അയാളുമായി ബന്ധപ്പെട്ട എല്ലാ മനുഷ്യരെയും പൂര്‍ണമായും ഓര്‍മിച്ചെടുക്കാനാവില്ല. അതുകൊണ്ട് റൂട്ട്മാപ്പില്‍ കുറച്ചുപേരെങ്കിലും ലിങ്ക് ചെയ്യപ്പെടാതെ പോയേക്കാം. അത്തരത്തില്‍ ഒരാള്‍ക്ക് രോഗം ബാധിച്ചാല്‍ എപ്പിഡമോളജിക്കല്‍ ലിങ്ക് ഇല്ലെന്ന് തന്നെ പറയേണ്ടിവരും.

എന്നാല്‍ അത് സമൂഹ വ്യാപനത്തിന്റെ ലക്ഷണമായി ഉറപ്പിക്കാനാവില്ല. അടുത്ത പടിയായി അവിടെ അത്തരം സംഭവങ്ങള്‍ കൂടുതലായി ഉണ്ടോയെന്ന് പരിശോധിക്കുകയും ചെയ്യും. ഇത്തരം കേസുകളുടെ ഒരു കൂട്ടം കേരളത്തില്‍ ഒരു പ്രത്യേക സ്ഥലത്തും ഉണ്ടായിട്ടില്ലെന്ന് പരിശോധിച്ച് ഉറപ്പാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത് സമൂഹവ്യാപനത്തില്‍ ഉള്‍പ്പെടുത്താനാവില്ല. ഈ ഒറ്റപ്പെട്ട 30 കേസുകളിലും കഴിഞ്ഞ 14 ദിവസം അവര്‍ ബന്ധപ്പെട്ടവരില്‍ രോഗിയോ രോഗിയുടെ പ്രൈമറി കോണ്ടാക്ടില്‍ ഉള്ളവരോ ഉണ്ടോ എന്ന് അറിയാത്തതുകൊണ്ട് തന്നെ അവര്‍ സെക്കന്‍ഡറി കോണ്ടാക്ട് ആയി മാറുകയാണ് ചെയ്യുന്നത്. അല്ലാതെ അവര്‍ സമൂഹ വ്യാപനത്തിലേക്ക് പോയിട്ടില്ല. ഇത് കൊവിഡ് 19 ന്റെ മാത്രം പ്രത്യേകതയാണ്. മറ്റ് ചില പകര്‍ച്ചവ്യാധികളില്‍ ഇങ്ങനെയല്ല. ഒരു കേസ് ഉണ്ടായാല്‍ തന്നെ സമൂഹ വ്യാപനമായി കണക്കാക്കാറുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights: state is world class in Covid resistance

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here